Flash News

6/recent/ticker-posts

ഹിജാബ് വിലക്ക് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധം: കാന്തപുരം

Views


ഹിജാബ് നിരോധിക്കാനുള്ള ഏതൊരു ശ്രമവും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സ്ത്രീയുടെ സ്വത്വത്തിന്റെയും അനിവാര്യമായ മതകീയ ആചാരത്തിന്റെയും ഭാഗമാണ് ശിരോവസ്ത്രം. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടനാ സംവിധാനങ്ങള്‍ എല്ലാ വിശ്വാസങ്ങളോടും ആചാരങ്ങളോടും മാന്യത പുലര്‍ത്തുന്നതാണ്. എല്ലാവരെയും പൂര്‍ണമായും ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുന്ന സമീപനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. വിശ്വാസം, സംസ്‌കാരം, വസ്ത്രധാരണം തുടങ്ങിയ എല്ലാ കാര്യത്തിലുമുള്ള ബഹുസ്വരതയാണ് രാജ്യത്തിന്റെ സ്വഭാവവും സൗന്ദര്യവും. വൈവിധ്യത്തിന്റെ ഈ സൗന്ദര്യമാകട്ടെ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. അത് സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് കാന്തപുരം പറഞ്ഞു


രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ സമരം സമാധാനം തകര്‍ക്കുകയാണ്. ജനങ്ങളുടെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ തിരിഞ്ഞ് രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചില നിക്ഷിപ്ത ഗ്രൂപ്പുകള്‍ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്ത് ഭരണഘടനയാണ് പരമോന്നതമായി നിലകൊള്ളുന്നത്. അവരുടെ വിശ്വാസം അനുശാസിക്കുന്ന ഏത് വസ്ത്രവും ധരിക്കുക എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) അനുസരിച്ച് ‘മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം’ ഉറപ്പുനല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് ഇടപെടലോ തടസ്സമോ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കാന്തപുരം ഓര്‍മിപ്പിച്ചു .

‘മതം’ എന്ന പദം ഒരു മതത്തിന്റെ അവിഭാജ്യമായ എല്ലാ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉള്‍ക്കൊള്ളുമെന്ന് 1954 ലെ ശ്രൂര്‍ മട്ട് കേസില്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടരുത്. ജനങ്ങളും സര്‍ക്കാരുകളും മുസ്ലീം പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയും വിദ്യാഭ്യാസ പുരോഗതിയില്‍ അവരെ പിന്തുണയ്ക്കുകയും വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. കാമ്പസുകളില്‍ ഉടലെടുക്കുന്ന വിവാദങ്ങളും അന്യവത്കരണവും അവരെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും പുരോഗതിയില്‍ നിന്നും അകറ്റും. മുസ്‌ലിം സ്ത്രീകളെ വിദ്യാഭ്യാസ മേഖലയിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാരുകളുടെയും മുസ്‌ലിം സമൂഹത്തിന്റെയും കൂട്ടായ ശ്രമങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വിദ്വേഷ പ്രചരണം അവസാനിപ്പിക്കാന്‍ എല്ലാ വിഭാഗങ്ങളോടും കാന്തപുരം അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഇത്തരം ദേശ വിരുദ്ധര്‍ക്ക് സഹായകരമായ സമീപനം സ്വീകരിക്കുന്നത് രാജ്യത്തിന്റെ യശസ്സ് തകര്‍ക്കാന്‍ വഴിവെച്ചു കൊടുക്കലാകും.

സ്‌കൂളുകളിലും കോളേജുകളിലും മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം കര്‍ണാടക ഹൈക്കോടതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്തപുരം പറഞ്ഞു. പരമ്പരാഗതവും ഭരണഘടനാപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള മാര്‍ഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മര്‍കസ് നോളെജ് സിറ്റി ഡയറക്ടര്‍ ഡോ എപി അബ്ദുല്‍ ഹകീം അസ്ഹരി ,കര്‍ണാടക എസ് വൈ എസ് സെക്രട്ടറി ബഷീര്‍ സഅദി ,ജുമാ മസ് ജിദ് ട്രസ്റ്റ് ബോര്‍ഡ് സെക്രട്ടറി ഉസ്മാന്‍ ശരീഫ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments