Flash News

6/recent/ticker-posts

പ്രതിദിനം 12 ലക്ഷത്തിലേറെ വരുമാനമുള്ള കാസർകോട് കെഎസ്ആർടിസി ഡിപ്പോ; ഇപ്പോൾ ഇന്ധനം പോലുമില്ലാത്ത അവസ്ഥ

Views
കെഎസ്ആർടിസിയിൽ ഡീസലിന് പണം നൽകാതെ അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ ഇടയ്ക്കിടെ മുടങ്ങുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു.കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ പ്രതിദിനം 12 ലക്ഷം രൂപ വരെ വരുമാനമുണ്ട്. ഇതിൽ 5 ലക്ഷം രൂപയും കാസർകോട് –മംഗളൂരു അന്തർ സംസ്ഥാന സർവീസുകൾ മുഖേനയാണ്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർ നേരിട്ട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ എത്തിക്കുകയായിരുന്നു. കേരളത്തിന്റെ സർവീസുകൾ മുടങ്ങുമ്പോൾ കർണാടക ആർടിസി പലപ്പോഴും അധിക സർവീസുകൾ നടത്തി ലാഭമുണ്ടാക്കുന്നുണ്ട്.

മുടക്കം പതിവ്-ബൾക്ക് പർച്ചേസ് സംവിധാനത്തിൽ കെഎസ്ആർടിസി ലീറ്ററിനു പൊതു സംവിധാനത്തിലുള്ള വിലയെക്കാൾ 25 രൂപ അധികം നൽകണമെന്ന വ്യവസ്ഥ വന്നതോടെ വിതരണം റീട്ടെയിൽ ഡീലർ മുഖേനയായി. റീട്ടെയിൽ ഡീലർക്ക് കെഎസ്ആർടിസിയിൽ നിന്ന് ഡീസൽ കുടിശിക തുക കൃത്യമായി കിട്ടുന്നില്ല. പണം കിട്ടാതെ ഡീസൽ തരാനാവില്ലെന്ന് റീട്ടെയിൽ ഡീലർ അറിയിച്ചതിനാൽ വെള്ളിയാഴ്ച 80 വരെ ട്രിപ്പ് സർവീസ് ആണ് മുടങ്ങിയത്.കെഎസ്ആർടിസി കോഴിക്കോട് സോണൽ ഓഫിസ് മുഖേന നൽകുന്ന വിവരം അനുസരിച്ചാണ് ഡീസൽ റീട്ടെയിൽ ഡീലർക്ക് കോർപറേഷനിൽ നിന്നു നേരിട്ടു പണം അനുവദിക്കുന്നത്. സംസ്ഥാനത്താകെ ഇന്ത്യൻ ഓയിൽ കോർപറേഷൻ റീട്ടെയിൽ ഡീലർമാർ മുഖേനയാണ് കെഎസ്ആർടിസിക്കു ഡീസൽ എത്തിക്കുന്നത്.കുടിശിക കൂടിയാൽ റീട്ടെയിൽ ഡീലർക്ക് കമ്പനിയിൽ നിന്നു ഡീസൽ കിട്ടുന്നത് മുടങ്ങും.ഈ സാഹചര്യത്തിലാണ് ഇടയ്ക്കിടെ കെഎസ്ആർടിസിക്കുള്ള ഡീസൽ മുടക്കം തുടരുന്നത്.

കറന്തക്കാട് ഇന്ത്യൻ ഓയിൽ കോർപറേഷൻ റീട്ടെയിൽ ഡീലർക്ക് 26 നു ശേഷം കുടിശിക കിട്ടിയില്ല. 36000 ലീറ്റർ നൽകിയതിനു 37 ലക്ഷം രൂപ കിട്ടാനുണ്ട്. ഇവിടെ നിന്നു മുടങ്ങുമ്പോൾ ഐഒസിയുടെ തന്നെ മറ്റു റീട്ടെയിൽ ഡീലർമാർ മുഖേന ഡീസൽ എത്തിച്ചാണ് സർവീസുകൾ ഭാഗികമായെങ്കിലും ഓടിക്കുന്നത്.ജില്ലയിൽ കെഎസ്ആർടിസി കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി 12000 ലീറ്റർ ഡീസൽ ആണ് പ്രതിദിന ആവശ്യം. കാസർകോട് ഡിപ്പോയിൽ 8000 ലീറ്റർ, കാഞ്ഞങ്ങാട് 4000 വരെ ലീറ്റർ വേണം. കാസർകോട് 66 ബസുകളിൽ 25 ബസുകൾ ആണ് കാസർകോട് –മംഗളൂരു സർവീസ്. 100 ട്രിപ്പ് സർവീസ്. കാസർകോട് –പുത്തൂർ, കാസർകോട് –സുള്ള്യ സർവീസ് ആകെ 24 ട്രിപ്പ് ആണ് ഓടുന്നത്. കെഎസ്ആർടിസി ഡിപ്പോയിൽ ആകെയുള്ള 66 ബസുകൾ 480 ട്രിപ്പ് സർവീസ് ആണ് നടത്തുന്നത്. കാഞ്ഞങ്ങാട് ഡിപ്പോയിൽ 40 ബസുകൾ 250 ട്രിപ്പുകളിലായി സർവീസ് നടത്തുന്നു.

കെഎസ്ആർടിസിക്കു സാധാരണ വിലയിൽ ഡീസൽ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയതോടെ കെഎസ്ആർടിസിക്കു ഇന്ധന വിലയുമായി ബന്ധപ്പെട്ട് കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ബൾക്ക് പർച്ചേസ് വ്യവസ്ഥയിൽ ഡീസലിന് ലീറ്ററിനു 25 രൂപ അധികം നൽകണമെന്നിരിക്കെ കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ ഡീസലിനു 3 ലക്ഷം രൂപയാണ് പ്രതിദിനം അധിക സാമ്പത്തിക ബാധ്യത വഹിക്കേണ്ടി വരിക.എന്നാൽ ഇത് ഒഴിവാക്കി റീട്ടെയി‍ൽ ഡിപ്പോകൾ മുഖേന ഡീസൽ ലഭ്യമാക്കിയാൽ പ്രതിദിനം 3 ലക്ഷം രൂപയുടെ അധിക ബാധ്യത ഒഴിവാകും.

റീട്ടെയിൽ ഡിപ്പോകൾ മുഖേന എത്തിക്കുന്ന ഡീസലിനു തന്നെ കൃത്യമായി കുടിശിക കൊടുത്തു തീർക്കാൻ കഴിയാത്ത കെഎസ്ആർടിസിക്കു 25 രൂപ അധികം നൽകി ബൾക്ക് പർച്ചേസ് സംവിധാനം കെഎസ്ആർടിസിയെ തന്നെ ഇല്ലാതാക്കുന്ന നടപടിയിലേക്കാണ് നയിക്കുകയെന്ന് അധികൃതരും തൊഴിലാളികളും പറയുന്.അതിനിടെ കടുത്ത സാമ്പത്തിക ബാധ്യതയിൽ തൊഴിലാളികൾക്കു ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന കാസർകോട്ടെ കെഎസ്ആർടിസി ബസുകളിൽ കർണാടകയിൽ ബങ്കുകളിൽ നിന്നു ഡീസൽ നിറയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കാസർകോട് 103.13 രൂപയും കർണാടക അതിർത്തിയിൽ 94.05 രൂപയുമാണ് ഡീസലിനു ലീറ്ററിനു റീട്ടെയിൽ വില. ഇതു വഴി കർണാടകയിലും കാസർകോടും വില തമ്മിലുള്ള അന്തരം 8 .30 രൂപ വരെ. കാസർകോട് – മംഗളൂരു, കാസർകോട് –സുള്ള്യ, കാസർകോട് –പുത്തൂർ അന്തർ സംസ്ഥാന സർവീസുകൾക്ക് കർണാടകയിൽ നിന്നു ഡീസൽ നിറച്ചാൽ പ്രതിദിനം 5000 ലീറ്ററിനു 40,000 രൂപ കുറയും.ഇതേ നിരക്കിൽ പ്രതിവർഷം ഒന്നര കോടി രൂപ കുറയും. ജില്ലയ്ക്ക് ആവശ്യമായ 12,000 ലീറ്റർ ഡീസൽ കർണാടകയിൽ നിന്നു തന്നെ നിറയ്ക്കുന്നതിനു സംവിധാനം ഒരുക്കിയാൽ പ്രതിദിനം 96,000 രൂപ വരെയാണ് കുറയുക.

ജില്ലയി‍ൽ നിന്നു കർണാടകയിലേക്കു സർവീസ് നടത്തുന്ന ബസുകൾക്ക് എങ്കിലും അവിടെ നിന്നു ബൾക്ക് പർച്ചേസ് അല്ലാതെ സ്വകാര്യ ബസുകൾ നേരിട്ടു ബങ്കുകളിൽ നിന്നു ഇന്ധനം നിറക്കുന്നത് പോലെ തന്നെ നിറച്ചാൽ കെഎസ്ആർടിസി സർവിസ് നടത്തുന്നതിനുള്ള സാമ്പത്തിക ബാധ്യതയ്ക്ക് ആശ്വാസമാകും.എന്നാൽ കെഎസ്ആർടിസി ഇത് അനുവദിക്കുന്നില്ല. കെഎസ്ആർടിസി കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോ മേധാവികൾക്ക് ഇതിനു സാമ്പത്തികാധികാരവും അനുമതിയും നൽകിയാൽ ഇന്ധന വിലയിൽ വലിയ ബാധ്യതയും സർവീസ് മുടക്കവും പരിഹരിക്കാനാകും.

പതിനായിരം ലീറ്റർ ഡീസലിനു കേരളത്തിൽ 1,70000 രൂപ നികുതി നൽകണം.എന്നാൽ കർണാടകയിൽ ഇതിനു 1,25,000 രൂപയാണ്. നികുതി. ലീറ്ററിനു 2 രൂപയാണ് ഡീസൽ ലീറ്ററിനു ട്രാൻസ്പോർട്ടിങ് ചാർജ് ഈടാക്കുന്നത്.


Post a Comment

0 Comments