Flash News

6/recent/ticker-posts

വോട്ടർ കാർഡും ആധാറും ബന്ധിപ്പിക്കും; തിരഞ്ഞെടുപ്പു പരിഷ്‌കരണ ബിൽ ലോക്‌സഭ കടന്നു

Views
വോട്ടർ കാർഡും ആധാറും ബന്ധിപ്പിക്കും; തിരഞ്ഞെടുപ്പു പരിഷ്‌കരണ ബിൽ ലോക്‌സഭ കടന്നു
      

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിർപ്പിനിടെ തിരഞ്ഞെടുപ്പു പരിഷ്കരണ ബിൽ ലോക്സഭ പാസാക്കി. വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതാണ് ബില്ലിലെ മുഖ്യവ്യവസ്ഥ. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്കു മുമ്പാകെ ഇനി ആധാർ നമ്പർ കാണിച്ചാൽ മതി. വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായും ആധാർ ഉപയോഗിക്കാം.
ഒട്ടേറെ ആശങ്കകളുയർത്തുന്നതും ക്രമക്കേടുകൾക്കു വഴി വെക്കുന്നതുമായ ഭേദഗതി തിടുക്കപ്പെട്ടു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർത്തു. വോട്ടു ചെയ്യാനുള്ളത് നിയമപരമായ അവകാശമാണെന്നും ആധാറും വോട്ടർ തിരിച്ചറിയൽ രേഖയും സംയോജിപ്പിക്കരുതെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ''താമസത്തിനുള്ള തെളിവാണ് ആധാർ. അല്ലാതെ, പൗരത്വരേഖയല്ല. വോട്ടറോട് ആധാർ ചോദിക്കുമ്പോൾ താമസത്തിന്റെ രേഖ മാത്രമേ ആവുന്നുള്ളൂ. പൗരന്മാരല്ലാത്തവർക്ക് വോട്ടവകാശം നൽകുകയാണ് ഫലത്തിൽ സർക്കാർ ചെയ്യുന്നത്.''- ഇതായിരുന്നു ബില്ലിനെ എതിർത്ത് ശശി തരൂരിന്റെ വാദം.

ആധാർ നിർബന്ധമാക്കരുതെന്ന് പുട്ടസ്വാമി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ആർ.എസ്.പി.യിലെ എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയുടെയും മൗലികാവകാശത്തിന്റെയും ലംഘനമാണ് ഈ ഭേദഗതി. തിടുക്കപ്പെട്ട് ഇങ്ങനെയൊരു ബിൽ പാസാക്കുന്നതിൽ സർക്കാരിനു ദുരുദ്ദേശ്യമുണ്ടെന്നും പ്രേമചന്ദ്രൻ വിമർശിച്ചു.
തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടുകയാണ് കേന്ദ്രസർക്കാരെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് കുറ്റപ്പെടുത്തി. ഡി.എം.കെ., എൻ.സി.പി., ശിവസേന, ബി.എസ്.പി., വൈ.എസ്.ആർ. കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളും ബില്ലവതരണത്തെ എതിർത്തു.

എന്നാൽ, വ്യാജവോട്ടർമാരെയും കള്ളവോട്ടും തടയാനാണ് ഇത്തരമൊരു ബില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരിച്ചു. ബില്ലിനെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹളത്തിനിടയിൽ ലോക്സഭ പാസാക്കിയ ബിൽ ചൊവ്വാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും.

      *_ബില്ലിൽ എന്തൊക്കെ..._*

വോട്ടർ കാർഡും ആധാറും ബന്ധിപ്പിക്കും

ഇതോടെ, ഇരട്ടവോട്ട് ഇല്ലാതാവും

ഒരാൾക്ക് ഒരിടത്തു മാത്രമേ വോട്ടുചെയ്യാനാവൂ

കള്ളവോട്ട് തടയുക ലക്ഷ്യം

പട്ടികയിൽ പേരു ചേർക്കാൻ കൂടുതൽ അവസരങ്ങൾ

വർഷത്തിൽ നാലുപ്രാവശ്യം പട്ടിക പുതുക്കാം

സൈനികരുടെ 'ജീവിതപങ്കാളി'ക്ക് നാട്ടിൽ പേരു രജിസ്റ്റർ ചെയ്യാം ഇതിനായി ചട്ടത്തിൽ 'ഭാര്യ'യുടെ സ്ഥാനത്ത് 'ജീവിതപങ്കാളി' എന്നാക്കി

തിരഞ്ഞെടുപ്പു നടപടികൾക്കായി ഏതു സ്ഥലവും ഏറ്റെടുക്കാൻ കമ്മിഷന് അധികാരം




Post a Comment

0 Comments