Flash News

6/recent/ticker-posts

ഒമൈക്രോണിന് ഡെല്‍റ്റയേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷി; വാക്‌സിനെടുത്തവര്‍ക്ക് ഗുരുതരമാകില്ല, ജാഗ്രത തുടരണമെന്ന് വീണാ ജോര്‍ജ്

Views

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമൈക്രോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ വിഷയത്തെ ഗൗരവമായി കണ്ട് ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമൈക്രോണ്‍ അത്ര ഗുരുതരമാകില്ലെന്നാണ് വിദേശ രാജ്യങ്ങളിലെ വിദഗ്ധര്‍ പറയുന്നത്. ഒമൈക്രോണിനെതിരെ വാക്‌സിന്‍ മികച്ച പ്രതിരോധം നല്‍കുമെന്നാണ് ലഭ്യമായ വിവരം. അതിനാല്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കണമെന്ന് വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.  വാക്‌സിനേഷനെ ഒമൈക്രോണ്‍ അതിജീവിക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ കേരളത്തില്‍ എവിടെയും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല. ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നെഗറ്റീവായാല്‍ വീട്ടില്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്ന് എട്ടാംദിവസവും വീണ്ടും ആര്‍ടി- പിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ വീണ്ടും ഏഴുദിവസം കൂടി സമ്പര്‍ക്കവിലക്ക് തുടരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


Post a Comment

0 Comments