Flash News

6/recent/ticker-posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവരുടെ വിവരവും തുകയും രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ കാണാനില്ല...!!!

Views
2018ലെ പ്രളയകാലത്ത്​ ഉള്‍പ്പെടെ ലഭിച്ച കോടിക്കണക്കിന്​ രൂപയുടെ വിവരങ്ങളാണ്​ എറണാകുളം കലക്​ടറേറ്റില്‍നിന്ന്​ അപ്രത്യക്ഷമായത്​. എറണാകുളം ജവാന്‍ ക്രോസ് റോഡ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ നിവേദനത്തെതുടര്‍ന്ന്​ നടന്ന അന്വേഷണത്തിലാണ്​ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്​.
ധനകാര്യ പരിശോധനസംഘം കലക്ടറേറ്റിലും ജില്ലയിലെ വിവിധ താലൂക്ക് ഓഫിസുകളിലും പരിശോധിച്ചപ്പോഴാണ് ഫയലുകള്‍ കാണാനില്ലെന്ന് വ്യക്തമായത്. അതേസമയം, കോടിക്കണക്കിന്​ രൂപയുടെ തിരിമറി നടന്നിരിക്കാവുന്ന സംഭവത്തില്‍, നിലവില്‍ 2018ലെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ്​ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന്​ സസ്​പെന്‍ഷനിലായ സെക്​ഷന്‍ ക്ലര്‍ക്കിനെ പഴിചാരി ഉന്നതരെ രക്ഷപ്പെടുത്താനാണ്​ നീക്കം. സര്‍ക്കാര്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ജൂനിയര്‍ സൂപ്രണ്ട് എ.എസ്. മീനാകുമാരി, ക്ലര്‍ക്ക് വിഷ്ണു പ്രസാദ് എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്​ പരിശോധന സംഘം ശിപാര്‍ശ ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2018 ഏപ്രില്‍ ഒന്നുമുതല്‍ 2021 മാര്‍ച്ച്‌ 31 വരെ സംഭാവന നല്‍കിയതിന്‍റെ വിവരങ്ങളാണ് പരിശോധനക്ക് ആവശ്യപ്പെട്ടത്. 2018 ഏപ്രില്‍ ഒന്നുമുതല്‍ 2020 ഫെബ്രുവരി മൂന്നുവരെ ലഭിച്ചതിന്‍റെ വിവരങ്ങള്‍ കലക്ടറേറ്റിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. സംഭാവന സ്വീകരിച്ച്‌ ദാതാവിന് നല്‍കിയ രസീതും പരിശോധനക്ക് ലഭിച്ചില്ല. 2018-19 കാലത്ത് പ്രളയം ഗുരുതരമായി ബാധിച്ച എറണാകുളം ജില്ലയില്‍, ധാരാളം തുക സംഭാവന നല്‍കിയിരുന്നു.
ചിലര്‍ പണവും കുറേപ്പേര്‍ സ്വര്‍ണവും നല്‍കി. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പരിശോധനസംഘത്തിന്​ ആദ്യം നല്‍കിയില്ല. ഒടുവില്‍ 2021 സെപ്റ്റംബര്‍ ഏഴിനാണ് നല്‍കിയത്. വിജിലന്‍സ് അന്വേഷണത്തെതുടര്‍ന്ന് ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള സെക്​ഷന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദാണ്​ എല്ലാത്തിനും ഉത്തരവാദി എന്നാണ്​ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. രജിസ്റ്റര്‍ വിഷ്ണുപ്രസാദാണ് തയാറാക്കിയത്.
എന്നാല്‍, രജിസ്റ്റര്‍ കലക്ടറെ അടക്കം ബോധ്യപ്പെടുത്തിയതാണെന്ന്​ വിഷ്ണുപ്രസാദ് മൊഴിനല്‍കി. വിഷ്ണുപ്രസാദ് അറസ്റ്റിലായ കാലയളവിലാകും രജിസ്റ്ററുകള്‍ കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവുകയെന്നുമാണ്​ സി.എം.ഡി.ആര്‍.എഫ് സെക്​ഷന്‍റെ ചുമതല ഉണ്ടായിരുന്ന ജൂനിയര്‍ സൂപ്രണ്ട്​ എ.എസ്. മീനാകുമാരി മൊഴി നല്‍കിയത്​. 2019 ആഗസ്റ്റ് ഏഴുമുതല്‍ 2020 ജൂലൈ 15 വരെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി.എ. അഷ്​റഫ്, മറ്റ് തിരക്കുകള്‍ കാരണം രജിസ്റ്റര്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.
2019 ഫെബ്രുവരി ഒന്നുമുതല്‍ 2020 ജൂണ്‍ 15 വരെ ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിച്ചിരുന്ന കെ. ചന്ദ്രശേഖരന്‍ നായര്‍, സെക്​ഷന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് കലക്ടര്‍ക്ക് നേരിട്ട് ഫയല്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്ന്​ മൊഴി നല്‍കി.

ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്​ച

കൊച്ചി: ദുരിതാശ്വാസ നിധി സംഭാവന രജിസ്റ്റര്‍ കാണാതായതില്‍ ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്​ച. 2018 സെപ്റ്റംബറില്‍ സംഭാവന പണമായി സ്വീകരിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നിട്ടും താലൂക്ക് ഓഫിസുകളില്‍ അടക്കം സംഭാവന പണമായി സ്വീകരിച്ചു. ലഭിച്ച സംഭാവനകളുടെ പൂര്‍ണ വിവരങ്ങള്‍ ഒരിടത്തും ലഭ്യമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടില്‍ നിക്ഷേപിച്ചത് സംബന്ധിച്ച വിവരങ്ങളുമില്ല.


Post a Comment

0 Comments