Flash News

6/recent/ticker-posts

ഏത് അരിയും ഉപയോഗിച്ച് രുചികരമായ തേങ്ങാ ചോറ്, എല്ലാവർക്കും ഇഷ്ടപ്പെടും

Views
ഏത് അരിയും ഉപയോഗിച്ച് രുചികരമായ തേങ്ങാ ചോറ്, എല്ലാവർക്കും ഇഷ്ടപ്പെടും

ചോറില്ലാത്ത കേരളക്കര മലയാളിക്ക് ചിന്തിക്കാൻ പോലുമാകില്ല. ദിവസത്തിൽ ഒരു വട്ടമെങ്കിലും അരിയുടെ വിഭിന്ന വിഭവങ്ങൾ മുടങ്ങാതെ കഴിക്കുന്ന മലയാളികൾക്ക് അരിയാഹരങ്ങൾ നൽകുന്ന സംതൃപ്തി ചെറുതല്ല. എന്നാൽ ഓരോ വീട്ടിലെയും അരിക്കലത്തിൽ വേവുന്നത് വൃത്യസ്ത തരം അരിയാണ്. ചിലയിടത്ത് പാലക്കാടൻ മട്ടയാണെങ്കിൽ ചിലയിടത്ത് കുറുവ. ബിരിയാണി ചോറിനുള്ള അരിയിലും ഈ വ്യത്യാസമുണ്ട്. മലബാർ മേഖലയിൽ ബിരിയാണിക്ക് ജീരകശാല അരി ഉപയോഗിക്കുമ്പോൾ ചിലയിടങ്ങളിൽ‌ പ്രിയം ബസ്മതി അരിയാണ്. എന്നാൽ അരി ഏതാണെങ്കിലും അധികം ചേരുവകളില്ലാതെ എളുപ്പം തയാറാക്കാവുന്ന വിഭവമാണ് തേങ്ങ ചോറ്. മട്ട, കുറുവ, ജീരകശാല, ബസ്മതി അടക്കമുള്ള എല്ലാ തരം അരി ഉപയോഗിച്ചും തേങ്ങ ചോറ് തയാറാക്കും.
ഇനി തേങ്ങ ചോറ് തയാറാക്കുന്നതിലും വ്യത്യസ്ത രീതികളുണ്ട്. പരമ്പരാഗത രീതി തേങ്ങപ്പാൽ ചേർത്താണെങ്കിലും ചിലയിടങ്ങളിൽ വെള്ളത്തിൽ തേങ്ങ ചിരകിയിട്ടാണ് തയാറാക്കുന്നത്. ഇനി ചേരുവകളിലും നാടിന് അനുസരിച്ച് മാറ്റമുണ്ട്. ചിലയിടങ്ങളിൽ ചെറിയ ഉള്ളി ചേർക്കുമ്പോൾ ചിലയിടങ്ങളിൽ സവാളയാണ് ചേർക്കുന്നത്. തക്കാളി ചേർക്കുന്നവരുമുണ്ട്. മലബാറിൽ തന്നെ ഉലുവ, കറിവേപ്പില എന്നിവ ചേർത്തും ചേർക്കാതെയും ചോറ് ഉണ്ടാക്കാറുണ്ട്. തേങ്ങ ചോറിന് ഒന്നാം പാൽ രണ്ടാം പാൽ എന്ന വേർതിരിവില്ലാത്തതിനാൽ രുചിക്കനുസൃതമായി വെള്ളവും ചേർക്കാൻ സാധിക്കും. അരിയുടെ വേവിന് അനുസൃതമായി തേങ്ങ പാലിന്റെ അളവിലും വൃത്യാസം വരും. ജീരകശാല അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് തേങ്ങ പാൽ ആവശ്യമായി വരും. മട്ട, കുറുവ അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു കപ്പ് അരിക്ക് 3, 3.5 കപ്പ് തേങ്ങ പാൽ ആവശ്യമായി വരും. ബസ്മതി അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ എകദേശം ഒന്നേമുക്കാൽ മുതൽ രണ്ട് കപ്പ് തേങ്ങ പാൽ ആവശ്യമായി വരും. രുചികരമായ തേങ്ങ ചോറ് എങ്ങനെയാണ് എളുപ്പത്തിൽ തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
 ജീരകശാല അരി – ഒരു കപ്പ്
 തേങ്ങാപ്പാൽ – ഒന്നര കപ്പ്
 ചെറിയ ഉള്ളി – കാൽ കപ്പ് ചെറുതായി ചതച്ചത്
 വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
 പച്ചമുളക് – 2 എണ്ണം
 മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
 മല്ലിപ്പൊടി – ഒരു ടീ സ്പൂൺ
 പെരും ജീരകം പൊടിച്ചത് – അര ടീ സ്പൂൺ
 ഗരം മസാല – അര ടീ സ്പൂൺ
 പട്ട, ഏലയ്ക്ക, ഗ്രാംപൂ – രണ്ടെണ്ണം വീതം
 ഉപ്പ് – ആവശ്യത്തിന്
 കറിവേപ്പില –  ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ചതച്ചത്, പട്ട, ഏലയ്ക്ക, ഗ്രാംപൂ എന്നിവ ചേർത്ത് വഴറ്റുക. ശേഷം തേങ്ങപ്പാൽ ചേർക്കുക. ഇതിലേക്ക് പച്ചമുളക്, മല്ലി,മഞ്ഞൾ, ഗരം മസാലപ്പൊടികൾ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തിളക്കുക. തിളച്ച് തുടങ്ങുമ്പോൾ അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ച അരി ഇതിലേക്ക് ചേർത്തിളക്കുക. നന്നായി തിളച്ച് തുടങ്ങുമ്പോൾ തീ നന്നായി കുറച്ച് വച്ച് 5 മിനിറ്റ് അടച്ച് വേവിച്ചാൽ തേങ്ങ ചോറ് തയാർ. 
ജീരകശാല അരിക്ക് പകരം മട്ട, കുറുവ, ബസ്മതി എന്നിവയാണ് ഉപയോഗിക്കുന്നതെങ്കിൽ തേങ്ങപ്പാലിന്റെ അളവിൽ മാറ്റം വരുത്തുക. തേങ്ങപ്പാൽ പിഴിഞ്ഞെടുക്കാൻ സമയമില്ലാത്തവർക്ക് തേങ്ങപ്പാലിന്റെ സ്ഥാനത്ത് ചിരകിയ തേങ്ങ ചേർത്ത് പാലിന്റെ അതേ അളവിൽ ചൂട് വെള്ളം ചേർത്തും തയാറാക്കാം.


Post a Comment

0 Comments