Flash News

6/recent/ticker-posts

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Views
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മതപരമായ വസ്ത്രങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി റിസ നഹാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥി സര്‍ക്കാറിന് അപേക്ഷ നല്‍കുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഉത്തരവ്.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസിന് സമാനമായ രീതിയിലാണ് എസ്പിസിക്ക് പരിശീലനം നല്‍കുന്നത്. പൊലീസില്‍ മതപരമായ അടയാളങ്ങള്‍ ഉപയോഗിക്കുന്നതിന് അനുവാദമില്ല. അതാണ് എസ്പിസിയിലും വേണ്ടത്. എന്‍സിസിയിലോ സ്‌കൗട്ടിലോ ഹിജാബോ ഫുള്‍സ്ലീവോ ധരിക്കുന്ന സാഹചര്യമില്ല- ഉത്തരവില്‍ പറയുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മതപരമായ വസ്ത്രധാരണം നിരാകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പടുവിച്ചിട്ടുള്ളത്. ഉത്തരവ് ഉടന്‍ ഹൈക്കോടതിക്ക് കൈമാറും.

സ്റ്റുഡന്റ് കേഡറ്റ് പൊലീസ് യൂണിഫോമിനൊപ്പം ഭരണഘടന ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന അവകാശപ്രകാരം തലമറയ്ക്കുന്ന തട്ടവും (ഹിജാബ്) ഫുള്‍സ്ലീവ് ഡ്രസ്സും അനുവദിക്കണമെന്നും, ഇത് മുസ്ലിം സമുദായത്തില്‍ നിന്നുള്ള കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രൊജക്ടില്‍ ഭാഗമാകാനുള്ള അവസരമൊരുക്കുമെന്നുമാണ് പരാതിക്കാരി ബോധിപ്പിച്ചത്.

കാക്കി പാന്റ്സ്, കാക്കി ഷര്‍ട്ട്, കറുപ്പ് ഷൂ, കാക്കി സോക്ക്സ്, പൊലീസ് യൂണിഫോമിലേതിനോട് സമാനമായ നീലനിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയായിരിക്കണം സ്റ്റുഡന്റ് പൊലീസ് യൂണിഫോം. നിലവില്‍ മതസൂചനകള്‍ ഇല്ലാത്തതും ലിംഗഭേദമില്ലാത്തതുമായ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് അണിഞ്ഞു പോരുന്നത്. കേഡറ്റുമാരില്‍ 50 ശതമാനവും പെണ്‍കുട്ടികളാണ്. കേഡറ്റുകളുടെ മതപരമായ വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെങ്കിലും 10-12 ശതമാനം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഇതിലുള്‍പ്പെടുന്നു എന്നാണ് അനുമാനം. ഇവരില്‍ ആരും ഇതുവരെ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി തള്ളിക്കളയുന്നു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നത് സ്വേഷ്ടപ്രകാരമുള്ള സഹ കരിക്കുലര്‍ പ്രവര്‍ത്തനമാണ്; നിര്‍ബന്ധിതമോ അനിവാര്യമോ ആയ വിദ്യാഭ്യാസ പദ്ധതിയല്ല. ഭരണഘടന 25-ാം വകുപ്പ് യുക്തമായ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നുണ്ട്. അതുപ്രകാരം സ്റ്റേറ്റിന് നിയന്ത്രണങ്ങള്‍ വെക്കാം. ആര്‍ട്ടിക്കിള്‍ 19 (2) ഉം സ്റ്റേറ്റിന് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരം നല്‍കുന്നുണ്ട്.

യൂണിഫോം പൊലീസ് സേനയുടെ ബഹുമാന്യത ഉറപ്പുവരുത്തുന്നതും, വിദ്യാര്‍ത്ഥികളില്‍ ലിംഗപരവും മതപരവും ജാതീയവുമായി വേര്‍തിരിവുകള്‍

ഇല്ലാതാക്കാനുദ്ദേശിച്ചുള്ളതുമാണ്. മതപരമായ കാര്യങ്ങള്‍ യൂണിഫോമുമായി ചേര്‍ക്കുന്നത് നിലവിലെ സാഹചര്യത്തില്‍ മറ്റ് സജീവ സേനകളിലും അത്തരം ആവശ്യങ്ങള്‍ ഉര്‍ന്നുവരാന്‍ കാരണമാകും. അത് സേനകളുടെ അച്ചടക്കത്തെയും മതേതര ഉപജീവനത്തെയും ചോദ്യം ചെയ്യും.


Post a Comment

0 Comments