Flash News

6/recent/ticker-posts

യുഎഇയിൽ പുതുവർഷം ഇത്തവണ തകർക്കും ; അവധി നേരത്തേ തുടങ്ങും , ആഘോഷവും നീളും

Views
ദുബായ് പുതുവർഷം ഇത്തവണ യുഎഇയിൽ അൽപം ദീർഘമായിത്തന്നെ ആഘോഷിക്കാം . അടിച്ചുപൊളിക്കാൻ വെള്ളിയാഴ്ച ഉച്ച മുതൽ സർക്കാർ ജീവനക്കാർക്ക് സാധിക്കും . ജനുവരി ഒന്ന് ഇത്തവണ ശനിയാഴ്ചയാണ് . രണ്ടരദിവസത്തെ ആഘോഷം കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ഓഫിസിൽ പോയാൽ മതി . ആഴ്ചയിൽ നാലരദിവസം പ്രവൃത്തി സമയമാക്കി മാറ്റി ശനി , ഞായർ ദിനങ്ങൾ വാരാന്ത്യ അവധിദിനങ്ങളുമാക്കിയ ചരിത്രപരമായ തീരുമാനത്തിന്റെ ആദ്യപ്രതിഫലനം പുതുവൽസരത്തിൽ തന്നെ യുഎഇയിൽ ആരംഭിക്കും . ആഗോളനിലവാരത്തിലേക്ക് എല്ലാ മേഖലയും മാറ്റാൻ ആഗ്രഹിക്കുന്ന യുഎഇ അതിനായി സ്വീകരിച്ച ചരിത്രപരമായ തീരുമാനമാണ് വരാന്ത്യ അവധിമാറ്റം . അതിനൊപ്പം ജനക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ലോകത്തോടു വിളിച്ചു പറയുന്ന മാറ്റമാണ് വെള്ളിയാഴ്ച അരദിവസത്തെ അവധി . നാലര ദിവസം മാത്രം പ്രവൃത്തിദിവസമാക്കിയ ലോകത്തെ ആദ്യ രാഷ്ട്രമായിരിക്കുകയാണ് യുഎഇ . രണ്ടരദിവസം ആഹ്ലാദിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് മാനസികോല്ലാസം നേടാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്തത് . തന്നെയുമല്ല വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് വേണമെങ്കിലും ജോലി ചെയ്യാൻ ജീവനക്കാരന് ( വർക് ഫ്രം ഹോം ) അവസരമുണ്ട് .
രാജ്യാന്തര സമയക്രമത്തിലേക്ക് യുഎഇ ജോലി സമയം മാറ്റിയതിനു പുറമേ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ സന്തോഷത്തിനും രാജ്യം പ്രാധാന്യം നൽകുന്നു എന്നാണ് യുഎഇ ഇതിലൂടെ തെളിയിക്കുന്നത് . കുടുംബത്തിനൊപ്പം സന്തോഷമായിക്കഴിഞ്ഞ ശേഷം ഓഫിസിലെത്തുന്ന ആളിന്റെ മനോഭാവത്തിലും കാര്യക്ഷമതയിലും ഗുണപരമായ മാറ്റമുണ്ടാകുമെന്ന പഠനങ്ങളുടെ വെളിച്ചത്തിലുമാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കുന്നു.സന്തോഷത്തിനും സഹിഷ്ണുതയ്ക്കും പ്രത്യേക മന്ത്രാലയവും മന്ത്രിമാരും ഉള്ള രാജ്യമാണ് യുഎഇ എന്നതു കൂടിച്ചേർത്തു വേണം ഇതിനെ വായിക്കാൻ . സ്കൂൾ പ്രവൃത്തി സമയവും മാറിയിട്ടുണ്ട് . ഇപ്പോൾ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സ്വകാര്യമേഖലയും ഇതിനനുസരിച്ച് മാറും .
പുതിയ സമയക്രമം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3.30 വരെയായിരിക്കും പ്രവൃത്തി സമയം . വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12.00 വരെയും . മുസ്ലിം പള്ളികളിലെ പ്രാർഥനാ സമയവും വെള്ളി 1.15 ന് ആക്കിയിട്ടുണ്ട് . പ്രാദേശികമായും രാജ്യാന്തരമായും വ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന മാറ്റമാണിത് . വെള്ളിയാഴ്ചകളിലും അരദിവസം ജോലി ചെയ്യണം എന്നതാണ് പ്രാദേശീകമായി വരുന്ന പ്രധാന മാറ്റം . രണ്ടരദിവസം അവധി ലഭിക്കുന്നതിൽ രാജ്യത്തിന് അകത്തുള്ള യാത്രകളും പുറത്തേക്കുള്ള യാത്രകളും കൂടും . സ്റ്റേക്കേഷൻസ് ( അധികം അകലെയല്ലാതെയുള്ള സ്ഥലത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന രീതി ) പോലുള്ളവ വർധിക്കും .
വ്യാപാരം അതേ സമയം ആഗോളതലത്തിൽ നടത്തുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന നടപടിയാണിത് . യുഎഇയിലെ വെള്ളിയാഴ്ച അവധിയും ആഗോളതലത്തിലെ ശനി , ഞായർ അവധികളും കാരണം ഫലത്തിൽ ഇടപാടുകൾക്ക് മൂന്നുദിവസത്തെ തടസ്സമാണ് ഉണ്ടായിക്കൊണ്ടിരുന്നത് . സുഗമമായ രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് നാലുദിവസം മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത് . ഇതിനാണ് പ്രധാനമായും മാറ്റം വരാൻ പോകുന്നത് . ലെറ്റർ ഓഫ് ക്രഡിറ്റ് , ഡോളർ വിനിമയം ഇതിനെല്ലാം പുതിയ മാറ്റം സഹായകരമാണ് . ബാങ്കിങ് മേഖല , ഐടി രംഗം , വിദേശനാണ്യവിനിമയം തുടങ്ങിയ രംഗങ്ങളിലെല്ലാം ഈ മാറ്റം ഗുണപരമാണ് . അവധികളുടെ ഏകീകരണം നടക്കുന്നതു മൂലം യാത്ര പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇത് ഏറെ ഗുണകരമാണ് . സ്കൂൾ സമയക്രമങ്ങളും ഇതിനനുസരിച്ച് മാറുന്നതു മൂലം കുട്ടികളുമായി പോകാമെന്ന സൗകര്യവും ഉണ്ട് .

ഇതാദ്യമല്ല മാറ്റം വാരാന്ത്യ അവധികൾ മുൻപും പലതവണ മാറിയിട്ടുണ്ടെങ്കിലും ഞായറാഴ്ച കൂടി അവധിയാക്കി ആഗോള തലത്തിലേക്ക് മാറ്റുന്നത് ഇതാദ്യം . 1971 മുതൽ 1999 വരെ വെള്ളിയാഴ്ച വാരാന്ത്യ അവധിയായിരുന്നു . പിന്നീട് 2006 വരെ വ്യാഴം കൂടി വാരാന്ത്യ അവധിയാക്കി . 2006 മുതലാണ് വെള്ളി , ശനി ദിവസങ്ങൾ അവധിയാക്കിയത് . തന്നെയുമല്ല വെള്ളിയാഴ്ച പ്രവൃത്തിദിനമാക്കി ആദ്യ ഇസ്ലാമിക രാഷ്ട്രവുമല്ല യുഎഇ . മൊറോക്കോ , തുർക്കി , മലേഷ്യ , ഇന്തോനേഷ്യ എന്നീ ഇസ്ലാമിക രാഷ്ട്രങ്ങൾ ഇപ്പോൾത്തന്നെ വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കി ഞായർ അവധിയാക്കിയുള്ള സമയക്രമമാണ് പാലിക്കുത് . ഏതായാലും സമസ്ത മേഖലകളിലും പുതിയ സമയമാറ്റം ചർച്ചയായിരിക്കുകയാണ് .
മനഃസ്ഥിതി മാറ്റം ഇപ്പോഴത്തെ അവധി മാറ്റത്തിൽ ആദ്യം സംഭവിക്കേണ്ടതും സംഭവിക്കുന്നതും മനസ്ഥിതി മാറ്റമാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ വി.നന്ദകുമാർ ചൂണ്ടിക്കാട്ടി . ആദ്യ നാളുകളിൽ ഈ സമയമാറ്റത്തിന് ഒപ്പം മാറാൻ ചെറിയ പ്രയാസങ്ങളുണ്ടാവാം . നമ്മൾ നാട്ടിൽ നിന്ന് ഇവിടെ എത്തിയപ്പോൾ ഞായറാഴ്ച ജോലി ചെയ്യണമെന്ന് വന്നപ്പോൾ തോന്നിയ അതേ പ്രയാസം . എന്നാൽ അത് ക്രമേണ ശീലമായി . ഇതും അതുപോലെയാകും . എന്നാൽ രാജ്യാന്തര തലത്തിൽ യുഎഇയ്ക്ക് ഏറെ ഗുണപരമായ മാറ്റമാണിത് . സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമായി നടക്കാൻ അധിക സമയം ലഭിക്കും . ഇതുവരെ ഫലത്തിൽ രാജ്യാന്തര ഇടപാടുകാർക്ക് മുന്നുദിവസം തടസ്സം നേരിട്ടിരുന്നു . ആ അവസ്ഥയ്ക്കു മാറ്റം വരുന്നതോടെ രാജ്യത്തേക്ക് കൂടുതൽ രാജ്യാന്തര പണമൊഴുക്കും അവസരങ്ങളും ഉണ്ടാകും . രാജ്യത്തിന്റെ സാമ്പത്തികമേഖലയിലും ഈ മാറ്റം പ്രതിഫലിക്കും . കുറച്ചു കൂടി പുരോഗമനപരമായും സൃഷ്ടിപരമായും യുഎഇ ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണിത് . ഇതിലൂടെ യുഎഇ സമയക്രമം ആഗോളതലത്തിലേക്ക് മാറുകയാണ് . വരാന്ത്യ അവധിയാത്രകൾ നടത്തുന്നവർക്ക് ഏറെ പ്രയോജനകരമാണ് പുതിയ സമയമാറ്റമെന്നും നന്ദകുമാർ ചൂണ്ടിക്കാട്ടി .
രാജ്യാന്തര രംഗത്തുള്ളവരെ കൂടുതലായി യുഎഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ സമയമാറ്റമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹിയും സംരംഭകനും നടനുമായ നികേഷ് റാം ചൂണ്ടിക്കാട്ടി . ആഗോള സമയക്രമവുമായി യുഎഇയ്ക്കുണ്ടായിരുന്ന വ്യത്യാസമാണ് ഇതിലൂടെ നികത്തിയിരിക്കുന്നത് .
സമയക്രമം മാറ്റമല്ല തൊഴിൽ നിയമങ്ങൾ , വിവാഹബന്ധം വേർപിരിയൽ നിയമം , സ്വത്ത് വിഭജന നിയമം തുടങ്ങിയവയില്ലെല്ലാം കാര്യമായ മാറ്റങ്ങളാണ് യുഎഇ വരുത്തിയിരിക്കുന്നത് . തൊഴിലാളിക്ക് തൊഴിൽ ഉടമയുടെ അനുമതിയില്ലാതെ തന്നെ മറ്റിടങ്ങളിൽ ജോലി ചെയ്യാം എന്നത് ഉൾപ്പടെ നല്ല മാറ്റങ്ങളാണ് വരുത്തിയത് . ഇതുമൂലം തൊഴിലാളികളുടെ വേതനത്തിൽ വർധനയുണ്ടാകും . അത് വീണ്ടും ഈ വിപണിയിലേക്കു തന്നെ വരും . അങ്ങനെ സാമ്പത്തിക രംഗത്തും അതിന്റെ പ്രതിഫലനം ഉണ്ടാകും . തൊഴിൽ മാർക്കറ്റിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും നികേഷ് ചൂണ്ടിക്കാട്ടി . ഇതിനു പുറമേ അധ്യാപകരും വിദ്യാർഥികളും എല്ലാം പുതിയ സമയക്രമത്തെപ്പറ്റി ചർച്ചകളിലാണ് . സ്വകാര്യമേഖലയും പുതിയ സമയക്രമത്തിലേക്ക് മാറണമെന്ന് മന്ത്രിമാരും അഭ്യർഥിച്ചിട്ടുണ്ട് .


Post a Comment

0 Comments