Flash News

6/recent/ticker-posts

സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Views
കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മക്കളുടെ കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തിയാണ് യുവതിയെ പരപുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് സമ്മതിപ്പിച്ചതെന്ന് സഹോദരന്‍ വെളിപ്പെടുത്തി. എട്ടുപേരാണ് സഹോദരിയെ പീഡിപ്പിച്ചത്. വിസമ്മതിച്ചപ്പോള്‍ ഒരിക്കല്‍ സഹോദരിയെ കെട്ടിയിട്ടു. അമ്മ വിചാരിച്ചാല്‍ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞു. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരലെന്നും പരാതി നല്‍കിയ യുവതിയുടെ സഹോദരന്‍ പറഞ്ഞു.

ആദ്യം അറിഞ്ഞപ്പോള്‍ സഹോദരിയുടെ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ്. മാപ്പ് പറഞ്ഞു ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി. ആലപ്പുഴയില്‍ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മര്‍ദം താങ്ങാതെ സംഭവം വെളിപ്പെടുത്തിയത്. പ്രതിക്ക് ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് തന്നെ കെണിയില്‍പ്പെടുത്തിയതെന്ന് പരാതിക്കാരിയായ പത്തനാട് സ്വദേശിയായ 27 കാരി പറയുന്നു. ആദ്യ കുട്ടിക്ക് മൂന്നു വയസ്സ് ആയതിന് ശേഷമാണ് ഭര്‍ത്താവ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയത്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭര്‍ത്താവ് രമ്യസംഭാഷണത്തിലൂടെ തിരികെ വിളിച്ചുകൊണ്ടു പോരുകയായിരുന്നു.

കയര്‍ കഴുത്തില്‍ കുരുക്കിട്ട് ഭീഷണി

മറ്റു പുരുഷന്മാര്‍ക്കൊപ്പം കിടക്കുന്നത് കാണാനാണ് ഇഷ്ടമെന്ന് പറഞ്ഞാണ് തന്നെ മറ്റുള്ളവര്‍ക്ക് കൈമാറിയിരുന്നതെന്നും യുവതി പറഞ്ഞു. എതിര്‍ത്തപ്പോള്‍ കയര്‍ കഴുത്തില്‍ കുരുക്കിട്ട് മരണത്തിന് ഉത്തരവാദികള്‍ നിന്റെ വീട്ടുകാരാണെന്ന് എഴുതിവെക്കുമെന്ന് ഭര്‍ത്താവ് ഭീഷണി മുഴക്കി. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം നിരവധി പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വന്നുവെന്നും യുവതി പറയുന്നു.

രണ്ടു മണിക്കൂറിന് 5000 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ ഭര്‍ത്താവ് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായി ഒന്നിലേറെപേര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വരികയും പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരയാകുകയും ചെയ്തു.


അഞ്ചു വര്‍ഷത്തെ പ്രണയം

ഉപദ്രവിക്കരുതെന്ന് പറഞ്ഞപ്പോള്‍ പലരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും ഇത് സഹോദരങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും, സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ഈ ക്രൂരതകള്‍ നടന്നിരുന്നതെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. പ്രണയിച്ച്‌ വിവാഹം കഴിച്ചത് കൊണ്ട് രണ്ടു വര്‍ഷം സഹിച്ചു. സഹികെട്ടാണ് പരാതി നല്‍കിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പത്തനാട് സ്വദേശിയായ യുവതി (27) ഭര്‍ത്താവ് (32) അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ 9 പേര്‍ക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. കേസില്‍ ആറു പേര്‍ അറസ്റ്റിലായി. ബാക്കിയുള്ള മൂന്നു പേരില്‍ ഒരാള്‍ സൗദിയിലേക്കു കടന്നതായാണ് വിവരം. മറ്റൊരു തരത്തിലുള്ള പെണ്‍വാണിഭമാണ് നടന്നിരുന്നതെന്നും, സംഘങ്ങളില്‍ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സംഭവത്തില്‍ അയ്യായിരത്തിനു മുകളില്‍ അംഗങ്ങളുള്ള 15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മെസഞ്ചര്‍, വാട്സ്‌ആപ്പ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഡോക്ടര്‍മാരും അഭിഭാഷകരും അടക്കം സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും ഈ ​ഗ്രൂപ്പില്‍ പങ്കാളികളാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. സംഘത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലുമാകാത്തവരും 20 വര്‍ഷം പിന്നിട്ടവരും ഉണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങള്‍ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments