Flash News

6/recent/ticker-posts

ഒമിക്രോണില്‍ കുരുങ്ങി ബ്രിട്ടനിലെ ക്രിസ്മസ്; 24 മണിക്കൂറില്‍ കുതിച്ചുയര്‍ന്നത് 50% വേരിയന്റ് കേസുകള്‍

Views
മഹാമാരി തുടങ്ങിയ ശേഷം നാലാം തവണ 80,000 കടന്ന് രോഗികള്‍; ഡിസംബര്‍ 25ന് മുന്‍പ് ലോക്ക്ഡൗണ്‍ വന്നേക്കുമെന്ന് സൂചന നല്‍കി ജാവിദ്

ബ്രിട്ടനില്‍ 24 മണിക്കൂറില്‍ 82,886 കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതോടെ ആശങ്ക വീണ്ടും വ്യാപകമാകുന്നു. ക്രിസ്മസിന് മുന്‍പ് മറ്റൊരു ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ സാജിദ് ജാവിദ് സൂചന നല്‍കിയതോടെ ആഘോഷങ്ങള്‍ റദ്ദാക്കപ്പെടുമെന്ന ആശങ്കയുമേറുകയാണ്. കുടുംബങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്നത് വിലക്കേണ്ടി വരുമെന്ന് സേജ് ഉപദേശകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

ഏഴ് ദിവസങ്ങള്‍ക്കിടെ 32,473 കേസുകളാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസത്തെ 90,418 കേസുകളേക്കാള്‍ കുറവാണിത്. 45 മരണങ്ങളാണ് ഒടുവിലായി രേഖപ്പെടുത്തിയത്. അതേസമയം ഒമിക്രോണ്‍ വേരിയന്റ് കേസുകള്‍ 24 മണിക്കൂറില്‍ 50 ശതമാനമാണ് ഉയര്‍ന്നത്. 12,133 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ 37,101 വേരിയന്റ് കേസുകളായെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.

ക്രിസ്മസ് ദിനം സാധാരണ നിലയില്‍ മുന്നോട്ട് പോകുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ലെന്ന് സാജിദ് ജാവിദ് മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ ആശുപത്രി അഡ്മിഷനുകള്‍ പ്രതിദിനം 3000ന് മുകളിലേക്ക് ഉയരുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്ന് മെഡിക്കല്‍, സയന്‍സ് മേധാവികളായ ക്രിസ് വിറ്റിയും, പാട്രിക്ക് വാലന്‍സും ക്യാബിനറ്റിനെ അറിയിച്ചിട്ടുണ്ട്.

മോഡലിംഗ് അനുസരിച്ച് 1 ലക്ഷം കേസുകളും, 6000 മരണങ്ങളും നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ജനങ്ങളെ ലോക്ക്ഡൗണിലാക്കി ക്രിസ്മസ് തകര്‍ക്കുന്നതില്‍ മന്ത്രിമാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. പ്ലാന്‍ ബി നടപടികള്‍ക്ക് നേരിട്ട വിമതനീക്കം മൂലം കൂടുതല്‍ വിലക്കുകളുമായി മുന്നോട്ട് പോകുന്നതില്‍ പ്രധാനമന്ത്രിയും സംശയിച്ച് നില്‍ക്കുകയാണ്. ബ്രക്‌സിറ്റ് മന്ത്രി ലോര്‍ഡ് ഫ്രോസ്റ്റ് സ്ഥാനം രാജിവെച്ചത് കനത്ത മുന്നറിയിപ്പായി മുന്നിലുണ്ട്.

2022 വരെ വിലക്കുകള്‍ വൈകിച്ചാല്‍ പിന്നെ ഇതുകൊണ്ട് ഗുണമുണ്ടാകില്ലെന്നാണ് സേജ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ വിലക്കുകള്‍ കര്‍ശനമാക്കുന്നതിനെ മന്ത്രിമാരും, എംപിമാരും എതിര്‍ക്കും. ടോറി എംപിമാരുടെ എതിര്‍പ്പ് കൈവിട്ട് പോയാല്‍ ബോറിസ് ജോണ്‍സന്റെ നേതൃസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.


Post a Comment

0 Comments