ഹോൺ അടിച്ച് പൊളിക്കുന്നവർ ഓർക്കുക; പോകുന്നത് മറ്റുള്ളവരുടെ കേൾവി ശക്തിയാണ്; ഇനി എയർ ഹോണിന് പിടി വീഴും; പിഴയായി ഈടാക്കുന്നത് 2000 രൂപവരെ..!
വെറുതേയൊരു കശപിശയ്ക്കു മാത്രമല്ല അനാവശ്യ ഹോണടി കാരണമാകുന്നത്. മനുഷ്യന്റെ ശാരീരിക മാനസിക അവസ്ഥകളെപ്പോലും ഹോൺ ശബ്ദം സാരമായി ബാധിക്കുന്നു. ഗർഭസ്ഥശിശുവിന്റെ വളർച്ച മുരടിപ്പിക്കാൻ പോന്നതാണ് കാതടപ്പിക്കുന്ന ഹോൺ ശബ്ദം.
ദിവസവും അനാവശ്യമായി വാഹനത്തിന്റെ ഹോൺ ബട്ടണിൽ എത്രതവണ വിരലമർത്താറുണ്ടെന്ന് ഓർത്തുനോക്കൂ. മനുഷ്യന് സഹിക്കാവുന്നതിലേറെ ശബ്ദത്തിലുള്ള എയർഹോണുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ നിരത്തുകളിൽ ഇന്നും മുഴങ്ങുന്നുണ്ട്. ഫിറ്റ്‌നസ് പരിശോധനാ സമയത്ത് വാഹനത്തിൽനിന്ന് അഴിച്ചുവെക്കുന്ന ഇത്തരം ഹോണുകൾ പിന്നീട് ഘടിപ്പിക്കുന്നു. ഗതാഗതക്കുരുക്കിലാണെങ്കിൽപ്പോലും നിർത്താതെ ഹോൺ മുഴക്കുന്നത് സംസ്‌കാരശൂന്യമായ പ്രവർത്തിയാണെന്നത് തിരിച്ചറിയേണ്ട കാലം കഴിഞ്ഞു. അതിനുള്ള കാരണങ്ങൾ ഉത്തരവാദിത്വപ്പെട്ട ഇവരൊക്കെ പറഞ്ഞുതരും.
♦️ എയർഹോൺ: പോലീസ് നടപടിതുടങ്ങി;
ആരോഗ്യപ്രശ്‌നങ്ങൾക്കും ശബ്ദമലിനീകരണത്തിനും കാരണമാകുന്ന, വാഹനങ്ങളിലെ എയർഹോണുകൾക്കെതിരേ കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇന്നലെ പെരിന്തൽമണ്ണയിൽ മാത്രം രാവിലെ മുതൽ നടത്തിയ പരിശോധനയിൽ 14 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു. മുപ്പതിലേറെ വാഹനങ്ങൾ പരിശോധിച്ചതിൽ 11 ബസുകൾക്കും മൂന്ന് ലോറികൾക്കുമെതിരേയാണ് നടപടിയെടുത്തത്. എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്ക് 2000 രൂപവീതം പിഴയിട്ടതായി പരിശോധനയ്ക്ക് നേതൃത്വംനൽകിയ പെരിന്തൽമണ്ണ ട്രാഫിക് പോലീസ് എസ്.ഐ.
എയർഹോൺ വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവ പരിശോധിച്ച് നടപടിയെടുക്കാനുള്ള ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ദാസിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ പുതിയ ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിലെ ഹോൺ അടിപ്പിച്ച് പരിശോധിച്ച് എയർഹോൺ ഉള്ളവയ്ക്കെതിരേ നടപടിയെടുത്തു. പരിശോധനയ്ക്കിടയിൽ യാത്രക്കാർക്ക് പ്രയാസമുണ്ടാകുന്നത് ഒഴിവാക്കാൻ പ്രധാനമായും ജില്ലയിൽ ബസ്‌സ്റ്റാൻഡുകളിലായിരുന്നു പരിശോധന. എയർഹോൺ ഘടിപ്പിച്ച് വാഹനം ഓടിക്കുന്നത് പിടിച്ചാൽ 2000 രൂപയും അനാവശ്യമായി ഹോൺ മുഴക്കിയാൽ ആയിരം രൂപയുമാണ് പിഴ. ബസ്‌സ്റ്റാൻഡിൽ കയറിയതിനുശേഷവും അനാവശ്യമായി ഹോൺ മുഴക്കിയ ബസിനെതിരേയും നടപടിയെടുത്തു.
0 Comments