Flash News

6/recent/ticker-posts

അങ്ങ് അര്‍ജന്റീനയിലുമുണ്ട് സന്തോഷ് ട്രോഫിക്ക് പിടി; കേരളത്തിന്റെ ആരാധകനായി അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോ; വൈറല്‍ വീഡിയോ

Views


അര്‍ജന്റീനിയന്‍ ദേശീയ ടീമിനും സൂപ്പര്‍ താരം ലയണല്‍ മെസിക്കും കേരളത്തില്‍ ലക്ഷക്കണിക്ക് ആരാധകരുണ്ട്. എന്നാല്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ ആരാധകനായ അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളിലെ താരം.

കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിലെ കേരളം-കര്‍ണാടക മത്സരത്തിനിടെ തിങ്ങിനിറഞ്ഞ ഗ്യാലറിയില്‍ നിന്ന് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സമീര്‍ പിലാക്കല്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘എന്റെ പേര് ഫെര്‍ണാണ്ടോ, ഞാന്‍ അര്‍ജന്റീനക്കാരനാണ്, ഞാന്‍ കേരളത്തെ ഇഷ്ടപ്പെടുന്നു, ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്നു, ഞാന്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നു,’ എന്നാണ് ഫെര്‍ണാണ്ടോ വീഡിയോയില്‍ പറയുന്നത്. അര്‍ജന്റീനയുടെ ദേശീയ പതാക കൈയില്‍ പിടിച്ചായിരുന്നു ഫെര്‍ണാണ്ടോ ഗ്യാലറില്‍ ഇരുന്നത്.

കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അടക്കമുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘കേരള ഫുട്ബോളിന് മറഡോണയുടെ, മെസിയുടെ നാട്ടില്‍ നിന്നൊരു ആരാധകന്‍. ഫുട്ബോളിനോടുള്ള പ്രണയത്തില്‍ മലപ്പുറവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഒരേ തട്ടിലാണെന്നതില്‍ സംശയമില്ല. മഞ്ചേരിയിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്കിടയിലെ അര്‍ജന്റീനക്കാരനായ ആരാധകന്റെ ആവേശം വിളിച്ചു പറയുന്നത് ജാതി-മത-ദേശ-ഭാഷ-സംസ്‌ക്കാര അതിരുകള്‍ ഭേദിച്ചിടുന്ന ഫുട്ബോള്‍ പ്രണയമാണ്,’ എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.

അതേസമയം, സന്തോഷ് ട്രോഫി ഫുട്ബോളില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം ഫൈനലില്‍ പ്രവേശിച്ചിരുന്നു. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകള്‍ നേടിയ ടി.കെ. ജെസിനാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. ഷിഖില്‍, അര്‍ജുന്‍ ജയരാജ് എന്നിവരും കേരളത്തിനായി വലകുലുക്കി.30ാം മിനിറ്റില്‍ പകരക്കാരനായാണ് ജെസിന്‍ കളത്തിലിറങ്ങിയത്. ആദ്യപകുതിയില്‍ തന്നെ ജെസിന്‍ ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു. 10 മിനിറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്.

ഷിഖിലാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. 24ാം മിനിറ്റില്‍ 10ന് പിന്നിലായ ശേഷമാണ് കേരളത്തിന്റെ തിരിച്ചുവരവ്. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ബംഗാളും മണിപ്പുരും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലില്‍ നേരിടും.




Post a Comment

0 Comments