Flash News

6/recent/ticker-posts

സര്‍ക്കാരിനെ ഞെട്ടിച്ച് ഗവര്‍ണര്‍: നയ പ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഉപാധി, നേരിട്ട് കണ്ട് മുഖ്യമന്ത്രി

Views


തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ നയംപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ ഉപാധിവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രി അടക്കം അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അനിശ്ചിത്വത്തിലായി.  സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വ സംഭവമാണിത്.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

പെന്‍ഷന്‍ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ല. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. പേഴ്സണല്‍ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവര്‍ക്ക് ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഒരു നാണവുമില്ലാത്ത ഏര്‍പ്പാടാണത്– മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ക്ക് കൈമാറുകയും ഗവര്‍ണര്‍ അത് സഭയിലെത്തി വായിക്കുകയും ചെയ്യുന്നതാണ് നിലവിലെ കീഴ്‌വഴക്കം. എന്നാല്‍ നയംപ്രഖ്യാപനം അംഗീകരിക്കാന്‍ ഉപാധിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഇത് അംഗീകരിക്കുമോ അതല്ലെങ്കില്‍ മറ്റേത് രീതിയിലാകും പ്രതികരിക്കുക എന്നതും കണ്ടറിയേണ്ടതാണ്. നാളെ ഗവര്‍ണര്‍ സഭയിലെത്തുമോ എന്നത് ഇതോടെ ആകാംക്ഷയായി.



Post a Comment

0 Comments