Flash News

6/recent/ticker-posts

ഇന്നത്തെ പള്ളിക്കാട് നാളെ ആറുവരിപ്പാത...! വെട്ടിച്ചിറ ജുമാമസ്ജിദ് 50 സെന്റ് നൽകി ജനശ്രദ്ധ നേടി.

Views
മലപ്പുറം: ആറുവരിപ്പാതയിലൂടെയുള്ള നാളത്തെ യാത്രയിൽ വെട്ടിച്ചിറ ജുമാ മസ്‌ജിദിന്‌ മുന്നിലെത്തുമ്പോൾ മനസ്സുകൊണ്ട്‌ സലാം പറയണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഖബറിടങ്ങൾ മാറ്റിസ്ഥാപിച്ച്‌ ഭൂമി നൽകിയാണ്‌ ഈ ആരാധനാലയം നാടിന്റെ വികസനത്തിൽ പങ്കാളിയായത്‌. നിസ്സാര പ്രശ്‌നങ്ങളുയർത്തി മുന്നേറ്റത്തിന്‌ തടയിടുന്നവർക്ക്‌ ഈ പള്ളിക്കമ്മിറ്റിയിൽനിന്ന്‌ ഏറെ പഠിക്കാനുണ്ട്‌.

അരീക്കാടൻ കുടുംബം നൽകിയ വഖഫ്‌ ഭൂമിയിലാണ്‌ 160 വർഷം പഴക്കമുള്ള പള്ളി. കോട്ടക്കലിനും വളാഞ്ചേരിക്കും ഇടയിൽ വെട്ടിച്ചിറ ഭാഗത്ത്‌ ദേശീയപാത 66 വിപുലീകരിക്കാൻ 50 സെന്റാണ്‌ പള്ളി വിട്ടുനൽകിയത്‌. അരീക്കാടൻ ബാവ ഹാജി (പോക്കർ) പ്രസിഡന്റും കെ കെ എസ്‌ തങ്ങൾ സെക്രട്ടറിയുമായ കമ്മിറ്റി എതിർപ്പുയർത്താതെ വികസനത്തിനൊപ്പംനിന്നു. മഹല്ലിലെ 1100 കുടുംബങ്ങളുടെ യോഗംവിളിച്ച്‌ ട്രഷറർ അബ്ദുൾ ജലീൽ സഖാഫി കാര്യങ്ങൾ വിശദീകരിച്ചു. അവർ കമ്മിറ്റിയെ പിന്തുണച്ചു.പള്ളിക്ക്‌ റോഡിന്റെ ഇരുവശത്തുമായി ഖബറിടമുണ്ട്‌. അതിൽ 700 എണ്ണമാണ്‌ ഭൂമി വിട്ടുനൽകുമ്പോൾ മാറ്റേണ്ടത്‌.

ഒരുമാസത്തിനിടെ ഇരുന്നൂറോളം പേരുടെ ഖബർ അടുത്ത ബന്ധുക്കളെ അടക്കംചെയ്‌തതിലേക്ക്‌ മാറ്റി. ബന്ധുക്കൾ ഇല്ലാത്തത്‌ പൊതു ഖബറിടം നിർമിച്ച്‌ അതിൽ അടക്കം‌ചെയ്യും. ‘നാടിന്റെ വികസനത്തിന്‌ ഭൂമി വിട്ടുനൽകിയതിൽ സന്തോഷമുണ്ട്‌. നല്ല കാര്യമല്ലേ. വിശ്വാസികൾ കൂട്ടായെടുത്ത തീരുമാനമാണ്‌. ആർക്കും എതിരഭിപ്രായമുണ്ടായില്ല’ –- മുപ്പത്‌ വർഷമായി പള്ളിക്കമ്മിറ്റി പ്രസിഡ​ന്റും മുതവല്ലിയുമായ അരീക്കാടൻ ബാവ ഹാജി പറഞ്ഞു. ഭൂമിക്ക്‌ 2.46 കോടി രൂപയാണ്‌ നഷ്ടപരിഹാരം. വഖഫ്‌ ബോർഡിന്റെ അക്കൗണ്ടിലാണ്‌ തുക എത്തുക. പള്ളിക്കമ്മിറ്റിക്ക്‌ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാൽ പണം പിൻവലിക്കാം.


Post a Comment

0 Comments