Flash News

6/recent/ticker-posts

സുഹൃത്തിന്റെ ചതിയിൽ 19 വർഷം അറബ് നാട്ടിലെ ജയിലിൽ...പിതാവിനെ കാണാനാകാതെ ഒടുവിൽ മോചനം...!

Views
ഗുരുവായൂർ: നീണ്ട 19 വർഷത്തെ ഗൾഫ് ജയിൽ ജീവിതത്തിന് ശേഷം ഒടുവിൽ മലയാളി നാടണഞ്ഞു. തൃശൂർ ജില്ലയിലെ ഗുരുവായൂർ പാവറട്ടി തൊയക്കാവ് പാടൂർ സ്വദേശി മമ്മസറായില്ലത്ത് ഷാഹുൽ ഹമീദ് ആണ് രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ജയിൽ മോചനം സാധ്യമായത്. ബഹ്റൈനിൽ നിന്ന് സഊദിയിലേക്കുള്ള യാത്രക്കിടെയാണ് 2003 ൽ ഷാഹുൽ ഹമീദ് ഗുരുതര കേസിൽ പോലീസിന്റെ പിടിയിലാകുന്നത്.

ദീർഘകാലം ദമാമിൽ പ്രവാസിയായിരുന്ന ഇദ്ദേഹം അവധി കഴിഞ്ഞു ചെന്നൈയിൽ നിന്നും ബഹ്റൈൻ വഴി സഊദിയിൽ പോകാനായി ബഹ്റൈൻ എയർപോർട്ടിൽ എത്തിയപ്പോഴാണ് ചതിയിലകപ്പെട്ട് ജയിലിലായത്. 09.06.2003 നാണ് ഈ സംഭവം നടക്കുന്നത്. അറേബ്യയിലേക്കുള്ള യാത്രാമധ്യേയാണ് ബഹ്റൈൻ എയർപോർട്ടിൽ വെച്ച് മയക്കുമരുന്ന് കൈവശമുള്ളതായി കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നാട്ടിലെ ഒരു പരിചയക്കാരൻ അദ്ദേഹത്തിന്റെ സഊദിയിലെ സുഹൃത്തിനു നൽകാൻ ഏൽപിച്ച പാഴ്സൽ ആണ് ഷാഹുൽ ഹമീദിനെ കുരുക്കിലാക്കിയത്. പാഴ്സലിലെ ചതിക്കുഴി മനസ്സിലാക്കാതെ മനാമയിൽ ഇറങ്ങിയ ഉടൻ കസ്റ്റംസ് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കൈവശം വെക്കുന്നത് കടുത്ത  കുറ്റമായതിനാൽ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ജയിലിലടക്കുകയും ചെയ്തു.

എന്നാൽ, ഇദ്ദേഹത്തിന്റെ നിരപരാധിത്വം മനസ്സിലാക്കിയും ചതിക്കപ്പെട്ടതാണെന്നും അറിഞ്ഞതോടെ മോചനത്തിന് വേണ്ടി നിരവധി സാമൂഹ്യ പ്രവർത്തകർ ഏറെ നാളായി ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ബഹ്റൈനിലെയും ഇന്ത്യയിലെയും ഉന്നതരെയും, ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലും, സാമൂഹ്യ പ്രവർത്തകർ ഇടപെടുകയും ഉപ്പയുടെയും ഉമ്മയുടെയും മക്കളുടെയും ഹരജികളും നിരന്തരമായ അഭ്യർഥനയും കൊണ്ട് അധികാരികളെ സമീപിക്കുകയും ചെയ്തിരുന്നു. ജീവപര്യന്ത ശിക്ഷ ആയിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും ജയിലിനകത്തെ  ഇദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള ഇടപെടലും ജയിൽ മോചനം സാധ്യമാക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ പിതാവ് മകനെ കാണണമെന്ന നീറുന്ന മനസുമായി നടന്ന് ഒടുവിൽ മകനെ കാണാൻ കഴിയാതെ മരണപ്പെട്ടു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ  മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി, വി.എസ് അച്യുതാനന്ദൻ, മുൻ കേന്ദ്ര മന്ത്രിമാരായിരുന്ന  , വയലാർ രവി തുടങ്ങി ഉന്നതരായ നിരവധി ആളുകൾ  മോചനത്തിനായി ഇടപെടലുകൾ നടത്തിയിരുന്നു. അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായി സി.കെ മേനോൻ പിഴയടച്ചു ജയിൽ മോചനം നടത്താൻ സാധിക്കുമോ എന്ന തരത്തിൽ വരെ ശ്രമങ്ങൾ നടത്തിയിരുന്നു. ഷാഹുൽ ഹമീദിന്റെ കുടുംബത്തിന്റെ ദയാഹരജി ബഹ്റൈൻ കോടതിയിലും ബഹ്റൈൻ ഗവർണറേറ്റിലും എത്തിച്ചും മോചനത്തിന് ശ്രമം നടന്നിരുന്നു.
കൂടാതെ സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, റഫീഖ് അബ്ദുല്ല, ഷംസുദ്ദീൻ കാളത്തോട് എന്നിവർക്ക് പുറമേ ഇന്ത്യൻ ക്ലബ്, ബഹ്റൈൻ മലയാളി സമാജം എന്നീ സംഘടനകളും ഇദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമം നടത്തിയിരുന്നു. ഷാഹുൽ ഹമീദിന് ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. അവരുടെ നീണ്ട കാത്തിരിപ്പിന് വിരാമമായി ഷാഹുൽ ഹമീദിന്റെ വരവിനായി കുടുബം കൺകുളിർക്കെ കാണാനിരിക്കെയാണ് കഴിഞ്ഞ ദിവസം ജയിൽ മോചിതനായത്. യാത്രാ സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ എംബസിയുടെ ഔട്ട് പാസ് വഴിയാണ് കഴിഞ്ഞ ദിവസം എയർ അറേബ്യയിൽ ഷാർജ വഴി നാട്ടിലേക്ക് യാത്രയായത്.


Post a Comment

0 Comments