Flash News

6/recent/ticker-posts

ഇന്ന് സമനില; പരാജയമറിയാതെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത് ഏഴ് മത്സരങ്ങൾ

Views
ഇന്ന് സമനില; പരാജയമറിയാതെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത് ഏഴ് മത്സരങ്ങൾ

ഐഎസ്എലിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഗ്രെഗ് സ്റ്റുവർട്ട് ജംഷഡ്പൂരിനായി വല ചലിപ്പിച്ചപ്പോൾ സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറുപടി ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സ് പരാജമറിയാതെ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ടതിനു ശേഷം ഇതുവരെ ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല. 

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിൻ്റെ കളിശൈലി കടമെടുത്താണ് ജംഷഡ്പൂർ കളത്തിലിറങ്ങിയത്. തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ഇരച്ചുകയറിയ ജംഷഡ്പൂർ നിരന്തരം പ്രതിരോധനിരയെ പരീക്ഷിച്ചു. പതറിപ്പോയ ബ്ലാസ്റ്റേഴ്സ് 14ആം മിനിട്ടിൽ ആദ്യ ഗോൾ വഴങ്ങി. ഫ്രീ കിക്കിൽ നിന്ന് ഗ്രെഗ് സ്റ്റുവർട്ട് നേടിയ വണ്ടർ ഗോളിൽ ജംഷഡ്പൂർ ലീഡെടുത്തു. ഗോളടിച്ചിട്ടും ജംഷഡ്പൂർ ആക്രമണം നിർത്തിയില്ല. ഇതിനിടെ സമനില പിടിക്കാൻ ബ്ലാസ്റ്റേഴ്സും ശ്രമിച്ചതോടെ കളി ആവേശകരമായി. പലതവണ ജംഷഡ്പൂർ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാൽ അടുത്ത ഗോളടിച്ചത് ബ്ലാസ്റ്റേഴ്സാണ്. 27ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ സമനില ഗോളെത്തി. മധ്യനിരയിൽ നിന്ന് പന്ത് സ്വീകരിച്ച്, നാല് ജംഷഡ്പൂർ താരങ്ങളെ മറികടന്ന് ആൽവാരോ വാസ്കസ് തൊടുത്ത ഷോട്ട് ഗോളി രഹനേഷ് തടഞ്ഞെങ്കിലും കൃത്യസമയത്ത് എത്തിയ സഹൽ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. രഹനേഷിൻ്റെ കയ്യിൽ തട്ടിയാണ് പന്ത് പോസ്റ്റിലേക്ക് കയറിയത്. സീസണിൽ സഹലിൻ്റെ അഞ്ചാം ഗോളായിരുന്നു ഇത്.

സമനില ഗോൾ വീണതിനെ തുടർന്ന് ഇരു ടീമുകളും ആക്രമണം കൊഴുപ്പിച്ചു. മത്സരത്തിൻ്റെ അവസാന 15 മിനിട്ടിൽ ബ്ലാസ്റ്റേഴ്സാണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 37ആം മിനിട്ടിൽ ലഭിക്കേണ്ട ഒരു പെനാൽറ്റി റഫറി നിഷേധിച്ചില്ലായിരുന്നെങ്കിൽ ലീഡോടെ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചേനെ. വാസ്കസിൻ്റെ ക്രോസിൽ ജംഷഡ്പൂർ താരത്തിൻ്റെ ഹാൻഡ് ബോൾ റഫറി അനുവദിച്ചില്ല.

രണ്ടാം പകുതിയിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. കൂടുതൽ അവസരങ്ങൾ തുറന്നെടുത്ത ജംഷഡ്പൂർ ആയിരുന്നു കൂടുതൽ അപകടകാരികൾ. എന്നാൽ, ഇടക്കിടെയുള്ള ആക്രമണങ്ങളിലൂടെ ബ്ലാസ്റ്റേഴ്സും ഒപ്പം പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പീറ്റർ ഹാർട്ലിയുടെ ഒരു പിഴവിൽ നിന്ന് വാസ്കസ് ചിപ് ഷോട്ടിനു ശ്രമിച്ചെങ്കിലും അത് ബാറിൽ തട്ടി മടങ്ങി. ഇതിനിടെ അഡ്രിയാൻ ലൂണ പരുക്കേറ്റ് പുറത്തുപോയത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. 84ആം മിനിട്ടിൽ ഇഷാൻ പണ്ഡിറ്റയുടെ ഒരു ഉറച്ച ഗോൾ ശ്രമം ഗോളി പ്രഭ്സുഖ ഗിൽ അതിഗംഭീരമായി സേവ് ചെയ്തതായിരുന്നു രണ്ടാം പകുതിയിലെ നിർണായക മുഹൂർത്തം. രണ്ടാം പകുതിയിലെ തുറന്ന ഒരേയൊരു അവസരമായിരുന്നു അത്.

ഇതോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ മൂന്നാമത് തുടരുകയാണ്. ജംഷഡ്പൂർ രണ്ടാം സ്ഥാനത്തുണ്ട്. ഇരു ടീമുകൾക്കും 8 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും നാല് സമനിലയും അടക്കം 13 പോയിൻ്റുണ്ട്. ആകെ അടിച്ച ഗോളുകളുടെ എണ്ണമാണ് ജംഷഡ്പൂരിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്.




Post a Comment

0 Comments