Flash News

6/recent/ticker-posts

കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍| Kurup First Half Review

Views
കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍| Kurup First Half Review.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍.

 വീഡിയോ 👇

🏼

പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികള്‍ക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ ജീവിതത്തിലേക്കുള്ള കടന്നുചെല്ലലാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന 'കുറുപ്പ്'.
ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ യഥാര്‍ത്ഥ ത്രില്ലര്‍ ഘടകം. യഥാര്‍ത്ഥ സംഭവകഥ എന്നത് മാത്രമല്ല, എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയും കഥയും എന്നതായിരിക്കാം സംവിധായകനും എഴുത്തുകാരനും നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ഒരുപക്ഷേ പ്രേക്ഷകനും. പക്ഷേ ആ ആശങ്കകളെയെല്ലാം കൃത്യമായ ചടുലതയോടെ കുറുപ്പ് മറി കടക്കുന്നുണ്ട്.
ത്രില്ലര്‍ പാക്കേജ് എന്നു വിളിക്കാം കുറുപ്പിനെ. കൊലപാതകവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫ്‌ലാഷ്ബാക്ക് രംഗങ്ങളിലൂടെയുള്ള കഥപറച്ചിലിനും ശ്രമിച്ചിട്ടുണ്ട്. കുറ്റവും പിന്നാലെയുള്ള അന്വേഷണവുമൊക്കെയായതിനാല്‍ അടിമുടി ദുരൂഹത നിറയ്ക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ നിറഞ്ഞാടുകയാണ് ചിത്രത്തില്‍. ഒരുപക്ഷേ മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ അക്കാദമിക് ജീവിതം കാണിക്കുന്നയിടത്തെ രൂപം മഹാനടിയിലെ ജമിനി ഗണേശനെ എവിടെയൊക്കെയോ ഓര്‍മിപ്പിച്ചു. കുറുപ്പിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ വിഭിന്ന മാനസികനിലകളെ വിജയകരമായിത്തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്.
അധികം വളച്ചുകെട്ടലുകൾ ഇല്ലാതെ നേരിട്ട് കുറുപ്പിന്റെ ജീവിതത്തിലേക്ക് കടക്കുന്നുണ്ട് ചിത്രം. കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, ശാരദ എന്നിവരുടെഓര്‍മകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. വിവിധ കഥാപാത്രങ്ങളുടെ ആംഗിളിൽ അവർക്ക് ആരായിരുന്നു കുറുപ്പ് എന്നാണ് ആദ്യപകുതി യിൽ പറയുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടർച്ചയെന്നോണം ആണ്  ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രം കൂടുതൽ ചടുലമാവുന്നതും ഈ അവസരത്തിൽത്തന്നെ.

Post a Comment

0 Comments