Flash News

6/recent/ticker-posts

മോദിയെ തടഞ്ഞത് ബി.ജെ.പിക്കാര്‍ തന്നെയാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ..

Views

മോദിയെ തടഞ്ഞത് ബി.ജെ.പിക്കാര്‍ തന്നെയാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം ദേശീയതലത്തില്‍ തന്നെ വിവാദമാകുമ്പോള്‍, മോദിയെ തടഞ്ഞത് ബി.ജെ.പിക്കാര്‍ തന്നെയാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ.

ഇന്ത്യാ റ്റുഡേ നല്‍കിയ വാര്‍ത്തയില്‍ മോദിയുടെ വാഹനവ്യൂഹത്തിനെതിരെ ഒരു ബസ് വരികയും പ്രധാനമന്ത്രിക്ക് കടന്നുപോകാനാവതെ തടസപ്പെടുന്നതുമായ ഒരു ദൃശ്യമുണ്ട്.

അതില്‍ ബി.ജെ.പിയുടെ കൊടിയും കാണുന്നുണ്ട്. ഈ ദൃശ്യം മുന്‍നിര്‍ത്തിയാണ് മോദിയെ തടഞ്ഞത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്.

കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോഴേക്കും മോദി പിരിഞ്ഞുപോയതെന്താണ്? മോദിയെ കര്‍ഷകര്‍ തടഞ്ഞു, സുരക്ഷാ പ്രശ്‌നം എന്നൊക്കെ പറഞ്ഞ് ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഈ നാടകമെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

അതേസമയം, വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നടപടിക്രമം അനുസരിച്ച് സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

അടിയന്തരമായി യാത്ര മാറ്റിയാല്‍ തന്നെ അത് കണക്കിലെടുത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കേണ്ടിയിരുന്നെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിയിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പിയും ആരോപിച്ചു. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും രംഗത്തെത്തി. വിഷയം പറയാനായി മുഖ്യമന്ത്രിയെ ഫോണ്‍ ചെയ്തിരുന്നെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും നദ്ദ ആരോപിച്ചു.

‘പഞ്ചാബിന് ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനായി എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടസ്സപ്പെട്ടതില്‍ ദുഃഖമുണ്ട്. റാലിയില്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. വിഷയം സംസാരിക്കാനായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി ചന്നി അതിന് വിസമ്മതിച്ചു’, നദ്ദ ട്വീറ്റ് ചെയ്തു.

റാലിയില്‍ പങ്കെടുക്കാന്‍ പോകവേ കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.


Post a Comment

1 Comments

  1. ഏതൊരു പൗരന്റെയും മൗലികാവകാശമാണ് സഞ്ചാരസ്വാതന്ത്ര്യം . ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാകട്ടെ , അദ്ധേഹത്തിന്റെ ഓഫിസിലെ തൂപ്പുകാരനാകട്ടെ ഭരണഘടന ഉറപ്പ് നൽകിയ മൗലികാവകാശം ആർക്കായാലും നിഷേധിക്കാൻ പാടുള്ളതല്ല . വഴിതടയുന്നവൻ ആരായാലും അവനെ വെടിവെച്ചുകൊന്നു നീക്കം ചെയ്തും സഞ്ചാരസ്വാതന്ത്ര്യം സ്ഥാപിച്ചുകൊടുക്കുക എന്നത് സ്റ്റേറ്റിന്റെ കർത്തവ്യമാണ് . പോലീസിന്റെ കയ്യിൽ തോക്ക് കൊടുത്തിട്ടുള്ളത് പുല്ലാങ്കുഴൽ വായിക്കാനല്ല .

    ReplyDelete