Flash News

6/recent/ticker-posts

ദേശീയദിനം: പുതിയ 50 ദിര്‍ഹം നോട്ട് പുറത്തിറക്കി യു.എ.ഇ

Views അബുദാബി: യു.എ.ഇയുടെ 50-ാമത് ദേശീയദിനത്തോടനുബന്ധിച്ച് പുതിയ 50 ദിര്‍ഹം നോട്ട് സര്‍ക്കാര്‍ പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം തലമുറ ഭരണാധികാരികള്‍ക്കുമുള്ള ആദരവായാണ് നോട്ട് പുറത്തിറക്കിയത്. നോട്ടിന്റെ വലതുവശത്ത് ഷെയ്ഖ് സായിദിന്റെ വലിയ ചിത്രവും യൂണിയന്‍ ആയ ശേഷം വിവിധ എമിറേറ്റ്‌സിലെ ഭരണാധികാരികള്‍ ദേശീയ പതാകയ്ക്ക് കീഴെ നില്‍ക്കുന്ന ചിത്രവുമാണ് പതിച്ചിരിക്കുന്നത്. 

രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കറാമയുടെ ചിത്രം ഇടതുവശത്തായും കാണാം. നോട്ടിന്റെ മറുഭാഗത്ത് ഷെയ്ഖ് സായിദിന്റെ ചിത്രം കൂടാതെ, യു.എ.ഇ രൂപീകരണത്തിന് സാക്ഷിയായ എത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രമുണ്ട്. ഇവിടെയാണ് ആദ്യമായി യു.എ.ഇ ദേശീയ പതാക ഉയര്‍ന്നത്.

പോളിമര്‍ ഉപയോഗിച്ച് ആദ്യമായി നിര്‍മിച്ചതാണ് പുതിയ നോട്ട്.  പരമ്പരാഗതമായതിനേക്കാള്‍ കൂടുതല്‍ മോടിയുള്ളതും സുസ്ഥിരവുമാണിത്. പോളിമര്‍ പുനരുപയോഗിക്കാന്‍ കഴിയുന്നതിനാല്‍ കാര്‍ബണ്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. 

പുതിയ നോട്ട് ഉടന്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.  കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കളെ നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ബ്രെയില്‍ ലിപിയില്‍ ചിഹ്നങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങളും 50 ദിര്‍ഹം നോട്ടിലുണ്ട്. അതേസമയം, നിലവിലെ 50 ദിര്‍ഹം നോട്ട് സാധുവായി തുടരുകയും ചെയ്യും.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ  എമിറേറ്റുകളുടെ ഭരണാധികാരികള്‍, കിരീടാവകാശികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു



Post a Comment

0 Comments