Flash News

6/recent/ticker-posts

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍; ബില്ലിന് ഇന്ന് അനുമതി നല്‍കിയേക്കും.

Views
ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള അനുമതി ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം നല്‍കിയേക്കുമെന്നാണ് വിവരം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. സമരം അവസാനിപ്പിച്ച്‌ കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച തീരുമാനത്തിന് പാര്‍ലമെന്റിന്റെ കൂടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിക്കു എന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. താങ്ങുവില നിയപരമായി ഉറപ്പാക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തിനും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും. താങ്ങുവില ഉറപ്പാക്കുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങളാണ് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണം, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘടനകള്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം ട്രാക്ടര്‍റാലി അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.


Post a Comment

0 Comments