Flash News

6/recent/ticker-posts

കോവിഡ് നാലാം തരംഗത്തിനുള്ള സൂചന നല്‍കി പ്രധാനമന്ത്രി; ജാഗ്രത തുടരാന്‍ ആഹ്വാനം

Views

ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദമായ എക്സ്ഇ പല രാജ്യങ്ങളിലും ആശങ്ക വിതയ്ക്കവേ ഇന്ത്യയിലെ ജനങ്ങളും ജാഗ്രത കൈവിടരുതെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ഇനിയും രാജ്യത്ത് നിന്ന് ഇല്ലാതായിട്ടില്ലെന്നും അതിവേഗം മാറുന്ന വൈറസ് പല രൂപത്തിലും മടങ്ങിയെത്താമെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ ജനങ്ങളോട് സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു. വൈറസിന്‍റെ പുതു രൂപങ്ങളെ കരുതിയിരിക്കണമെന്നും പ്രതിരോധം തുടരണമെന്നും മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കോവിഡ് മഹാമാരി വലിയൊരു വെല്ലുവിളിയാണെന്നും അത് കഴിഞ്ഞെന്ന് പറയാറായിട്ടില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അത് തത്ക്കാലത്തേക്ക് അടങ്ങിയെങ്കിലും എപ്പോഴാണ് തിരികെയെത്തുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പല രൂപത്തിലെത്തുന്ന വൈറസിനെ തടുക്കാന്‍ 185 കോടിയോളം ഡോസ് വാക്സീന്‍ ഇന്ത്യ നല്‍കിയെന്നും ഇത് ലോകത്തെ അദ്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിന്‍റെ ഇന്ത്യയിലെ നാലാം തരംഗത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

ഇന്ത്യയില്‍ അടുത്ത കോവിഡ് തരംഗം ജൂണ്‍-ജൂലൈ മാസത്തോടെയെത്തി ഓഗസ്റ്റില്‍ മൂര്‍ധന്യാവസ്ഥ പ്രാപിക്കുമെന്ന് ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു. ഒമിക്രോണിന്‍റെ ബിഎ1, ബിഎ.2 ഉപവകഭേദങ്ങള്‍ ചേര്‍ന്നുള്ള എക്സ്ഇ ഉപവകഭേദം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയിലെ 67കാരനിലാണ് എക്സ്ഇ ഉപവകഭേദം കണ്ടെത്തിയത്. യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത എക്സ്ഇ ഇന്നേ വരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വകഭേദങ്ങളില്‍ വച്ച് ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Post a Comment

0 Comments