Flash News

6/recent/ticker-posts

അവരെത്തി.. അഞ്ച് ആംബുലൻസുകളിലായി...

Views

ഉപ്പാന്റെയും ഉമ്മാന്റെയും ചുടുചുംബനങ്ങൾ ഏറ്റുവാങ്ങാൻ അവരെത്തി. അഞ്ച് ആംബുലൻസുകളിലായി.  ജാബിറും സഹധർമ്മിണി ഷബ്‌നയും മക്കളായ ലുത് ഫിയും ലൈബയും സഹയും ബേപ്പൂരിലെ വീട്ടിലേത്തി .

 സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ മക്കളുടെ ചലനമറ്റ ശരീരം കാണാൻ ഹൃദയവേദനയോടെ കാത്തിരിക്കുകയായിരുന്നു ജാബിറിന്റെയും ഷബ്‌നയുടെയും മാതാപിതാക്കൾ . അവസാനമായി  ഒരു നോക്ക് കാണാൻ പിതാവ് ആലിക്കോയ സാഹിബും മാതാവ് കൊയപ്പത്തൊടി ഹഫ്‌സയോടുമൊപ്പം ഷബ്‌നയുടെ മാതാപിതാക്കളായ  കാരപറമ്പ് കരിക്കാംകുളം  ചെങ്ങോട്ട് ഇസ്മായിൽ , ഖദീജയും. കൂടെ കാത്തിരുന്നത്   ബേപ്പൂരിന്റെ മണ്ണിൽ ചരിത്രം തീർക്കുന്ന ജനസഞ്ചയം. ഒപ്പം ഇളയ  സഹോദരൻ അൻവറും.  തൊട്ടടുത്ത് പണിതുയരുന്ന ഭവനത്തെ സാക്ഷിയാക്കി മറ്റൊരു ഭവനത്തിലേക്ക് പ്രവേശിക്കുകയാണ് ജാബിറും കുടുംബവും. ഒറ്റക്കൊറ്റക്കായി അവർ അടുത്തടുത്ത് അന്ത്യവിശ്രമം കൊള്ളാൻ പോവുകയാണ്. പൊട്ടിക്കരച്ചിലും ആർത്തനാദങ്ങളും ബേപ്പൂരിന്റെ മൺതരികളെ  കണ്ണീരണയിക്കുന്ന കാഴ്ച്ച

വീഡിയോ കാണുക👇


അവസാനമായി ഒരു നോക്ക് കാണാനും ഇടയ്ക്കിടെ ഖബറിടങ്ങളിൽ പോയി ദുആ ചെയ്യാനുമെങ്കിലും ഒരവസരം ഉണ്ടാക്കണമെന്ന മുൻപ്രവാസി കൂടിയായിരുന്ന ആ പിതാവിന്റെ ആർദ്രമായ വാക്കുകൾ മനസ്സിൽ മുഴങ്ങുന്നു. ഏറ്റവും ഉത്തമം റിയാദിൽ തന്നെ ഖബറടക്കുകയാണെന്ന നിർദേശം അദ്ദേഹത്തിന് മുമ്പിൽ സമർപ്പിച്ചെങ്കിലും ആലിക്കോയ സാഹിബിന്റെ  ഹൃദയം നുറുങ്ങുന്ന വേദന കടിച്ചിറക്കിയുള്ള അപേക്ഷ ശിരസ്സേറ്റുകയായിരുന്നു റിയാദിലെ കെഎംസിസി പ്രവർത്തകർ. ദ്രുതഗതിയിലാണ് പിന്നീട് കാര്യങ്ങൾ നടന്നത്. സിദ്ദീഖ് തുവ്വൂർ സാഹിബിന്റെ കൃത്യതയാർന്ന നീക്കങ്ങൾ, നിർദേശങ്ങൾ . മെഹബൂബ് കണ്ണൂരിന്റെ ചടുലമായ നീക്കങ്ങൾ. ഉദ്യോഗസ്ഥരെല്ലാം അതീവ വേദനയോടെ സഹകരിച്ചപ്പോൾ ആ ഉപ്പായുടെ അപേക്ഷ നാഥൻ പൂർത്തീകരിച്ചു. നിർദേശങ്ങൾ നൽകി സി പി മുസ്തഫ സാഹിബ് മുന്നിൽ നിന്ന് നയിച്ചു. ജാബിർ ജോലി ചെയ്‌ത ടൊയോട്ടയുടെ വിതരണക്കാരായ അബ്ദുൽ ലത്തീഫ് അൽ ജമീൽ കമ്പനിയുടെ സഹകരണം അവാച്യമായിരുന്നു. കമ്പനി പ്രതിനിധികളോടൊപ്പം ജാബിറിനെ സുഹൃത്ത് കൂടിയായ ജൈസൽ , മലബാർ ജ്വല്ലറിയുടെ നജ്‌മൽ  അൻസാർ  എന്നിവർ അവസാനം വരെ കൂടെ നിന്നു. ജലീൽ തിരൂർ, ഷാഹിദ് മാസ്റ്റർ , നൗഷാദ് ചാക്കീരി, അബ്ദുറഹ്മാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട്, മനാഫ് മണ്ണൂർ, കുഞ്ഞോയി കോടമ്പുഴ, മജീദ് പരപ്പനങ്ങാടി,ജംഷി ബേപ്പൂർ തുടങ്ങി കെഎംസിസി നേതാക്കളും ശിഹാബ് കൊട്ടുകാട്, നാസർ കാരന്തൂർ, തുടങ്ങി വിവിധ സാംസ്‌കാരിക നേതാക്കളും ഒട്ടനേകം പേരും രണ്ടിടങ്ങളിൽ നടന്ന  മയ്യത്ത് നിസ്കാരത്തിലും മറ്റും പങ്കെടുത്തു. 

ജാബിറിനെയും കുടുംബത്തെയും കാണാതായ നിമിഷം മുതൽ തിരച്ചിൽ തുടങ്ങിയ ജിസാൻ കെഎംസിസി പ്രസിഡണ്ട്  ഹാരിസ് കല്ലായി സാഹിബ്, മക്കയിൽ നിന്ന് കുഞ്ഞിമോൻ കാക്കിയ സാഹിബ് , യാമ്പുവിൽ നിന്ന് കരീം സാഹിബ് താമരശ്ശേരി, നാട്ടിൽ നിന്ന് സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് എം സി മായിൻ ഹാജി, ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല, ഡോ. എം കെ മുനീർ എം എൽ എ, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ , ബേപ്പൂർ മണ്ഡലം ലീഗ് നേതാക്കളായ പി സി അഹമ്മദ് കുട്ടി, മമ്മദ്ക്കോയ ഹാജി  ബേപ്പൂർ, കെ കെ ആലികുട്ടി, ഹാസിഫ് പുളിയാളി, യൂത്ത്ലീഗ് നേതാവും ജാബിറിന്റെ ബന്ധുവുമായ ആഷിഖ് ചെലവൂർ, ഷഫീഖ് അരക്കിണർ, കെഎംസിസി നേതാക്കളായ സിദീഖ് മുണ്ടോളി, മൊയ്‌തീൻ കോയ കല്ലമ്പാറ, റഫീഖ് മഞ്ചേരി, ഉസ്മാൻ പരീത് തുടങ്ങിയവരും നിരന്തരം ബന്ധപ്പെട്ടിരുന്നു വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും ജാബിറിന്റെ  ബന്ധുക്കളും നിരവധി ഫോൺ വിളികൾ. കഴിഞ്ഞ നാല്  നാളുകൾ അവർണ്ണനീയമായിരുന്നു. പിഞ്ചോമനകളുടെ മുഖം അവസാനമായി കാണുമ്പോൾ റിയാദിലെ പ്രവാസി സമൂഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകി.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments