Flash News

6/recent/ticker-posts

✒️കുറുപ്പ് റിവ്യൂ ❤

Views ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
        *📑✒️കുറുപ്പ് റിവ്യൂ ❤*
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

🎞️37 വർഷമായി മലയാളികൾക്ക് മുന്നിൽ നിഗൂഢതയുടെ പര്യായമായി നിലകൊള്ളുകയാണ് സുകുമാരക്കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീർച്ചയില്ലാത്ത കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ബാക്കിവയ്ക്കുന്ന സംശയങ്ങൾ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുൽഖർ ചിത്രം ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന രീതിയിലാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം ഒരുക്കിയിരിക്കുന്നത്.

🎞️ഒരുപാട് കഥകളും ഉപകഥകളും സംശയങ്ങളുമൊക്കെ അവശേഷിക്കുന്ന വിശാലമായ പ്ലോട്ടാണ് സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയെ ചുറ്റിപ്പറ്റിയുള്ളത്. ആ കഥകൾക്കും കേരള പൊലീസ് കണ്ടെത്തിയ തെളിവുകൾക്കും അകത്തു നിന്ന് തന്നെയാണ് ‘കുറുപ്പി’ന്റെയും യാത്ര. എല്ലാവർക്കും പരിചിതമായ ഒരു കഥ സിനിമയാക്കുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതാണ് അണിയറപ്രവർത്തകർക്കു മുന്നിലെ പ്രധാന വെല്ലുവിളി. കഥ പറയുന്ന രീതി കൊണ്ടാണ് സംവിധായകൻ ഇവിടെ ആ വെല്ലുവിളിയെ മറികടന്നിരിക്കുന്നത്. പക്ക ഡോക്യുമെന്ററിയായി പോകാതെ ചിത്രത്തിനൊരു സിനിമാറ്റിക് അനുഭവം സമ്മാനിക്കാൻ ഈ കഥ പറച്ചിൽ രീതിയ്ക്ക് കഴിയുന്നുണ്ട്.

🎞️സർവീസിന്റെ നല്ലൊരു പങ്കും കുറുപ്പ് കേസിനു പിന്നാലെ ഓടിയ കൃഷ്ണദാസ് എന്ന പൊലീസ് ഓഫീസറുടെ വിരമിക്കൽ പാർട്ടിയിൽ നിന്നുമാണ് ‘കുറുപ്പി’ന്റെ കഥ സംവിധായകൻ പറഞ്ഞു തുടങ്ങുന്നത്. ഫ്ളാഷ്ബാക്കുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും പല കാലങ്ങളിലായി, പല കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിൽ നിന്നുമൊക്കെ കുറുപ്പിനെ അനാവരണം ചെയ്തെടുക്കുകയാണ്. ഓരോരുത്തർക്കും ആരായിരുന്നു കുറുപ്പ് എന്ന് പറഞ്ഞു വയ്ക്കുമ്പോൾ ‘എന്തായിരുന്നു കുറുപ്പ്? അയാൾക്കുള്ളിലെ ക്രിമിനൽ വളർന്നതെങ്ങനെ?’ എന്നതിനുള്ള ഉത്തരം പ്രേക്ഷകനും ലഭിക്കും.

🎞️കഥ പറച്ചിലിൽ ഇടയ്ക്ക് അൽപ്പം ഇഴച്ചിൽ അനുഭവപ്പെടുമെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. ചരിത്രത്തോട് നീതി പുലർത്തുന്നതിൽ കുറുപ്പിന്റെ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഒപ്പം അന്വേഷണവേളയിൽ കേരള പൊലീസും മറ്റും കണ്ടെത്തിയ ചില സാധ്യതകളിലേക്ക് കൂടി സംവിധായകനും കൂട്ടരും പ്രേക്ഷകരെ കൊണ്ടുപോവുന്നുണ്ട്.

🎞️സാഹസികതയോട് താൽപ്പര്യമുള്ള, ഉള്ളിന്റെയുള്ളിൽ ജന്മനാ തന്നെ സഹജമായ ക്രിമിനൽ വാസനയുള്ള കുറുപ്പിനെ കയ്യടക്കത്തോടെ തന്നെ ദുൽഖർ അവതരിപ്പിച്ചിട്ടുണ്ട്. കൃഷ്ണദാസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഇന്ദ്രജിത്തും പിള്ളയായെത്തുന്ന ഷൈൻ ടോം ചാക്കോയുമാണ് പ്രകടനം കൊണ്ട് ശ്രദ്ധ കവരുന്ന മറ്റു രണ്ടു പേർ. ‘മൂത്തോൻ’ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ചിത്രത്തിൽ കുറുപ്പിന്റെ ഭാര്യയായി എത്തുന്നത്. കഥാപാത്രത്തോട് നീതി പുലർത്തുന്ന പ്രകടനമാണ് ശോഭിത കാഴ്ചവയ്ക്കുന്നത്. വിജയരാഘവൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ബാലചന്ദ്രൻ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

🎞️സുഷീൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ സിനിമോറ്റോഗ്രാഫി, ബംഗ്ലാന്റെ കലാസംവിധാനവുമൊക്കെ ചിത്രത്തിനെ മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്. പൊയ്പ്പോയ ഒരു കാലഘട്ടത്തെ അതിന്റെ മിഴിവോടെയും തനിമയോടെയും പുനരാവിഷ്കരിക്കാൻ ബംഗ്ലാന് സാധിച്ചിരിക്കുന്നു. നിമിഷ് രവിയുടെ ക്യാമറ പകർത്തിയ കാഴ്ചകൾ നൊസ്റ്റാൾജിയ ഉണർത്തും.

🎞️തന്റെ പേരിലുള്ള ഇൻഷുറൻസ് പണം തട്ടാൻവേണ്ടി മാത്രമാണോ അത്തരമൊരു ക്രൈം കുറുപ്പ് ആസൂത്രണം ചെയ്തത്? സുകുമാരക്കുറുപ്പ് കേസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ ആർക്കും തോന്നിയേക്കാവുന്ന സംശയമാണത്. ആ വലിയ സംശയത്തിനു കൂടി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് ചിത്രം.

🎞️കോംപ്രമൈസ് ഇല്ലാത്ത നിർമാണമികവ്, ടെക്നിക്കൽ കാര്യങ്ങളിലെ പെർഫെക്ഷൻ, സിനിമോട്ടോഗ്രാഫിയുടെയും പശ്ചാത്തലസംഗീതത്തിന്റെയും മികവ്, അഭിനേതാക്കളുടെ മികവാർന്ന പ്രകടനം ഇവയെല്ലാം കൊണ്ടു തന്നെ നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കാൻ കുറുപ്പിനാവുന്നുണ്ട്.

🎞️ഈ ചിത്രം തീയറ്ററിൽ തന്നെ ഇറക്കണമെന്ന് ദുൽക്കർനോടും അണിയറ പ്രവർത്തകരോടും ആവിശ്യ പെട്ട മമ്മൂക്ക ക്ക്‌ ഇരിക്കട്ടെ നിറഞ്ഞ ഒരു കയ്യടി... 

_കുറുപ്പ്‌ - മൂന്ന് റിവ്യുകൾ_

___________________________________


_ഫിലിം റിവ്യു_

*സസ്‌പെൻസും ട്വിസ്റ്റുകളും നിറച്ച് ‘കുറുപ്പി’ന്റെ യാത്ര*

-അജിത് 
   
___________________________________


```വിവാദമായ യഥാർഥ സംഭവത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നത് പുലിവാല് പിടിച്ച പണിയാണ്. ‘കുറുപ്പി’ന്റെ അണിയറപ്രവർത്തകർക്കും സമാന അനുഭവമുണ്ടായി. അതിനാൽ യഥാർഥ കഥയിൽ സിനിമാറ്റിക്കായ സംഭവങ്ങളും കൂട്ടിച്ചേർത്ത കഥയാണ് വെള്ളിത്തിരയിലെ ‘കുറുപ്പ്’ പറയുന്നത്. പേരുകളിലും മാറ്റമുണ്ട്. കേസിലെ ഇരയായ കൊല്ലപ്പെട്ട വ്യക്തിയെ അവതരിപ്പിക്കുന്നത് മലയാളത്തിലെ മറ്റൊരു മുൻനിര നായകനടനാണ് എന്നതാണ് മറ്റൊരു സസ്പെൻസ്.```

*യഥാർഥ കഥ...*

```സുകുമാരക്കുറുപ്പ് കേസ് എന്ന പേരിൽ കുപ്രസിദ്ധി നേടിയ ചാക്കോ വധക്കേസിനെ കുറിച്ച് 'ഒരു പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ യശഃശരീരനായ ഡോ. ബി. ഉമാദത്തൻ വിവരിക്കുന്നുണ്ട്. കേരളത്തിലെ കുറ്റകൃത്യചരിത്രത്തിൽ അന്നോളം സമാനതകൾ ഇല്ലാത്ത സംഭവമായിരുന്നു അത്. ചിത്രത്തിന്റെ സസ്പെൻസ് പോകാതെതന്നെ അതൊന്ന് ചുരുക്കമായി പറയാം.

1984 ജനുവരി 22 ന് മാവേലിക്കരയ്ക്കടുത്ത് കുന്നം എന്ന സ്ഥലത്തുള്ള വയലിൽ കത്തിക്കരിഞ്ഞ കാറിനകത്ത് ഒരു മൃതദേഹം കാണപ്പെടുന്നു. ആ കാർ പ്രവാസിയായ സുകുമാരക്കുറുപ്പിന്റേതാണെന്ന് തിരിച്ചറിയുകയും മരിച്ചത് കുറുപ്പാണെന്ന് ഏവരും ധരിക്കുകയും ചെയ്യുന്നു. എന്നാൽ പോലീസിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും സംയുക്തമായ അന്വേഷണത്തിൽ മരിച്ചത് കുറുപ്പല്ലെന്ന് തെളിയുന്നു. ഒരു പ്രവാസിയുടെ ദാരുണമായ അപകടമരണമെന്ന് അടഞ്ഞുപോകുമായിരുന്ന കേസാണ് അവിശ്വസനീയമായ വഴിത്തിരിവുകളിലേക്ക് മാറിയത്. കുറുപ്പിന് 50 ലക്ഷത്തിൽപ്പരം രൂപയുടെ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും ഈ തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തിയ നാടകമാണ് ക്രൂരമായ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിനൊടുവിൽ വെളിപ്പെടുന്നു. പിടിക്കപ്പെട്ടുമെന്ന് ഉറപ്പായപ്പോൾ അപ്രത്യക്ഷനായ സുകുമാരക്കുറുപ്പിനെ പിടിക്കാൻ പിന്നെ പൊലീസിന് കഴിഞ്ഞില്ല. സംഘത്തിലെ മറ്റുള്ളവർ പിടിക്കപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌തെങ്കിലും സൂത്രധാരനായ സുകുമാരക്കുറുപ്പ് ഇന്നും പിടികിട്ടാപ്പുള്ളിയായി അവശേഷിക്കുന്നു.


ഒരു നാട്ടിൻപുറത്ത് നടന്ന ഈ കഥയെ വിശാലമായ ക്യാൻവാസിലേക്ക് മാറ്റി വിപുലമായ മാനങ്ങൾ നൽകി പുനരവതരിപ്പിക്കുകയാണ് കുറുപ്പ് എന്ന ചിത്രം.```

അഭിനയം...

```വളരെ എനർജറ്റിക്കായ അഭിനയമാണ് ചിത്രത്തിൽ ദുൽഖർ കാഴ്ചവയ്ക്കുന്നത്. ഇത്രയും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റെടുത്ത റിസ്ക് സമ്മതിച്ചു കൊടുക്കണം. കുറുപ്പിന്റെ ജീവിതം പറയുന്ന വിവിധ കാലയളവുകളിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ആദ്യ ചിത്രം സെക്കൻഡ് ഷോ മുതൽ തുടങ്ങിയ ദുൽഖർ- സണ്ണി വെയ്ൻ കെമിസ്ട്രി കുറുപ്പിലും വർക്ക്ഔട്ടാകുന്നുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയെ സജീവമാക്കുന്നതും ഇതാണ്. ഷൈൻ ടോം ചാക്കോയും ക്രൂരനായ തനിനാടൻ കഥാപാത്രത്തെ മികവുറ്റതാക്കുന്നു. ഇന്ദ്രജിത് അവതരിപ്പിച്ച പൊലീസ് കഥാപാത്രവും വളരെ മികച്ചു നിൽക്കുന്നുണ്ട്. ആദ്യം മുതൽ ഇരുത്തംവന്ന പ്രകടനമാണ് ഇന്ദ്രജിത്തിന്റെ കൃഷ്ണദാസ് എന്ന പൊലീസ് ഓഫിസർ കാഴ്ചവയ്ക്കുന്നത്. ചിത്രം അവസാനത്തോട് അടുക്കുമ്പോൾ ഈ കഥാപാത്രത്തിന്റെ വകയായി ഒരു സർപ്രൈസും സംവിധായകൻ കാത്തുവച്ചിട്ടുണ്ട്.```


സാങ്കേതികവശങ്ങൾ...

```കഴിവുള്ള ഒരുകൂട്ടം സാങ്കേതികപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഔട്പുട്ട് എന്നുവേണമെങ്കിൽ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.


പ്രേക്ഷകനെ പിടിച്ചിരുത്തുംവിധം കഥയെ അവതരിപ്പിക്കാനും സംവിധായകൻ കഴിഞ്ഞിട്ടുണ്ട്. കഥ നടക്കുന്ന കാലഘട്ടങ്ങളെ ഭംഗിയായി മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചുള്ള കഥപറച്ചിൽ ആസ്വാദനത്തിൽ മുഖ്യപങ്കു വഹിക്കുന്നു. ഗാനങ്ങൾ നിലവാരം പുലർത്തുന്നു. മാവേലിക്കരയ്ക്കടുത്ത് ചെറിയനാട്, മദ്രാസ്, മുംബൈ, അന്നത്തെ പേർഷ്യ എന്നിവിടങ്ങളിലായാണ് കുറുപ്പിന്റെ കഥ അരങ്ങേറുന്നത്. കഥ നടന്ന 1970- 80 കാലഘട്ടവും സ്ഥലങ്ങളും ഭംഗിയായി ചിത്രത്തിൽ പുനർസൃഷ്ടിച്ചിട്ടുണ്ട്. 

രത്നച്ചുരുക്കം..

ഡോ. ഉമാദത്തൻ, തന്റെ പുസ്തകത്തിൽ സുകുമാരക്കുറുപ്പ് കേസ് വിവരണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അബുദാബിയിൽ ഉയർന്ന ശമ്പളം വാങ്ങി സുഖജീവിതം നയിച്ചിരുന്ന കുറുപ്പിന്റെ അത്യാഗ്രഹം, തകർത്തത് ഒരു പാവപ്പെട്ട കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. ഒപ്പം അയാളുടെ കുടുംബവും ശിഥിലമായി. ആലപ്പുഴ വണ്ടാനത്തെത്തുമ്പോൾ സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് ഇന്നുകാണാം. അത്യാഗ്രഹത്തിന്റെ മൂകപ്രതീകമായി അതവിടെ നിൽക്കുന്നു'... 

ദുൽഖറിനെ പോലെ താരമൂല്യമുള്ള നടൻ, കുറുപ്പിനെ അവതരിപ്പിക്കുമ്പോൾ, ആ കഥാപാത്രത്തിന് ഒരു നായകപരിവേഷം ഇതിനോടകം ലഭിച്ചിട്ടുണ്ട്. സിനിമയിൽ താരം രംഗപ്രവേശം ചെയ്യുമ്പോഴൊക്കെയുള്ള തിയറ്ററുകളിലെ കയ്യടികളും ആർപ്പുവിളികളും അതിനുദാഹരണമാണ്. പ്രേക്ഷകർ മനസിലാക്കേണ്ടത് കുറുപ്പ് എന്ന സിനിമ ആഘോഷമാക്കുന്നതിൽ തെറ്റില്ല, പക്ഷേ സുകുമാരക്കുറുപ്പ് എന്ന വ്യക്തിയും അയാളുടെ ചെയ്തികളും ഒരിക്കലും ആഘോഷപ്പെടേണ്ടതല്ല.. ചുരുക്കത്തിൽ ‘കുറുപ്പ്’ എന്ന സിനിമ, മികച്ച അവതരണത്തിന്റെ ഒരു മോഡലാണ്. പക്ഷേ കുറുപ്പ് എന്ന മനുഷ്യൻ ഒരിക്കലും റോൾമോഡലാകാൻപാടില്ല ...```

________________________________

_ഫിലിം റിവ്യു_

*കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍*

അഞ്ജയ് ദാസ് എന്‍.ടി

__________________________________


   ```പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികൾക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ദുരൂഹതയുടെ യവനികയ്ക്കുള്ളിൽ മറഞ്ഞ് 37 വർഷങ്ങൾ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനിൽക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ ജീവിതത്തിലേക്കുള്ള കടന്നുചെല്ലലാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ ടൈറ്റിൽ റോളിലെത്തുന്ന 'കുറുപ്പ്'.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങൾ. ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ യഥാർത്ഥ ത്രില്ലർ ഘടകം. യഥാർത്ഥ സംഭവകഥ എന്നത് മാത്രമല്ല, എല്ലാവർക്കും അറിയുന്ന വ്യക്തിയും കഥയും എന്നതായിരിക്കാം സംവിധായകനും എഴുത്തുകാരനും നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ഒരുപക്ഷേ പ്രേക്ഷകനും. പക്ഷേ ആ ആശങ്കകളെയെല്ലാം കൃത്യമായ ചടുലതയോടെ കുറുപ്പ് മറി കടക്കുന്നുണ്ട്.


ത്രില്ലർ പാക്കേജ് എന്നു വിളിക്കാം കുറുപ്പിനെ. കൊലപാതകവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെയുള്ള കഥപറച്ചിലിനും ശ്രമിച്ചിട്ടുണ്ട്. കുറ്റവും പിന്നാലെയുള്ള അന്വേഷണവുമൊക്കെയായതിനാൽ അടിമുടി ദുരൂഹത നിറയ്ക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. കേരളം ഇന്നും ചർച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുൽഖർ നിറഞ്ഞാടുകയാണ് ചിത്രത്തിൽ. ഒരുപക്ഷേ മലയാള സിനിമയിൽ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളിൽ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ അക്കാദമിക് ജീവിതം കാണിക്കുന്നയിടത്തെ രൂപം മഹാനടിയിലെ ജമിനി ഗണേശനെ എവിടെയൊക്കെയോ ഓർമിപ്പിച്ചു. കുറുപ്പിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ വിഭിന്ന മാനസികനിലകളെ വിജയകരമായിത്തന്നെ ദുൽഖർ അവതരിപ്പിച്ചിട്ടുണ്ട്.

അധികം വളച്ചുകെട്ടലുകൾ ഇല്ലാതെ നേരിട്ട് കുറുപ്പിന്റെ ജീവിതത്തിലേക്ക് കടക്കുന്നുണ്ട് ചിത്രം. കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, ശാരദ എന്നിവരുടെഓർമകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. വിവിധ കഥാപാത്രങ്ങളുടെ ആംഗിളിൽ അവർക്ക് ആരായിരുന്നു കുറുപ്പ് എന്നാണ് ആദ്യപകുതി യിൽ പറയുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടർച്ചയെന്നോണം ആണ് ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രം കൂടുതൽ ചടുലമാവുന്നതും ഈ അവസരത്തിൽത്തന്നെ.

ചാക്കോയുടെ വരവോടെ രണ്ടാം പകുതിയിലാണ് ചിത്രം പൂർണമായും ത്രില്ലർ എന്ന രീതിയിലേക്ക് മാറുന്നത്. ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ കുറ്റാന്വേഷണ രീതികളും കുറുപ്പിന്റെ ഒളിച്ചോട്ടരീതികളുമാണ് ചിത്രത്തെ ഉദ്വേഗജനകമാവുന്നത്. ആദ്യ പകുതിയിലെന്ന പോലെ രണ്ടാംപകുതിയിലും കുറുപ്പിന്റെ വ്യത്യസ്ത രൂപഭാവങ്ങൾ. കുറുപ്പായി ദുൽഖർ അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുകയാണ് എന്ന് പറയാം.

ഡീറ്റെയിലിങ് ആണ് ചിത്രത്തിന്റെ എടുത്തുപറയാവുന്ന കാര്യം. 1960-കൾ തൊട്ട് രണ്ടായിരത്തിന്റെ മധ്യം വരെയുള്ള കാലഘട്ടം കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് ബോംബെയുടെ തെരുവുമതിലുകളിൽ ഒട്ടിക്കുന്ന പോസ്റ്ററിലെ ദുൽഖറിന്റെ ചിത്രം യഥാർത്ഥ കുറുപ്പുമായി ഏറെ സാദൃശ്യമുണ്ട്. വാഹനങ്ങളും വീടുകളും ബോംബെ പോർട്ടുമെല്ലാം ആ പഴയകാലത്തെ ഓർമിപ്പിക്കുന്നതാക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.

യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണെങ്കിലും ശരിക്കും നടന്ന കുറ്റകൃത്യത്തെ കഥാതന്തു മാത്രമെടുത്തുകൊണ്ട് പുതിയൊരു കഥയെന്നോണമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഗോപീകൃഷ്ണൻ അഥവാ സുധാകരക്കുറുപ്പാണ് ചിത്രത്തിലെ നായകൻ അല്ലെങ്കിൽ വില്ലൻ. യഥാർത്ഥ ജീവിതത്തിലെ അന്വേഷണോദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസിനെ കൃഷ്ണദാസ് ആക്കിയിട്ടുണ്ട്. ചാക്കോയെ ചാർളിയായും മാറ്റിയിരിക്കുന്നു. വൻസംഖ്യ വരുന്ന ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചാക്കോയുടേത് എന്നാണ് നമുക്ക് അറിയാവുന്നതെങ്കിൽ ഇതിലേക്ക് നയിച്ച ഘടകങ്ങളാണ് കുറുപ്പിലെ യഥാർത്ഥ സസ്പെൻസ്.

കോവിഡ് കാലമുണ്ടാക്കിയ നഷ്ടം നികത്താനെന്നോണമാണ് കുറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്. തകർന്നുപോയ മലയാള സിനിമക്ക് പിടിച്ചുകയറാനുള്ള കരുത്തുമായാണ് കുറുപ്പിന്റെ വരവെന്ന് നിസ്സംശയം പറയാം.```


____________________________________

_ഫിലിം റിവ്യു_

തിയേറ്ററിൽ 'കുറുപ്പ്' പിടിക്കപ്പെട്ടോ ?- റിവ്യു*

  _Roshin Raghavan_

_________________________________


```ഒരുപക്ഷെ, ഫ്യുജിറ്റീവ് അഥവാ പിടികിട്ടാപ്പുള്ളി എന്ന വാക്ക് തന്നെ നമുക്ക് സുപരിചിതമാവാന്‍ കാരണം സുകുമാരക്കുറുപ്പ് എന്ന ക്രിമിനലായിരിക്കും. അതുകൊണ്ടുതന്നെ, സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ചുള്ള ഒരു ചിത്രം മലയാളത്തിലിറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വേണ്ടുവോളം ഉള്ളതായിത്തീരുക സ്വാഭാവികം.

നിരവധി പോസിറ്റീവുകളും നെഗറ്റീവുകളുമുള്ള ഒരു ചിത്രമായാണ് 'കുറുപ്പ്' സാധാരണഗതിയില്‍ അനുഭവപ്പെട്ടത്. കുറുപ്പ് എന്ന സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ് സംവിധായകന്‍ ആ കഥ എങ്ങനെ പറഞ്ഞു എന്നുള്ളതു തന്നെയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ അഡോപ്റ്റ് ചെയ്തിട്ടുള്ള സിനിമയുടെ ആഖ്യാനരീതി അത്രക്ക് ഗംഭീരമായിരുന്നു.

സാധാരണ ഒരു 'ബേസ്ഡ് ഓണ്‍ റിയല്‍ ലൈഫ് സ്റ്റോറി'കള്‍ എടുത്തു നോക്കിയാല്‍ അതിന്‍റെ കഥ പറയുന്നത് ഒന്നുകില്‍ പ്രോട്ടഗാനിസ്റ്റിന്‍റെ കാഴ്ചപ്പാടിലോ അല്ലങ്കില്‍ ആന്‍റഗോണിസ്റ്റിന്‍റെ വീക്ഷണത്തിലോ ആയിരിക്കും. ഉദാഹരണത്തിന് ഡ്രഗ് ലോഡ് പാബ്ലോ എസ്കോബാറിന്‍റെ കഥ പറഞ്ഞ 'നാര്‍ക്കോസ്' സീരീസിലെല്ലാം പ്രധാന കഥപാത്രം പാബ്ലോ ആയിരുന്നെങ്കിലും, ചിത്രത്തിലെ കഥപറച്ചിലുകാരന്‍ ഒരു പൊലീസ് ഓഫീസറായിരുന്നു. അതുകൊണ്ടുതന്നെ അവിടെ കഥാപാത്രത്തിന്‍റെ ഗ്ലോറിഫിക്കേഷന്‍ നടക്കുന്നില്ല.
എന്നാല്‍ കുറുപ്പിന്‍റെ നരേറ്റീവ് തീര്‍‌ത്തും വ്യത്യസ്തമാണ്. നാല് ചാപ്റ്ററുകളിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ആ നാലു ചാപ്റ്ററുകളും നാലുതരം കാഴ്ചപ്പാടാണ്. സാധാരണക്കാരനായ ഒരാളുടെയുള്ളില്‍ തീര്‍ച്ചയായും ഒരു നല്ല സുഹൃത്തുണ്ടാകും, ഒരു കാമുകന്‍ അല്ലങ്കില്‍ കാമുകിയുണ്ടാകും. ഒരു വില്ലനുണ്ടാകും ഹീറോയോ ഹീറോയിനോ ഉണ്ടാകും. ഇത്തരത്തില്‍ നമുക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ കഥയെ സമീപിച്ച്, അങ്ങനെ പ്രേക്ഷകനെ കുറുപ്പ് എന്ന കഥപാത്രത്തോട് റിലേറ്റ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് സംവിധായകന്‍ ശ്രീനാഥ് നടത്തിയിട്ടുള്ളത്. അത് തീര്‍ച്ചയായും വിജയച്ചു എന്ന് തന്നെ പറയാം. 

കുറുപ്പ് റിലീസാകുന്നതിന് മുമ്പ് എല്ലാ അഭിമുഖങ്ങളിലും ഉയര്‍ന്നു കേട്ടിരുന്ന ഒരു ചോദ്യമായിരുന്നു, ക്രിമിനലായ കുറുപ്പിന് ഒരു ഹീറോയിക്ക് ഇമേജ് സിനിമ നല്‍കുമോ എന്നത്. എന്നാല്‍, കുറുപ്പെന്ന കഥാപാത്രത്തെ മഹത്വവത്കരിക്കുന്ന തലത്തിലേക്ക് ചിത്രം പോകുന്നില്ല എന്നതാണ് യാഥാര്‍‌ഥ്യം.

ഒരു നിയമസംവിധാനത്തെ ഒന്നടങ്കം ഇത്രയധികം ചുറ്റിച്ച ഒരു ക്രിമിനല്‍ ഒരിക്കലും ഭാഗ്യം കൊണ്ടുമാത്രമായിരിക്കില്ല അത് ചെയ്തിട്ടുണ്ടാവുക. അയാള്‍ തീര്‍ച്ചയായും സ്മാര്‍ട്ടായിരിക്കും. അതോടൊപ്പം കരിസ്മാറ്റിക്കായിരിക്കും, എനര്‍ജെറ്റിക്കുമായിരിക്കും. അങ്ങനെത്തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കുറുപ്പിനെ സംവിധായകന്‍ അവതരിപ്പിച്ചത്. എന്നല്ല, നെഗറ്റീവായിത്തന്നെ ആ കഥാപാത്രത്തെ സിനിമയില്‍ കാണിച്ചിട്ടുമുണ്ട്. കാരണം, കുറുപ്പ് എന്ന വ്യക്തിയുടെ കണ്ണില്‍ മാത്രമായിരുന്നു അയാള്‍ ഹീറോ, മറ്റുള്ളവരുടെ കണ്ണില്‍, അങ്ങനെ ആയിരുന്നില്ല.

ഡിക്കാപ്രിയോയുടെ 'ക്യാച്ച് മി ഇഫ് യു കാന്‍' ആയാലും, ഹര്‍ഷല്‍ മേത്തയുടെ കഥ പറഞ്ഞ 'സ്കാം 1992 ആയാലും, തമിഴിലെ 'തനി ഒരുവന്‍' ആയാലും ഒരു പ്രതിനായക കഥാപാത്രത്തിന്‍റെ കഴിവുകളെ ക്യാമറയില്‍ പകര്‍ത്തുന്നതിനോടൊപ്പം, അവയെ മഹത്വവത്കരിക്കാതിരിക്കാന്‍ ശ്രമിക്കുന്ന ഒരു പാറ്റേണാണ് സ്വീകരിച്ചിട്ടുണ്ടായിരുന്നത്. അത്തരത്തിലുള്ള ഒരു അപ്രോച്ച് കുറുപ്പിലുമുണ്ട്.

പെര്‍ഫോമെന്‍സ് അടിസ്ഥാനത്തില്‍ നോക്കിയാല്‍, കുറുപ്പ് എന്ന കഥാപാത്രമായി വളരെ വൃത്തിക്ക് തന്നെ ദുല്‍ഖര്‍ സ്ക്രീനില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. പക്ഷെ, ഞെട്ടിച്ചുകളഞ്ഞത് ഷൈന്‍ ടോം ചാക്കോയാണ്. ഷൈന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ഒരു വലിയ ശതമാനവും, കണ്ടാല്‍ വെറുപ്പ് ഉളവാക്കുന്ന തരത്തിലുള്ള ക്യാരക്ടറുകളായിരുന്നു. കണ്ടാല്‍ ചെവിക്കല്ല് തല്ലിപൊട്ടിക്കാന്‍ തോന്നുന്ന മറ്റൊരു എക്സ്ട്രീം ലെവല്‍ പെര്‍ഫോമന്‍സാണ് ഷൈന്‍ ടോം ചാക്കോ കുറുപ്പില്‍ നടത്തിയിട്ടുള്ളത്. സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും നായിക ഷോബിത വളരെ റൊമാന്‍റികായിരുന്നു. സണ്ണി വെയിന്‍ സിംപിളായിരുന്നു. കൂടുതലൊന്നും ചെയ്യാനില്ലെങ്കിലും ഇന്ദ്രജിത്തും സൂപ്പറായിരുന്നു. പിന്നെ, ചിത്രത്തില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തുന്ന ആ നിഗൂഢ കഥാപാത്രവും വേഷം ഗംഭീരമാക്കി. മൊത്തമായി പറഞ്ഞാല്‍, പെര്‍ഫേമന്‍സ് തലത്തില്‍ സ്കോര്‍ ചെയ്ത പടമാണ് കുറുപ്പ്.

 സിനിമയുടെ ടെക്നിക്കല്‍ വശവും മോശമാക്കിയില്ല. ലൌഡായിട്ടുള്ള ഒരു ടെക്നിക്കല്‍ വര്‍ക്ക് കുറുപ്പിലുണ്ട്. ചിത്രത്തിലെ മ്യൂസിക്കും ബി.ജി.എമ്മും ഗംഭീര അനുഭവമാണ് നല്‍കുന്നത്. സുഷിന്‍ ശ്യാമിന്‍റെ ഒരു അഴിഞ്ഞാട്ടമായിരുന്നു സിനിമ ഉടനീളം എന്നുതന്നെ പറയാം. ഒരു പിരീഡ് ഡ്രാമ സെറ്റ് ചെയ്യുമ്പോള്‍ പിടിപ്പതു പണിയുള്ള ഡിപ്പാര്‍ട്മെന്‍റുകളായിരിക്കും ആര്‍ട്ട്, കോസ്റ്റ്യൂം, മേക്കപ്പ്, ക്യാമറ, കളറിങ്. കുറുപ്പില്‍ ഈ ഡിപ്പാര്‍ട്ടുമെന്‍റുകളെല്ലാം അടിപൊളിയായിരുന്നു. ഡയറക്ടര്‍ ബ്രില്ല്യന്‍സും, പെര്‍ഫോമന്‍സ് ഇംപാക്ട്സും എല്ലാം ചര്‍ച്ചയാകുമ്പോള്‍ ഈ ഡിപ്പാര്‍ട്മെന്‍റുകള്‍ കൂടി ആഘോഷിപ്പെടേണ്ടതാണ്.

ചിത്രം പറയുന്ന കഥ, അത് സിനിമ കണ്ട് അറിയേണ്ടതു തന്നെയാണ്. ചിത്രം ആവശ്യപ്പെടുന്നതല്ലായിരുന്നിട്ടുകൂടി, കഥയുടെ ചില ഭാഗങ്ങള്‍ ലാഗ് ചെയ്തിരുന്നു. ഡയലോഗുകള്‍ കുറച്ചുകൂടി റിയലിസ്റ്റിക്ക് ആക്കാമായിരുന്നു. എന്നല്ല, ചില സ്ഥലങ്ങളില്‍ ഡയലോഗുകള്‍ കല്ലുകടിയാകുന്നുമുണ്ട്.


പിന്നെ, കുറുപ്പ് ഒരിക്കലും ഒരു ബയോപിക്ക് അല്ല. 'ബേസ്ഡ് ഓണ്‍ ആ റിയല്‍ ഇന്‍സിഡന്‍റ് ആന്‍ഡ് ഏ റിയല്‍ ക്യാരക്ടര്‍' എന്നുവേണം പറയാന്‍. എന്നിരുന്നാലും യഥാര്‍ഥ ജീവിതത്തിലെ ഒരു സംഭവം സിനിമാറ്റിക് എന്‍ഗേജ്മെന്‍റിനായി ചിത്രത്തില്‍ മാറ്റത്തിരുത്തലുകളോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് അവിടെ യോജിച്ചതായിരുന്നില്ല എന്നും തോന്നി.
ചാക്കോ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്ലാനിങ്ങിലാണ് സിനിമയില്‍ റിയല്‍ ലൈഫില്‍ നിന്നുമുള്ള ആ മാറ്റം വരുന്നത്. അത് സിനിമയിലും അതുപോലെ പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി സിനിമ എന്‍ഗേജിങ് ആക്കാമായിരുന്നു. സംഗതി സിനിമ ആയതുകൊണ്ടുതന്നെ ചിലപ്പൊള്‍ ഒരു ഷോട്ട് പോലും ആകെയുള്ള ഫീല്‍ തന്നെ മാറ്റിക്കളയും. സിനിമ കാണുമ്പോള്‍ അത് ഏതു സീനാണ്, ഷോട്ടാണ് എന്നൊക്കെ നമുക്ക് മനസിലാകും. പിന്നെ ചിത്രത്തിന്‍റെ ക്ലൈമാക്സ് പ്രഡിക്ടബിള്‍ ആയിരിക്കുമെന്ന് നേരത്തെ പ്രഡിക്ട് ചെയ്തിരുന്നു. എങ്കിലും തിയേറ്റര്‍ വിടുമ്പോള്‍ അത് ഹേണ്ട് ചെയ്യുന്നില്ല എന്നാരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ തള്ളക്കളയാനാകില്ല.

കുറുപ്പ് എന്ന സിനിമ സുകുമാരക്കുറുപ്പിനെ ഒരിക്കലും വെള്ളപൂശുന്ന ഒരു ചിത്രമല്ല. അങ്ങനെ ആവാതിരിക്കാന്‍ എഴുത്തുകാരും ഡയറക്ടറുമെല്ലാം ബോധപൂര്‍വ്വം ശ്രമിച്ചിട്ടുമുണ്ട്. നേരത്തെ പറഞ്ഞ കുറച്ച് പോരായ്മകള്‍ നിങ്ങളിലെ പ്രേക്ഷകനെ ബാധിക്കില്ലെങ്കില്‍ കുറുപ്പ് നിങ്ങള്‍ക്കൊരു മികച്ച സിനിമ അനുഭവമായിരിക്കും. ഇനി ഈ പോയിന്‍റുകള്‍ ബാധിച്ചാല്‍ തന്നെ, മോശമില്ലാത്ത ഒരു സിനിമ അനുഭവമാണ് കുറുപ്പ്. തിയേറ്ററില്‍ പോയി എക്സ്പീരിയന്‍സ് ചെയ്താല്‍ നഷ്ടമൊന്നും വരാന്‍ പോകുന്നില്ല.```

Post a Comment

0 Comments