Flash News

6/recent/ticker-posts

മലപ്പുറം വാഹന പരിശോധന കടുപ്പിച്ചു; മുൻ വർഷങ്ങളിൽ നിന്നും അപകട മരണ നിരക്ക് കുറഞ്ഞു.

Views

മലപ്പുറം : അപകടങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം പ്രത്യേക പരിശോധന തുടങ്ങിയതോടെ ജില്ലയില്‍ അപകട മരണങ്ങള്‍ കുറഞ്ഞു
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ വിവിധ അപകടങ്ങളിലായി 78 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 96 പേരാണ് മരിച്ചത്. 2020ല്‍ 87 പേരും 2019ല്‍ 115 പേരും മരണമടഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ കാലം കൂടിയായിരുന്നു ഇത്.

എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നതോടെ സ്ഥിരം പരിശോധനകള്‍ക്ക് പകരം അപകടങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുന്ന രീതിയാണിപ്പോള്‍ സ്വീകരിക്കുന്നത്. ബൈക്ക്,​ കാറുകള്‍ എന്നിവയാണ് കൂടുതലായും അപകടത്തില്‍പെടുന്നത് എന്നതിനാല്‍ ഈ വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. റംസാനില്‍ വൈകീട്ട് അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച്‌ ബോധവത്കരണ പ്രവ‌ര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജില്ലയിലെ നിരത്തുകളില്‍ 288 ജീവനുകളാണ് പൊലിഞ്ഞത്. ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് ജനുവരി - 39,​ ഡിസംബര്‍ - 43 മാസങ്ങളിലാണ്. മേയ് - 6 പേര്‍,​ ജൂണ്‍ - 8 പേര്‍ എന്നിങ്ങനെയാണ് മരണം കുറഞ്ഞ മാസങ്ങള്‍. അമിതവേഗതയും അശ്രദ്ധയുമാണ് കൂടുതല്‍ മരണങ്ങള്‍ക്കും വഴിവയ്ക്കുന്നത്. 2020ല്‍ 240 പേരാണ് മരിച്ചത്. 2019ലാണ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. 367 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

മരണങ്ങള്‍ കുറയ്ക്കാനായെങ്കിലും അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 783 അപകടങ്ങളാണ് സംഭവിച്ചത്. ജനുവരിയില്‍ 276,​ ഫെബ്രുവരി - 220,​ മാര്‍ച്ച്‌ - 287 അപകടങ്ങളുണ്ടായി. 864 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇക്കാലയളവ് പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത് ഈ വര്‍ഷമാണ്.


Post a Comment

0 Comments