Flash News

6/recent/ticker-posts

ഇനി പനിക്കാലം: വേണം, ജാഗ്രതഈമാസം ജില്ലയിൽ 1260 പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്തു

Views

മലപ്പുറം: ഇടവിട്ടുള്ള മഴയ്ക്ക് പിന്നാലെ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. ഒരാഴ്ച മുമ്പ് വരെ ശരാശരി 500ന് താഴെ രോഗികളാണ് വൈറൽ പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നെങ്കിൽ ഇപ്പോൾ ഇത് 800ന് മുകളിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈറൽ പനി ബാധിതരുള്ളതും മലപ്പുറത്താണ്. ഒരാഴ്ചക്കിടെ 6,​000 ത്തോളം പേരാണ് വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാ‌‌ർ ആശുപത്രികളിൽ ചികിത്സ തേടിയത്. അഡ്മിറ്റ് ആവുന്ന രോഗികളുടെ എണ്ണം കുറവാണ്. മേയിൽ ഇതുവരെ 6,​948 പേരാണ് പനിക്ക് ചികിത്സ തേടിയത്. കൊവിഡ് ഭീഷണിക്ക് അയവ് വന്നതോടെ പനി ഭീഷണിയിലാണ് ജില്ല. നേരത്തെ കൊവിഡ് പേടിയിൽ പനി ബാധിച്ചാലും പലരും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നില്ലെങ്കിൽ ഇപ്പോൾ ഇതിന് മാറ്റം വന്നിട്ടുണ്ട്.

_ഡെങ്കിയാണ് ഭീഷണി_

മറ്റ് ജില്ലകളിൽ എലിപ്പനി വെല്ലുവിളി സൃഷ്ടിക്കുമ്പോൾ ഡെങ്കി പനി ബാധിതരുടെ എണ്ണം കൂടുന്നതാണ് ജില്ലയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഒരു എലിപ്പനി കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തവനൂരിലാണ് ഇത്. രോഗലക്ഷണങ്ങളോടെ മറ്റൊരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഡെങ്കി പനി നാലുപേർക്ക് സ്ഥീരികരിക്കുകയും രണ്ട് പേരെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുതുവല്ലൂ‌ർ,​ തൃക്കലങ്ങോട്,​ അമരമ്പലം,​ ഊരകം എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. കൃത്യ സമയത്ത് ചികിത്സ തേടിയാൽ ഡെങ്കിയും എലിപ്പനിയും ഗുരുതരമാവില്ല.

മഴക്കാലം ആരംഭിക്കുന്നതോടെ പനി ബാധിതരുടെ എണ്ണം ഇനിയും കൂടാനുള്ള സാദ്ധ്യതയാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഡെങ്കി കൊതുകുകളുടെ സാന്നിദ്ധ്യവും രോഗപകർച്ചയും ഇതുവഴി കുറക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. പലയിടങ്ങളിലും ശുചീകരണ പ്രവ‌ർത്തനങ്ങൾ വേണ്ടത്ര നടന്നില്ലെന്നതാണ് വെല്ലുവിളി.


Post a Comment

0 Comments