Flash News

6/recent/ticker-posts

ആരോഗ്യവകുപ്പ്ആസ്ഥാനത്തെ അഞ്ഞൂറിലധികം ഫയലുകൾ കാണാനില്ല

Views

ആരോഗ്യവകുപ്പ്ആസ്ഥാനത്തെ അഞ്ഞൂറിലധികം
ഫയലുകൾ കാണാനില്ല

തിരുവനന്തപുരം:മരുന്നുവാങ്ങൽ ഇടപാടുകളുടേത് അടക്കം ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ഈ വിവരം ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാർ തന്നെയാണ് ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാർ കൂട്ടത്തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല.

കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു.

ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകൾ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്.

ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു.

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകൾ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാർക്കുമാർ പോലീസിനെ അറിയിച്ചത്.

സുപ്രധാന ഫയലുകൾ സൂക്ഷിച്ച സ്ഥലങ്ങൾ അടിയന്തരമായി സി.സി.ടി.വി. നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പോലീസ് നിർദേശം നൽകി.

സർക്കാർ ആശുപത്രികൾക്ക് ഒരുവർഷം ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോർ പർച്ചേസ് നിയമങ്ങൾ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്.


Post a Comment

1 Comments

  1. കാണാതായ ഫയലുകൾ ഇനിയിപ്പോ തിരിച്ചുകിട്ടിയിട്ടും എന്താണ് വിശേഷം . ജനങ്ങളുടെ നികുതിപ്പണം കമ്മീഷനായും കൈക്കൂലിയായും മോഷ്ടിച്ച ഏതെങ്കിലുമൊരു കള്ളൻ ശിക്ഷിക്കപ്പെട്ടതായി ഇന്നേ വരേ വായനക്കാർ ആരെങ്കിലും എവിടെയെങ്കിലും കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടോ ?. മഹാകവി കാളിദാസൻന്റെ ഭാഷയിൽ ഉത്തരം പറഞ്ഞാൽ "ശ്രൂയതേ ന ച ദൃശ്യതേ" . പോയത് പോയി . ഇരുമ്പ് കുടിച്ച വെള്ളം പോലെ കണക്കാക്കിയാൽ മതി . ഇനിയിപ്പോൾ അതിന്റെ പിന്നാലെ അന്വേഷണം നടത്തിയും അനേഷണക്കമ്മീഷനെ നിയമിച്ചു വേറെയും കോടികൾ കളയണോ ?. കാണാതായ ഫയലുകളുടെ കൂടെ ആ ഫയലുകളിലൂടെ നഷ്ടമായ ജനങ്ങളുടെ ഖജനാവിലെ കോടികളും അങ്ങ് പോകട്ടേ . അതൊക്കെ കട്ട്തിന്നവനും അവന്റെ വരുംതലമുറകളും പാവപ്പെട്ട ഈ ജനങ്ങളുടെ ശാപം ലോകാവസാനം വരേ അനുഭവിക്കട്ടേ . കുംഭകോണേ കൃതം പാപം , കുംഭകോണേ വിനശ്യതി.

    ReplyDelete