Flash News

6/recent/ticker-posts

പകരം ഭൂമിയില്ല; കോവിഡ് ആശുപത്രി നിർമ്മിക്കാൻ സർക്കാരിന് നൽകിയ സ്ഥലം തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്‌

Views


കാസര്‍കോട്​: കോവിഡ്​ ആശുപത്രി നിര്‍മിക്കാന്‍ സര്‍ക്കാറിന്​ നല്‍കിയ വഖഫ് ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി വഖഫ് ബോര്‍ഡ്.

കാസര്‍കോട് ചട്ടഞ്ചാലില്‍ ടാറ്റക്ക്​ കോവിഡ് ആശുപത്രി നിര്‍മിക്കാന്‍ നല്‍കിയ 1.66 ഏക്കര്‍ തിരിച്ചുപിടിക്കാനാണ് നടപടി തുടങ്ങിയതെന്ന്​ മീഡിയവണ്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

കരാര്‍ പ്രകാരം ആശുപത്രിക്കായി നല്‍കിയ ഭൂമിക്ക് പകരം അതേ അളവിലുള്ള സ്​ഥലം വഖഫ് ബോര്‍ഡിന് നല്‍കുമെന്നായിരുന്നു വ്യവസ്​ഥ. കോവിഡ്​ കാലത്ത്​ കര്‍ണാടക അതിര്‍ത്തി അടക്കുകയും കാസര്‍കോട്ട്​ ചികിത്സാ സൗകര്യം കുറവായതിനാലുമാണ്​ അടിയന്തരമായി ആശുപത്രി നിര്‍മിക്കാന്‍ ഭൂമി ആവശ്യമായി വന്നത്​. ഇതിനെ തുടര്‍ന്നാണ്​ എം.ഐ.സി ട്രസ്റ്റിന്​ കീഴിലെ ഭൂമി​ സര്‍ക്കാറിന്​ നല്‍കിയത്​. പകരം സമീപം തന്നെയുള്ള സ്​ഥലം നല്‍കുമെന്നായിരുന്നു കരാര്‍​.

ഈ സ്​ഥലം ഉടന്‍ നല്‍കുമെന്ന്​ പറയുമെങ്കിലും കൈമാറ്റം നീണ്ടുപോയി. ഈ വിഷയത്തില്‍ ട്രസ്റ്റ്​ അധികൃതര്‍ പലതവണ കലക്​ടറുമായി കൂടിക്കാഴ്ച നടത്തി. അവസാനം നടന്ന ചര്‍ച്ചയില്‍ മൂന്ന്​ ദിവസത്തിനുള്ളില്‍ ഭൂമിയുടെ രേഖകള്‍ നല്‍കാമെന്ന്​ പറഞ്ഞെങ്കിലും അതും ഉണ്ടായില്ലെന്ന്​ ട്രസ്റ്റ്​ ഭാരവാഹികള്‍ പറയുന്നു.

ഭൂമി തിരിച്ചുചോദിച്ച്‌​ വഖഫ് ബോര്‍ഡ് കാസര്‍കോട് ജില്ല കലക്​ടര്‍ക്ക്​​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. ഭൂമി കൈമാറിയത് കലക്ടറും വഖഫ് ബോര്‍ഡും സമസ്ത പ്രസിഡന്‍റ് ജിഫ്​രി തങ്ങളും തമ്മിലെ കരാറിലൂടെയായിരുന്നു.

വഖഫ്​ ചെയ്​ത സ്വത്ത്​ കൈമാറ്റം ചെയ്യാന്‍ പാടി​ല്ല എന്നാണ്​ വ്യവസ്​ഥ. ഏത് കാര്യത്തിനാണോ നല്‍കിയത്​, അതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് വഖഫിന്‍റെ അടിസ്ഥാനപരമായ തത്വം. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ കാസര്‍കോഡ് കോവിഡ് ചികിത്സക്ക് ആശുപത്രിയില്ലാത്ത സാഹചര്യത്തിലാണ് വഖഫ് ഭൂമി കരാര്‍ നിബന്ധനകളോടെ സര്‍ക്കാറിന് കൈമാറിയത്.

കാസര്‍കോട് ജില്ല കലക്ടര്‍ സജിത്ത് ബാബു, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, വഖഫ് ട്രസ്റ്റിന്‍റെ ചെയര്‍മാനും സമസ്ത നേതാവുമായ ജിഫ്​രി മുത്തുക്കോയ തങ്ങള്‍ എന്നീ ത്രികക്ഷി ചര്‍ച്ചക്കുശേഷം ഇപ്പോള്‍ കൈമാറുന്ന 1.66 ഏക്കര്‍ ഭൂമിക്ക് പകരം ചട്ടഞ്ചാല്‍ ആശുപത്രിക്ക് സമീപം തെക്കില്‍ വില്ലേജിലെ 1.66 ഏക്കര്‍ സ്ഥലം കൈമാറാമെന്നായിരുന്നു കരാര്‍. ഇളവുകളോടെ വഖഫ് ബോര്‍ഡ് വഖഫ് സ്വത്ത് കരാറിലൂടെ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. പകരം ഭൂമിയായി പറഞ്ഞ സ്ഥലം ഇത്രയും കാലത്തിനിടയില്‍ കൈമാറാത്ത സാഹചര്യത്തിലാണ് വഖഫ് ബോര്‍ഡ് ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങുന്നത്.

വഖഫ്​ ബോര്‍ഡിന്‍റെ​ ഭൂമി സര്‍ക്കാര്‍ തട്ടിയെടുത്ത്​ വഞ്ചിക്കുകയായിരുന്നുവെന്ന്​ മുസ്​ലിം ലീഗ്​ നേതാവും വഖഫ്​ ബോര്‍ഡ്​ അംഗവുമായ മായിന്‍ ഹാജി പറഞ്ഞു. ഈ സ്​ഥലത്ത്​ 60 കോടി രൂപയുടെ മള്‍ട്ടി സ്​പെഷാലിറ്റി ആശുപത്രി വരും എന്നായിരുന്നു പറഞ്ഞത്​. എന്നാല്‍, താല്‍ക്കാലിക ആശുപത്രി വന്നു എന്നല്ലാതെ വലിയൊരു വികസനം അവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments