Flash News

6/recent/ticker-posts

ഹോംവർക്കും വാട്സാപ് ഗ്രൂപ്പും; മാതാപിതാക്കൾ ശ്രദ്ധിക്കാൻ

Views
കുട്ടികളുടെ ഹോം വർക്കുകൾ നല്ല ‘സീൻ’ ആകുന്ന ദിവസങ്ങളാണിപ്പോള്‍. കുട്ടികൾ ഹോം വർക്ക് ചെയ്യാൻ സഹായിക്കാനായി അച്ഛനെയോ അമ്മയെയോ വിളിക്കും. പിന്നെ ഡയലോഗുകളുടെ പൂരമല്ലേ. ‘ഇത്രയായിട്ടും നിനക്കിതൊന്നും ചെയ്യാനറിയില്ലേ?’ ‘ഇതൊക്കെ പഠിപ്പിച്ചപ്പോൾ നീ എന്ത് സ്വപ്നം കണ്ടിരിക്കുകയായിരുന്നു?’ ‘ഇതൊക്കെ എത്ര പ്രാവശ്യം പഠിപ്പിച്ചു തന്നതാ?’ മാതാപിതാക്കളുടെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ് ഹോം വർക്കുകളിലുള്ളതെങ്കില്‍  ‘ടീച്ചർമാർക്ക് എന്താ പണി, അവർക്കറിയാത്തതൊക്കെ അങ്ങ് ഹോം വർക്കാക്കി കൊടുത്തോളും. കഷ്ടപ്പെടാൻ പേരന്റ്സ് ഉണ്ടല്ലോ.’ പിന്നെ എല്ലാത്തിനും പരിഹാരം നൽകാൻ ഗൂഗിൾ ഉള്ളതുകൊണ്ട് ഒരു റിലാക്സേഷൻ ഉണ്ടാകും.
എൽകെജി മുതൽ മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള കുട്ടികൾക്ക് ഹോം വർക്ക് ചെയ്യാനായി പേരന്റ്സും കൂടെയിരിക്കേണ്ടിവരും. ഏഴുവയസ്സ് കഴിഞ്ഞ കുട്ടികൾക്ക് മിക്ക ഹോം വർക്കുകളും സ്വന്തമായി ചെയ്യാൻ കഴിയും. പേരന്റ്സ് വിചാരിക്കുന്നത് എല്ലാം തങ്ങൾക്ക് അറിയുന്ന കാര്യങ്ങളാണല്ലോ എന്നാണ്. അത് തെറ്റാണെങ്കിൽ പോലും, പറഞ്ഞു കൊടുത്ത് കുട്ടികളെ അത് പഠിപ്പിച്ചെടുക്കുകയും കൂടി ചെയ്താൽ പണി കഴിഞ്ഞല്ലോ എന്ന സമാധാനമായിരിക്കും അവർക്ക്. എന്നാൽ ഹോം വർക്കുകൾ രസകരമായി ചെയ്യാനായാൽ, അത് മുതിർന്ന ക്ലാസുകളിലേക്കെത്തുമ്പോള്‍ കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു ദിനചര്യയായി മാറും. അതിനായി കുറച്ച് ടിപ്സുകൾ നൽകാം.

🕳️ പ്രത്യേക സ്ഥലം

കുട്ടികൾക്ക് പഠിക്കാൻ ഇരിക്കുന്നതിന് വേണ്ടി പ്രത്യേക മുറിയോ മേശയോ നൽകുന്നത്, ഇത് തന്റെ മാത്രം കടമയാണെന്ന തോന്നലുണ്ടാകുന്നതിന് സഹായകമാകും. മറ്റൊന്നിലേക്കും ശ്രദ്ധ തിരിയാതെ ഹോം വർക്കുകൾ വേഗം പൂർത്തിയാക്കാൻ കുട്ടികൾക്ക് സാധിക്കും. ടിവിയിലേക്ക് ശ്രദ്ധ തിരിക്കാൻ പറ്റുന്ന സ്ഥലത്താകരുത് സ്റ്റഡി ടേബിൾ വയ്ക്കേണ്ടത്.

🕳️ ഇനി പഠിക്കാം

കുട്ടികൾക്ക് വേണ്ട സാധനങ്ങളായ പെൻസിൽ, പെൻ, ഇറേസർ, ഷാർപ്നർ, സ്കൂൾ ബാഗ്, ഹോം വർക്ക് തന്നിട്ടുള്ള ബുക്കുകൾ എന്നിവയൊക്കെ പേരന്റ്സ് തന്നെ എടുത്ത് അവർക്കരികിൽ വച്ചാൽ കുട്ടികൾക്കതിഷ്ടമാവുകയും ചെയ്യും. സമയവും ലാഭിക്കാം. അല്ലെങ്കിൽ ഓരോന്നും എടുത്തു കൊണ്ടുവരാൻ അനാവശ്യമായി കുട്ടികൾ സമയം നഷ്ടപ്പെടുത്തും.

🕳️ ടെക്നോളജി

ഇപ്പോഴത്തെ ഹോം വർക്കുകളുടെ ഉത്തരം ഇന്റർനെറ്റിൽ നോക്കി കണ്ടുപിടിക്കാനൊക്കെയാണ് ടീച്ചർമാർ പറയുക. അതിനായി കുട്ടികൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യുകയോ കമ്പ്യൂട്ടർ ഉപയോഗിക്കുകയോ ചെയ്യുന്നത് പേരന്റ്സിന്റെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കണം.

🕳️ എപ്പോൾ സഹായിക്കണം

കുട്ടികൾ ചെയ്യുന്ന ഹോം വർക്കിലെ തെറ്റുകൾ മാത്രമായി ചൂണ്ടിക്കാണിച്ച് അവരെ നിരാശപ്പെടുത്താതെ, അവർക്കരികിൽ ഇരുന്ന് ശരി ഉത്തരം കണ്ടെത്തി എഴുതാനുള്ള സൂത്രങ്ങളും വിശദീകരണങ്ങളും പറഞ്ഞു കൊടുക്കുക. ഗൂഗിളിൽ സെർച്ച് ചെയ്ത് നേരിട്ട് ഉത്തരം പറഞ്ഞു കൊടുക്കുന്നത് തീർത്തും തെറ്റായ രീതിയാണ്. കണക്കുകള്‍ ചെയ്യുമ്പോൾ ശരി ഉത്തരം കിട്ടിയാൽ ഉടനെ കുട്ടിയെ അഭിനന്ദിക്കണം. അതവർക്ക് ഏറെ പ്രചോദനമേകും. കുട്ടികൾക്കുള്ള പ്രൊജക്ടുകൾ പേരന്റ്സ് അല്ല ചെയ്തു കൊടുക്കേണ്ടത്. വിഷയം കൃത്യമായി വിശദമാക്കുന്ന രീതിയിലുള്ള ആശയങ്ങളും നിർദ്ദേശങ്ങളുമാണ് നിങ്ങൾ കുട്ടികൾക്ക് നൽകേണ്ടത്. കുട്ടികളുടെ പ്രൊജക്ടുകൾ പേരന്റ്സ് ചെയ്താൽ നിങ്ങൾ കുട്ടികളുടെ ബുദ്ധി വികസിക്കാൻ അനുവദിക്കുന്നില്ല എന്നു തന്നെയാണർത്ഥം. ഒരു വാക്കിന്റ അർത്ഥം ചോദിച്ചാൽ, നേരെയങ്ങ് പറ‍ഞ്ഞു കൊടുക്കാതെ നിഘണ്ടുവിൽ നോക്കി കണ്ടുപിടിക്കേണ്ടതെങ്ങനെയെന്ന് പറ‍ഞ്ഞുകൊടുക്കുക. അത് അവർക്കും താൽപര്യമായിരിക്കും.

🕳️ ദിനചര്യ വേണം

കുട്ടികളോടൊപ്പം ചേർന്ന് അവർക്ക് വേണ്ട ദിനചര്യ ഉണ്ടാക്കുക. എഴുന്നേൽക്കേണ്ട സമയം, ഭക്ഷണം കഴിക്കേണ്ട സമയം, കുളിക്കേണ്ട സമയം, കളി സമയം, പഠിക്കേണ്ട സമയം അങ്ങനെ ഒരു പട്ടിക തയ്യാറാക്കി ദിവസങ്ങളും മാർക്ക് ചെയ്ത് കുട്ടികൾക്ക് കൊടുക്കുക. ഓരോന്നും ചെയ്യാൻ ഓർമ്മിക്കുന്നതിനായി അലാറമോ ഫോണിൽ റിമൈൻഡറോ സെറ്റ് ചെയ്ത് കൊടുക്കാം. കൃത്യമായി ടേബിൾ പാലിച്ചു പോരുന്ന ദിവസങ്ങളിൽ സ്റ്റിക്കർ കൊണ്ടോ മറ്റോ അടയാളപ്പെടുത്തി വയ്ക്കാൻ കുട്ടികളോട് പറയണം. കൃത്യമായി ദിനചര്യകൾ പാലിച്ചതായി കണ്ടാൽ ഓരോ മാസവും കുട്ടികൾക്ക് കൊച്ചു സമ്മാനങ്ങളൊക്കെ കൊടുക്കുന്നത് അവർക്ക് പ്രോത്സാഹനമാകും.

🕳️ പ്രചോദനം

കുട്ടികൾ പ്രോത്സാഹനവും അഭിനന്ദനങ്ങളും ഇഷ്ടപ്പെടുന്നവരാണ്. വലിയ സംഭവങ്ങളൊന്നും ചെയ്തില്ലെങ്കിലും, സ്വന്തമായി കണക്കുകൾ ചെയ്ത് ഉത്തരം കിട്ടുമ്പോഴും, നല്ല കൈയക്ഷരത്തിൽ എഴുതുമ്പോഴും, പ്രൊജക്ടുകൾ തയ്യാറാക്കുമ്പോഴുമൊക്കെ അവരെ അഭിനന്ദിക്കുക. അവരുടെ ചെറിയ തെറ്റുകളെ പെരുപ്പിച്ച് കാണിക്കാതിരിക്കുക. പ്രചോദനമാകുന്നതാകണം പേരന്റ്സിന്റെ ഓരോ വാക്കും.

🕳️ പങ്കാളിത്തം

‘നമുക്ക് ഹോം വർക്ക് ചെയ്യാം’, ‘നമുക്ക് പഠിക്കാം’, ‘നമുക്ക് ഇന്റർനെറ്റിൽ സെർച്ച് ചെയ്താലോ’ എന്നൊക്കെ പേരന്റ്സ് പറയുമ്പോൾ, തനിക്ക് കൂട്ടിന് മാതാപിതാക്കൾ ഉണ്ടല്ലോ എന്ന ചിന്ത കുട്ടികൾക്ക് ഉത്സാഹമേകും. ‘പോയി പഠിക്ക്’, ‘പോയി എഴുത്’, ‘നിനക്ക് നെറ്റിൽ നോക്കിക്കൂടേ’ എന്നൊക്കെ പറയുമ്പോൾ ഒരടിച്ചേൽപിക്കലായേ കുട്ടികൾക്ക് തോന്നൂ. അപ്പോൾ ഹോം വർക്കിനോടേ അവർക്ക് വിരക്തി തോന്നിതുടങ്ങും.

🕳️ എന്താണവർ പഠിക്കുന്നതെന്നറിയുക

ചിലപ്പോള്‍ ഏതൊക്കെ ഹോം വർക്കുകളാണുള്ളതെന്ന് കുട്ടികൾ മറന്നു പോയെന്നു വരാം. ഡയറിയിൽ എഴുതാന്‍ വിട്ടുപോയെന്നിരിക്കാം. ഓരോ വിഷയവും ക്ലാസ്സിൽ എന്നാണ് പഠിപ്പിച്ചതെന്നവരോട് ചോദിക്കുക. അപ്പോൾ മറന്നു പോയ പല കാര്യങ്ങളും അവർക്ക് ഓർമ്മിച്ചെടുക്കാനാകും. ഹോം വർക്കുകൾ ചർച്ച ചെയ്യുന്നതിന് വേണ്ടി  വാട്സ്ആപ്പ് ഗ്രൂപ്പുകളൊക്കെ ഇന്ന് ഉണ്ടല്ലോ. ടീച്ചർമാരുമായി ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടുന്നതും കുട്ടികളുടെ ക്ലാസ്സിലെ മികവ് എന്തെന്നറിയാൻ സഹായകമാകും..Post a Comment

0 Comments