Flash News

6/recent/ticker-posts

യുഎഇയിലെ രണ്ടര ദിവസം അവധി; പുതിയ രീതിയോട് സ്വകാര്യ കമ്പനികള്‍ക്ക് താല്‍പര്യമില്ല

Views
അബുദാബി: ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവൃത്തി ദിനങ്ങളാക്കിയും രണ്ടര ദിവസം അവധി നല്‍കിയുമുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് താല്‍പര്യമില്ലെന്നു റിപ്പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിലവില്‍ വരുന്ന പദ്ധതി നടപ്പിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് താല്‍പര്യമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.ജനുവരി ഒന്നു മുതല്‍ രാജ്യത്ത് പുതിയ വാരാന്ത്യ അവധി സമ്പ്രദായം നടപ്പിലാക്കാന്‍ നേരത്തേ യുഎഇ ഭരണകൂടം തീരുമാനം എടുത്തിരുന്നു. നിലവിലെ വെള്ളിയാഴ്ച അവധി ശനിയാഴ്ചയിലേക്ക് മാറ്റി പകരം വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി സമയമാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു പ്രകാരം തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ സര്‍ക്കാര്‍ ഓഫീസുകളും മറ്റും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുകയുള്ളൂ. വെള്ളിയാഴ്ച ഉച്ച മുതല്‍ ആരംഭിക്കുന്ന അവധി ശനി, ഞായര്‍ ദിവസങ്ങളിലും തുടരും. ഇതോടെ ആകെ നാലര ദിവസം പ്രവൃത്തിയും രണ്ടര ദിവസവും അവധിയും എന്നതായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രീതി.

പുതിയ വാരാന്ത്യ അവധി സമ്പ്രദായം സ്വകാര്യ മേഖലയ്ക്ക് നിര്‍ബന്ധമാക്കിയിട്ടില്ല.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന സര്‍വേയില്‍ 23 ശതമാനം കമ്പനികള്‍ മാത്രമാണ് സ്വകാര്യ മേഖലയില്‍ നിന്ന് രണ്ടര ദിവസത്തെ അവധിയെന്ന പുതിയ രീതിയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. മെര്‍സര്‍ മിഡിലീസ്റ്റ് സംഘടിപ്പിച്ച ന്യൂ യുഎഇ വര്‍ക്ക് വീക്കെന്‍ഡ് സര്‍വേയില്‍ 190 സ്വകാര്യ കമ്പനികള്‍ പങ്കെടുത്തതിലാണ് 23 ശതമാനം കമ്പനികളും പുതിയ രീതിയോട് വിമുഖത പ്രകടിപ്പിച്ചത്. അതേസമയം, വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയ തീരുമാനത്തോട് 57 ശതമാനം കമ്പനികളും യോജിപ്പാണ് പ്രകടിപ്പിച്ചത്. ശനിയും ഞായറും അവധി നല്‍കുന്നതോടൊപ്പം വെള്ളിയാഴ്ച മുഴുവന്‍ സമയവും കമ്പനികള്‍ പ്രവര്‍ത്തിക്കാനാണ് മിക്ക സ്വകാര്യ സ്ഥാപനങ്ങളുടെയും തീരുമാനം. ചില കമ്പനികള്‍ അത്യാവശ്യ ജീവനക്കാരെ മാത്രം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ഓഫീസില്‍ നിലനിര്‍ത്തുകയും ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കുകയും ചെയ്യും.അതേസമയം, രണ്ടര ദിവസം അവധി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച തൊഴിലുടമകള്‍ മറ്റ് ദിവസങ്ങളിലെ തൊഴില്‍ സമയം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍വേയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം അവധി നല്‍കുന്നതിന് പകരമായി മറ്റു പ്രവൃത്തി ദിനങ്ങളില്‍ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കില്ല. അതേപോലെ പകുതി ദിവസത്തെ അവധിക്ക് പകരമായി നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തില്‍ ആനുപാതികമായ കുറവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്നും കമ്പനി ഉടമകള്‍ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ഓഫീസില്‍ ഹാജരാവാന്‍ നിര്‍ബന്ധിക്കുന്നത് ചില രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം അവധിയായതിനാല്‍ രക്ഷിതാക്കള്‍ക്ക് ജോലിക്ക് ഹാജരാവുക പ്രയാസമാവും. അതിനാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി അനുവര്‍ത്തിക്കുന്നതായും നല്ലതെന്നും സര്‍വേ നടത്തിയ മെര്‍സര്‍ പ്രതിനിധി ടെഡ് റഫൗല്‍ അഭിപ്രായപ്പെട്ടു. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം സ്ഥാപനങ്ങളും പുതിയ അവധി സമ്പ്രദായം ബിസിനസ് മേഖലയ്ക്ക് ഗുണകരമാവുമെന്നാണ് അഭിപ്രായപ്പെട്ടത്.


Post a Comment

0 Comments