Flash News

6/recent/ticker-posts

വരുന്നൂ, ‘വൈഫൈവാടി’; ആദ്യഘട്ടത്തിൽ വൈഫൈ 1230 അങ്കണവാടികൾക്ക്

Views
മലപ്പുറം : സംസ്ഥാനത്ത്‌ 1230 അങ്കണവാടികളിൽ വൈഫൈ സൗകര്യം വരുന്നു. അങ്കണവാടികളോട്‌ അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (അഡോളസന്റ്‌സ്‌ ക്ലബ്‌) പ്രവർത്തനം മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യം.  
വനിതാ ശിശുവികസന വകുപ്പിനുകീഴിലെ 33,115 അങ്കണവാടികളിലെ കുമാരി ക്ലബ്ബുകളിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കുന്നവയെയാണ്‌ ആദ്യഘട്ടം പദ്ധതിക്കായി തെരഞ്ഞെടുത്തത്‌. ഒന്നിന്‌ 2500 രൂപ കണക്കാക്കി 30,75,000 രൂപ അനുവദിച്ചു. 
   
കൗമാരക്കാരായ പെൺകുട്ടികളുടെ ശാരീരിക–- മാനസിക ശാക്തീകരണം ലക്ഷ്യമിട്ടാണ്‌   കുമാരി ക്ലബ്ബുകൾ രൂപീകരിച്ചത്‌. മലബാർ ലൈവ് 
 ‘വർണക്കൂട് ’ പേരിലാണ്‌ ഇവയുടെ പ്രവർത്തനം. പഠന വിഷയങ്ങളിൽ കൂടുതൽ അറിവ്‌ നൽകുക, പൊതു പരീക്ഷകളിലെ മികവ്‌ വർധിപ്പിക്കുക, പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം  മെച്ചപ്പെടുത്തുക എന്നിവയാണ്‌ വൈഫെ ഏർപ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നത്‌. 

ബിഎസ്‌എൻഎല്ലുമായി സഹകരിച്ചാണ്‌ പദ്ധതി. നൂറ്‌ മീറ്റർ ചുറ്റളവിൽ ബിഎസ്‌എൻഎൽ ഒപ്റ്റിക്കൽ നെറ്റ്‌ വർക്ക്‌ ഉള്ള അങ്കണവാടികൾക്ക്‌ മുൻതൂക്കം നൽകും. നെറ്റ്‌വർക്ക്‌ ലഭ്യമല്ലാത്ത  അങ്കണവാടികൾക്ക്‌ സ്വന്തം ചെലവിൽ സംവിധാനം ഏർപ്പെടുത്താം. ആദിവാസി, തീരദേശ മേഖലകളെയും സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെടുന്ന കോളനികൾക്കും പ്രഥമ പരിഗണന. 

ജൂൺ പത്തിനകം അങ്കണവാടികളുടെ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കി സിഡിപിഒമാർക്ക്‌ നൽകണം. 25നകം പദ്ധതി സംബന്ധിച്ച വിശദ റിപ്പോർട്ട്‌ ഡയറക്ടറേറ്റിന്‌ സമർപ്പിക്കണമെന്നും വനിതാ ശിശുവികസന വകുപ്പ്‌ ഡയറക്ടർ ഉത്തരവിറക്കി.



Post a Comment

0 Comments