ചേലക്കുളം മുഹമ്മദ് അബുൽബുഷ്റ മൗലവി അന്തരിച്ചു
പെരുമ്പാവൂർ (എറണാകുളം): ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ആദ്യത്തെ തിരുവനന്തപുരം വലിയ ഖാദിയുമായ ചേലക്കുളം മുഹമ്മദ് അബുൽബുഷ്റ മൗലവി (കെ.എം. മുഹമ്മദ് മൗലവി -87) അന്തരിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതോടെ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം.
ഖബറടക്കം ഇന്ന് (24-01-2022- തിങ്കൾ) രാവിലെ 11.30-ന് ചേലക്കുളം ജുമാമസ്ജിദിൽ.
ചേലക്കുളം അസാസുദ്ദഅ്വ, വാഫി കോളജ് എന്നിവയുടെ സ്ഥാപകനാണ്.
നാലു പതിറ്റാണ്ട് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്നു.
1936 ജനുവരി അഞ്ചിന് ചേലക്കുളത്ത് മരക്കാർ കുഞ്ഞി ഹാജി-ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം.
ചേലക്കുളത്തെ പ്രാഥമിക പഠനകാലത്ത് പ്രമുഖ പണ്ഡിതനും തിരുവിതാംകൂറിലെ പല മഹല്ലുകളിലും ഖാദിയുമായിരുന്ന പാടൂർ തങ്ങളുടെ ശിഷ്യനായി. പുതിയാപ്പിള അബ്ദുറഹിമാൻ മുസ്ലിയാരുടെ ദർസിൽനിന്ന് വിജ്ഞാനം നേടി. വിളയൂർ അലവിക്കുട്ടി മുസ്ലിയാർ, വാളക്കുളം അബ്ദുറഹിമാൻ മുസ്ലിയാർ, ഇമ്പിച്ചി മുസ്ലിയാർ തുടങ്ങിയ നിരവധി പ്രഗൽഭരുടെ ദർസിലും പഠിച്ചു. ഉപരി പഠനത്തിനായി വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലെത്തി ബിരുദം നേടി.
കാരിക്കോട്, തേവലക്കര, മുതിരപ്പറമ്പ്, താഴത്തങ്ങാടി, ഈരാറ്റുപേട്ട, കുറ്റിക്കാട്ടൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഫലാഹിയ, മഞ്ചേരി നജ്മുൽഹുദ, ജാമിഅ മന്നാനിയ്യ തുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു.
തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന ഒ.ബി. തഖ്യുദ്ദീൻ ഫരീദുദ്ദീൻ മൗലവിയുടെ മകൾ നഫീസയാണ് ഭാര്യ.
മക്കൾ: ബുഷ്റ, ഷമീമ, മുഹമ്മദ് ജാബിർ മൗലവി, ജാസിറ, അമീന.
മരുമക്കൾ: ഹമീദ് വഹബി നെല്ലിക്കുഴി, അബ്ദുൽ മജീദ് ബാഖവി ചന്തിരൂർ, ഫസലുദ്ദീൻ ഖാസിമി ഓണമ്പിള്ളി, ബഷീർ നെടിയാമല, ഫസീല.
0 Comments