Flash News

6/recent/ticker-posts

കേരളത്തിൽ 84,000 അതിദരിദ്ര കുടുംബങ്ങൾ; കുറവ് കോട്ടയത്ത്,കൂടുതൽ മലപ്പുറത്ത്

Views

കേരളത്തിൽ 84,000 അതിദരിദ്ര കുടുംബങ്ങൾ; കുറവ് കോട്ടയത്ത്,
കൂടുതൽ മലപ്പുറത്ത്

   
തിരുവനന്തപുരം: വികസനത്തിന്റെ വെള്ളിത്തിളക്കം അവകാശപ്പെടുമ്പോഴും കേരളത്തിൽ 84,000 കുടുംബങ്ങൾ അതിദരിദ്രമെന്ന് കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ അതിദാരിദ്ര്യ സർവേ പൂർത്തിയാവുമ്പോഴാണ് പട്ടിണിയും രോഗവും കാരണവും വരുമാനമില്ലാതെയും ജീവിക്കാൻ വലയുന്ന കുടുംബങ്ങൾ കേരളത്തിൽ ഇത്രയുമുണ്ടെന്ന് വ്യക്തമാവുന്നത്.

അഞ്ചുവർഷംകൊണ്ട് കേരളത്തിൽ ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണംചെയ്യാൻ ലക്ഷ്യമിട്ടാണ് അതിദാരിദ്ര്യ സർവേ നടത്തിയത്. രാജ്യത്താദ്യമായാണ് ജനപങ്കാളിത്തത്തോടെ ഇത്തരമൊരു സർവേ. നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി.പി.എൽ.) കുടുംബങ്ങളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. രൂക്ഷമായ ദാരിദ്ര്യമനുഭവിക്കുന്നവരുടെ പട്ടിക തയ്യാറാവുന്നത് ഇപ്പോഴാണ്. സർവേയുടെ അന്തിമ ഫലം 20-ന് തദ്ദേശസ്ഥാപന തലത്തിൽ പ്രസിദ്ധീകരിക്കും.

2015-16 അടിസ്ഥാനവർഷമാക്കി അടുത്തിടെ നീതി ആയോഗ് പ്രസിദ്ധീകരിച്ച ദാരിദ്ര്യസൂചികയിൽ കേരളത്തിലായിരുന്നു ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ്- 0.7 ശതമാനം മാത്രം. ഭക്ഷണത്തിലെ പോഷകാംശം, ശൈശവ-കൗമാര മരണനിരക്ക്, പ്രസവകാല ശുശ്രൂഷ, വിദ്യാഭ്യാസം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, കുടിവെള്ളം, സാനിറ്റേഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങൾ പരിഗണിച്ചാണ് നീതി ആയോഗ് ദാരിദ്ര്യസൂചിക കണക്കാക്കിയത്.

അതിദരിദ്രരെന്നാൽ

ഒരു വരുമാനവുമില്ലാത്തവർ, വീടില്ലാത്തവർ, രണ്ടുനേരംപോലും ഭക്ഷണം കിട്ടാത്തവർ, സൗജന്യറേഷൻ പോലെ ഭക്ഷണം കിട്ടിയാലും പാകംചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തവർ, ആരോഗ്യമില്ലാത്തവരും കിടപ്പുരോഗികളും, രോഗംകൊണ്ട് കടംകയറിയവർ.

സർവേയും ഫോക്കസ് ഗ്രൂപ്പിന്റെ വിലയിരുത്തലും ഗ്രാമസഭകളുടെ പരിശോധനയും കഴിഞ്ഞ് അതിദരിദ്രമെന്ന് തിങ്കളാഴ്ചവരെ സബ്കമ്മിറ്റി അംഗീകരിച്ചത് 84,138 കുടുംബങ്ങളെയാണ്. ചില ജില്ലകളിൽ പരിശോധനകൾ പൂർത്തിയായി അന്തിമഫലം വരുമ്പോൾ ഏറ്റക്കുറച്ചിലുണ്ടാവാം. ഈ കുടുംബങ്ങളിലേറെയും ഒരംഗംവീതമാണുള്ളത്. 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ കുടുംബങ്ങൾ 78.53 ലക്ഷമാണ്. പുതിയ സർവേഫലം അനുസരിച്ച് കേരളത്തിൽ ഒരു ശതമാനത്തിലേറെ കുടുംബങ്ങൾ അതിദാരിദ്ര്യം അനുഭവിക്കുന്നു.

കോട്ടയത്തും അതിദരിദ്രർ;
മലപ്പുറം മുന്നിൽ

രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏക ജില്ലയെന്ന് നീതി ആയോഗ് പ്രഖ്യാപിച്ച കോട്ടയത്ത് അതിദാരിദ്ര്യമുള്ള 1119 കുടുംബങ്ങളുണ്ട്. കേരളത്തിൽ കോട്ടയത്താണ് ഏറ്റവും കുറവ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ-16,055.

അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം ജില്ലകളിൽ (താത്കാലിക കണക്ക്)

തിരുവനന്തപുരം 8395
കൊല്ലം 4823
ആലപ്പുഴ 4488
പത്തനംതിട്ട 3654
കോട്ടയം 1119
ഇടുക്കി 3152
എറണാകുളം 6756
തൃശ്ശൂർ 6215
പാലക്കാട് 7088
മലപ്പുറം 16,055
വയനാട് 3690
കോഴിക്കോട് 9513
കണ്ണൂർ 6327
കാസർകോട് 2863
ആകെ 84138



Post a Comment

1 Comments

  1. ഇത്രയധികം അതിദരിദ്ര കുടുംബങ്ങൾ മലപ്പുറത്തുണ്ടോ ?. ഇത്‌ ശരിയായ കണക്കാണോ ?. ഇവരെല്ലാം ശരിക്കും മലപ്പുറത്തുകാരാണോ ?. അതോ മറ്റ് ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കുടിയേറി വന്ന് ഭിക്ഷാടനം തൊഴിലാക്കിയവരാണോ എന്നുകൂടി പരിശോധിക്കണം .

    ReplyDelete