Flash News

6/recent/ticker-posts

സഊദിയിലേക്ക് പ്രവേശനം; ഓരോ വിഭാഗം യാത്രക്കാരും സ്വീകരിക്കേണ്ട നിബന്ധനകൾ അറിയാം

Views
റിയാദ്: സഊദിയിലേക്ക് ഇന്ന് മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള, നേരത്തെ വിലക്കുണ്ടായിരുന്ന ആറ് രാജ്യങ്ങളിൽ നിന്നുള്ള എല്ലാവർക്കും നേരിട്ട് പ്രവേശനം അനുവദിച്ചു. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കാറ്റഗറികൾ ആയി തിരിച്ച് നിബന്ധനകൾ പാലിച്ച് പ്രവേശനം അനുവദിച്ചത്. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും കര കടൽ അതിർത്തികൾ വഴിയും പ്രവേശനം അനുവദിക്കും. അതേസമയം, ഒരു വിഭാഗം ഒഴികെയുള്ള മുഴുവൻ വിഭാഗക്കാർക്കും അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്. ഇതോടെ, ഇനി ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയിലേക്ക് വരാന്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതില്ല.

സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർ, ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ, എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്കും വ്യത്യസ്തമായ നിബന്ധനകൾ ആണുള്ളത്. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിലവിലെത് പോലെ തന്നെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒന്നുമില്ലാതെ നേരിട്ട് പ്രവേശിക്കാം. എന്നാൽ, ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ, അല്ലെങ്കിൽ വാക്സിൻ തീരെ സ്വീകരിക്കാത്തവർ എന്നിവർ അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പാക്കേജ് എടുത്തിരിക്കണം. അതേസമയം, ഡിസംബർ നാല് മുതൽ സഊദിയിൽ നിന്ന് ഒരു വാക്സിൻ എടുത്തവർക്ക് മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പാക്കേജ് മതിയാകും. ക്വാറന്റൈൻ പാക്കേജുകൾ അതാത് എയർ ലൈൻസുമായി ബന്ധപ്പെട്ടാണ് എടുക്കേണ്ടത്.

ഇത്‌ കൂടാതെ, സഊദിയിലേക്കുള്ള മുഴുവൻ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഇത്‌ വാക്സിൻ എടുത്തവവർ, എടുക്കാത്തവർ എന്ന നിബന്ധനകൾ കണക്കാക്കാതെ എല്ലാവർക്കും നിർബന്ധമാണ്. ഇതോടൊപ്പം, എല്ലാ യാത്രക്കാരും ഖുദൂം (അറൈവല്‍) പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. അഞ്ചു ദിവസ ഹോട്ടല്‍ ക്വാറന്റൈനിലെ ആദ്യ ദിവസവും അഞ്ചാമത്തെ ദിവസവും കൊവിഡ് പരിശോധന നടത്തി വൈറസ് ബാധിതനല്ലെന്ന് ഉറപ്പുവരുത്തണമെന്ന നിബന്ധനയും പാലിക്കണം.


Post a Comment

0 Comments