Flash News

6/recent/ticker-posts

ജോലി സമയങ്ങളിൽ യൂണിഫോം നിർബന്ധം :പോലീസിന് നിർദ്ദേശവുമായി ഹൈക്കോടതി.

Views

കൊച്ചി: ജോലി സമയങ്ങളിൽ പോലീസ് നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നാല് മാസത്തിനകം ഇക്കാര്യത്തിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.

വാഹന പരിശോധനയ്‌ക്കിടെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് തൃശ്ശൂർ സ്വദേശിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഗുരുവായൂർ പോലീസാണ് തൃശ്ശൂർ പൂവത്തൂർ സ്വദേശി അവിനാശിനെതിരെ കേസെടുത്തത്. 2014ൽ ഉണ്ടായ ഒരു കേസിന്റെ ഭാഗമായാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്.

പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യൂണിഫോം ധരിക്കാതെ എത്തിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു വാഹന പരിശോധന നടത്തിയത്. എന്നാൽ യൂണിഫോം ഇല്ലാത്തതുകൊണ്ട് അവിനാശിന് പോലീസിനെ തിരിച്ചറിയാനായില്ല. ഇയാളുടെ വണ്ടി നിർത്തിയതിന് പോലീസുകാരനോട് അവിനാശ് തട്ടിക്കയറി. തുടർന്നാണ് പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം നിന്നു എന്നാരോപിച്ച് അവിനാശിനെതിരെ കേസെടുത്തത്.

എന്നാൽ കേസിൽ അവിനാശ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അതിൽ ഉദ്യോഗസ്ഥൻ യൂണിഫോം ധരിക്കാതിരുന്നതിനാൽ പോലീസ് ആണെന്ന് മനസിലായില്ല എന്ന് അവിനാശ് പറയുന്നു. ഇതിന്റെ ഭാഗമായാണ് പോലീസുകാർക്ക് ജോലി സമയത്ത് യൂണിഫോം നിർബന്ധമാക്കി കോടതി ഉത്തരവിട്ടത്.


Post a Comment

0 Comments