Flash News

6/recent/ticker-posts

ജിഫ്‌രി മുത്തുക്കോയ തങ്ങളെ ഫേസ്​ബുക്കിലൂടെ ആക്ഷേപിച്ച ലീഗ്​ വയനാട്​ ജില്ലാ സെക്രട്ടറി യഹ്​യാ ഖാൻ തവക്കലിനെ സ്ഥാനത്തുനിന്നും നീക്കി..

Views
കല്‍പ്പറ്റ: സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ
തങ്ങളെ അധിക്ഷേപിച്ച മുസ്ലി ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കലിനെ സ്ഥാനത്തു നിന്ന് മാറ്റി. ലീഗ് വയനാട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.

ജിഫ്‌രി തങ്ങള്‍ക്കെതിരെ വധഭീഷണിയുണ്ടായ വാര്‍ത്തയോട് അധിക്ഷേപകരമായി പ്രതികരിച്ചതിനാണ് യഹ്യാഖാനെതിരേ അടിയന്തര നടപടി സ്വീകരിച്ചത്. ഖാനോട് വിശദീകരണം ചോദിക്കാനും തീയുമാനിച്ചു.
കേരള മുസ്ലിംകളുടെ ആധികാരിക മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അദ്ധ്യക്ഷനും, കേരളത്തിലെ പൊതുസമൂഹം ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആദരണീയനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധ ഭീഷണയുണ്ടെന്ന വാര്‍ത്തയുടെ ചുവടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ജില്ലാ ലീഗ് സെക്രട്ടറി യഹ്യാഖാന്‍ തലക്കലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് വയനാട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം വിലയിരുത്തി.
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍, നാണക്കേട്’എന്നായിരുന്നു ജിഫ്രി തങ്ങള്‍ക്കെതിരായ ലീഗ് ജില്ലാ സെക്രട്ടറിയുടെ കമന്റ്. ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ ഫേസ്ബുക്ക് ലിങ്കിലാണ് വിവാദ പ്രതികരണം നടത്തിയത്. ഇതേ തുടര്‍ന്ന് യഹ്യാഖാനെതിരേ ജില്ലയിലും പുറത്തും വലിയ പ്രതിഷേധം ഉയര്‍ന്നു. സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കിനില്‍ക്കില്ലെന്ന് എസ്‌കെഎസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ കുറിപ്പിറക്കിയിരുന്നു.
തുടര്‍ച്ചയായി ജിഫ്‌രി തങ്ങളെ ജില്ലാ സെക്രട്ടറി ആക്ഷേപിക്കുകയാണെന്നുള്ള തെളിവുകള്‍ നിരത്തി ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തി. വഖഫ് വിഷയത്തില്‍ സമസ്ത നിലപാടിനെതിരെ മുല്ലാ പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍ ഇദ്ദേഹം സമസ്ത നിലപാടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രസ്താവന നടത്തിയിരുന്നു. ജിഫ്രി തങ്ങളെ ഡല്‍ഹി ഇമാമിനോട് തുലനം ചെയ്തും ഇദ്ദേഹം അവഹേളന പ്രസ്താവന നടത്തിയിരുന്നു. പരസ്യ പ്രതിഷേധം രൂപപ്പെട്ടതോടെ കമന്റ് ഡിലീറ്റ് ചെയത് യഹ്യാഖാന്‍ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താന്‍ കമന്റിട്ടതെന്നു പ്രതികരിച്ചു.
ഇത് സംബന്ധമായി എല്ലാവിധ ചര്‍ച്ചകളും ഒഴിവാക്കണമെന്നും മുസ്ലി ലീഗ് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ക്കെതിരെ വധഭീഷണിയുണ്ടായ സാഹചര്യം പാര്‍ട്ടി ഗൗരവായി കാണുന്നുവെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് യോഗം വിലയിരുത്തുകയും, അന്വഷണത്തിലൂടെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി പി എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എം എ മുഹമ്മദ് ജമാല്‍, പി കെ അബൂബക്കര്‍, പി ഇബ്രാഹിം മാസ്റ്റര്‍, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, കെ നൂറുദ്ദീന്‍ സംസാരിച്ചു.


Post a Comment

0 Comments