Flash News

6/recent/ticker-posts

വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവ് ശിക്ഷ

Views

കൊല്ലം: വിസ്മയ വി. നായരുടെ മരണത്തിന് ഉത്തരവാദിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഐപിസി 304 ബി, 498 എ, 306, 323, 506 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത് ആണ് വിധി പറഞ്ഞത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതി കിരൺ കുമാർ കോടതിയോടു പറഞ്ഞു. 31 വയസ് മാത്രം പ്രായമുള്ള തന്റെ പ്രായം കൂടി കണക്കിലെടുക്കണമെന്നും വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം തന്റെ ചുമതലയിലാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു.
എന്നാൽ, ഇതൊരു വ്യക്തിക്കെതിരായ കേസ് മാത്രമല്ലെന്നും സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരായ സന്ദേശമാണ് ഈ കേസിന്റെ വിധി സമൂഹത്തിനു നൽകേണ്ടതെന്ന് സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് കോടതിയോട് അഭ്യർഥിച്ചു. അപൂർവം അവസരങ്ങളിലെങ്കിലും ആത്മഹത്യ പ്രേരണക്കുറ്റം കൊലക്കുറ്റത്തിനു സമാനമായി പരി​ഗണിക്കാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുന്നതും ആവശ്യപ്പെടുന്നതും സർവീസ് ചട്ടങ്ങളുടെ ഭാ​ഗമാണ്. പ്രതി ഈ നിയമവും ലംഘിച്ചെന്ന് മോഹൻ രാജ് ചൂണ്ടിക്കാട്ടി.

അതേ സമയം, പ്രതിയുടെ പ്രായവും മുൻകാലങ്ങളിൽ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നതും പരി​ഗണിക്കണമെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ അഡ്വ. പ്രതാപ് ചന്ദ്രൻ പിള്ള കോടതിയിൽ ചൂണ്ടിക്കാട്ടി. വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരും കോടതിയിൽ ഹാജരുണ്ടായിരുന്നു. പ്രതിയുടെ അഭിപ്രായം കേട്ട ശേഷം ആദ്യം പ്രോസിക്യൂഷന്റെയും പ്രതിഭാ​ഗം അഭിഭാഷകന്റെയും അന്തിമ വാദവും കോടതി കേട്ടു. 45 മിനിറ്റോളം നീണ്ട വാദ പ്രതിവാദ​ങ്ങൾക്കു ശേഷം ജഡ്ജി ചേംബറിലേക്കു മടങ്ങിയാണ് അന്തിമ വിധി തയാറാക്കിയത്.


കിരൺ കുമാറിനെതിരേ ചുമത്തപ്പെട്ട കുറ്റങ്ങളും ശിക്ഷയും.

ഐ പിസി 304 

ബിസ്ത്രീധന പീഡനത്തെ തുടർന്നുളള മരണത്തിൻറെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വർഷത്തിൽ കുറയാതെയുളള തടവോ അല്ലെങ്കിൽ ജീവപര്യന്തമോ ആണ് ഈ വകുപ്പിൽ കിട്ടാവുന്ന പരമാവധി ശിക്ഷ.


ജഡ്ജി കെ.എൻ. സുജിത്

ഐപിസി 498 എ
സ്ത്രീധനത്തിൻറെ പേരിലുളള പീഡനത്തിനെതിരായ വകുപ്പ്. മൂന്നു വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം

ഐപിസി 306
ആത്മഹത്യാ പ്രേരണ കുറ്റം. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 306

ഐപിസി 323
ശാരീരികമായ ഉപദ്രവത്തിനെതിരായ വകുപ്പാണിത്. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഒപ്പം പിഴയും പ്രതിയിൽ നിന്ന് ഈടാക്കാനാകും.


പ്രോസിക്യൂട്ടർ ജി. മോഹൻ രാജ്

ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജ് ഹാജരായി. ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു വിസ്മയ കേസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയായതെന്നും ഈ തെളിവുകൾ കോടതി അം​ഗീകരിച്ചതിൽ അഭിമാനമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാർ പറഞ്ഞു.


ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി

അവസാന വർഷ ബിഎഎംസ് വിദ്യാർഥിനിയും. കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് വെഹിക്കൾ ഇൻസ്പെകറ്ററും. വിസ്മയയുടെ മരണത്തെത്തുടർന്ന് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
2020 മേയ് 30നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വർഷം ജൂൺ 21 ന് വിസ്മയ ഭർതൃ​ഗൃഹത്തിൽ ജീവനൊടുക്കി. കഴിഞ്ഞ ജനുവരി പത്തിനാണ് കേസിൻറെ വിചാരണ ആരംഭിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിൻറെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പടെ 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ നൽകിയത്.
എന്നാൽ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം.


ഡിവൈഎസ്പി പി. രാജ്കുമാർ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ കേസിലെ പ്രതി കിരൺകുമാറിനെതിരെ ചുമത്തിയത്. രണ്ടെണ്ണമൊഴികെ, കുറ്റകൃത്യങ്ങളെല്ലാം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്ന് കോടതി കണ്ടെത്തി.



Post a Comment

0 Comments