Flash News

6/recent/ticker-posts

കടലാസ് ‘പടിക്കുപുറത്ത്’; ലോകത്തിലെ ആദ്യ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബൈ

Views


ദുബൈ: ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരെന്ന ലക്ഷ്യം കൈവരിച്ച് ദുബൈ. 2018ല്‍ സ്വീകരിച്ച പേപ്പര്‍രഹിത നയത്തിന്റെ പൂര്‍ത്തീകരണമാണിത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേപ്പര്‍ രഹിത സര്‍ക്കാരെന്ന പ്രഖ്യാപനം നടത്തിയത്.

2021ന് ശേഷം ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാരോ ഉപഭോക്താവോ പേപ്പര്‍ രേഖകള്‍ അച്ചടിക്കേണ്ടതില്ലെന്ന് നാല് വര്‍ഷം മുമ്പ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് ഇന്ന് സഫലമായിരിക്കുകയാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വഴിയാകും. ദുബൈയെ ഡിജിറ്റല്‍ നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 2018ല്‍ പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പേപ്പര്‍ ഉപയോഗം ക്രമേണ കുറച്ചു വരികയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കിയത്. അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ദുബൈയിലെ 45 സര്‍ക്കാര്‍ വകുപ്പുകളും പേപ്പര്‍ രഹിതമായി. ഈ വകുപ്പുകള്‍  1,800 ഡിജിറ്റല്‍ സര്‍വീസുകള്‍ നടപ്പാക്കി. ഇതുവഴി 33.6 കോടി പേപ്പറുകളുടെ ഉപഭോഗം കുറയ്ക്കാനായി. 130 കോടി ദിര്‍ഹവും 1.4 കോടി മനുഷ്യ മണിക്കൂര്‍ ജോലിയും ലാഭിക്കാന്‍ കഴിഞ്ഞു.



Post a Comment

0 Comments