Flash News

6/recent/ticker-posts

വിവാദങ്ങള്‍ പഴങ്കഥ; ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

Views

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത വിഷയത്തില്‍ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സര്‍ക്കാര്‍. പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കല്‍ ബിഡ് തുറക്കാനുള്ള നടപടി തുടങ്ങി.  ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. പുതിയ ഹെലികോപ്റ്റര്‍ മൂന്നുവര്‍ഷത്തേക്ക് വാടകയ്ക്കെടുക്കാനാണ് ആലോചന.

ആറു യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്ടറാണ് വാടകയ്ക്ക് എടുക്കുന്നത്. വി.ഐ.പി. സുരക്ഷാ മാനദണ്ഡങ്ങളും എയര്‍ആംബുലന്‍സ് സജ്ജീകരണവുമള്ള ഹെലികോപ്ടറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തിലാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.


നേരത്തെ പവന്‍ഹാന്‍സ് കമ്പനിയില്‍ നിന്ന് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത് ധൂര്‍ത്തും അനാവശ്യ ചിലവുമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങള്‍ അടങ്ങുന്നതിന് മുന്നെയാണ് അടുത്ത വിവാദത്തിന് തിരികൊളുത്തി വീണ്ടും ഹെലികോപ്റ്റര്‍ വാടയ്ക്ക് എടുക്കുന്നത്. പവന്‍ഹാന്‍സ് ഹെലികോപ്ടറിന്റെ കരാര്‍ കാലാവധി അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് അടുത്ത ടെന്‍ഡര്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ടെന്‍ഡര്‍ വിളിക്കാതെയായിരുന്നു പഴയ ഇടപാട്. കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയര്‍ന്ന നിരക്കു പറഞ്ഞ പവന്‍ഹാന്‍സ് കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്സണ്‍ ഏവിയേഷന്‍ ഇതേ തുകയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകള്‍ വാടകയ്ക്കു നല്‍കാമെന്ന് അറിയിച്ചിരുന്ന കാര്യം പുറത്തുവന്നതും വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

കോവിഡ് പ്രതിസന്ധിക്കിടെയാണ് പതിനൊന്ന് സീറ്റുളളള ഇരട്ട എന്‍ജിന്‍ കോപ്ടര്‍ വാടകയ്്ക്ക് എടുത്തത് കഴിഞ്ഞ തവണ വിവാദമായത്. ഇരുപത് മണിക്കൂര്‍ പറത്തന്‍ 1.44 കോടി രൂപയും കൂടുതലായാല്‍ മണിക്കൂറിന് 67000രൂപ നിരക്കിലുമായിരുന്നു അന്നത്തെ കരാര്‍. ഒരു വര്‍ഷം കൊണ്ട് 22.21 കോടി രൂപ പവന്‍ഹാന്‍സിന് വാടക നല്‍കിയതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ മാത്രം 56.72 ലക്ഷം ചെലവഴിച്ചു.

എന്നാല്‍ ഇതനുസരിച്ചുള്ള ഉപയോഗം ഉണ്ടായിട്ടുള്ളതായി വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നില്ല. മാവോയിസ്റ്റ്നീരീക്ഷണം, പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹെലികോപ്ടര്‍ വാടകയ്ക്ക എടുത്തിരുന്നത്.  എന്നാല്‍ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിന്റെ ഉപയോഗം നടന്നിട്ടില്ല. കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നല്‍കി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കിയത് 85 ലക്ഷം രൂപ മാത്രമാണെന്ന വിവരങ്ങളും വിവാദങ്ങള്‍ കൊഴുപ്പിച്ചു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഹെലികോപ്ടര്‍ അനാവശ്യ ചെലവാണെന്ന അഭിപ്രായം നിലനില്‍ക്കെയാണ് ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.


Post a Comment

0 Comments