Flash News

6/recent/ticker-posts

മോൾക്ക് സുഖമില്ല ആംബുലൻസിലാണ്, ബിസ്കറ്റ് വാങ്ങിത്തരാമോ? മാതൃകയായി പൊലീസ്

Views


അടൂർ ഏനാത്ത് പൊലീസിന് ഒരു സാധാരണ ദിനമായിരുന്നു അന്ന്. അപ്രതീക്ഷിതമായി എത്തിയ ഫോൺ കോളും പിന്നീടുള്ള സംഭവവികാസങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറി. കബളിപ്പിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും ദൗത്യം പൂർത്തിയാക്കിയതോടെ പൊലീസിൻ്റെ മാതൃകാപരമായ സേവനത്തിന് കൈയ്യടി ലഭിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യർഥിച്ച് ഫോൺ വിളി എത്തിയത്. മോൾക്ക് സുഖമില്ല, ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞ് ഒന്നും കഴിച്ചിട്ടില്ല. ആംബുലൻസ് നിർത്തി ആഹാരം വാങ്ങിയാൽ സമയം നഷ്ടപ്പെടും. അതിനാൽ ബിസ്കറ്റ് വാങ്ങി ആംബുലൻസിനരികിൽ എത്തിക്കാമോ എന്നായിരുന്നു സഹായാഭ്യർഥന.

ഒന്നമാന്തിച്ചെങ്കിലും കൂടുതൽ ചിന്തിക്കാതെ രണ്ട് ഉദ്യോഗസ്ഥർ ബിസ്കറ്റ് വാങ്ങി കാത്തു നിന്നു. എസ് ഐ ടി.സുമേഷും സിവിൽ പൊലീസ് ഓഫിസർ കെഎം മനൂപാണ് ഏനാത്ത് പാലത്തിന് സമീപം നിന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാധാകൃഷ്ണനും ഒപ്പം ചേർന്നു. അപ്പോഴേക്കും റാന്നി ഭാഗത്തുള്ള ആംബുലൻസ് എത്തി. വേഗം കുറച്ചപ്പോഴേക്കും ആംബുലൻസിലിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾക്ക് ബിസ്കറ്റ് കൈമാറുകയും ചെയ്തു.

കുഞ്ഞിന്റെ രോഗ വിവരം തിരക്കിയും സ്ഥലം ചോദിച്ചും സമയം നഷ്ടപ്പടുത്താൻ ശ്രമിക്കാതെ ദൗത്യം പൂർത്തിയാക്കി പൊലീസ് മടങ്ങി. ഒരു കുഞ്ഞിൻ്റെ വിശപ്പകറ്റാൻ പൊലീസ് നടത്തിയ ഇടപെടലിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. മാതൃകാപരമായ സേവനത്തിന് സല്യൂട്ട്.



Post a Comment

0 Comments