Flash News

6/recent/ticker-posts

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് അജ്മീര്‍ഷ ബോട്ടും 16 തൊഴിലാളികളെയും കാണാതായിട്ട് ഒരു വര്‍ഷം

Views


ഫറോക്ക്: ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട കെ.ടി.ശംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള അജ്മീര്‍ഷ ബോട്ടും അതിലെ പതിനാറ് തൊഴിലാളികളെയും കാണാതായിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം തികയുകയാണ്. ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട എല്ലാ ബോട്ടുകളും മെയ് പതിമൂന്നോടെ ഹാര്‍ബറിലോ ഇതര സംസ്ഥാനങ്ങളിലെ ഹാര്‍ബറുകളിലോ തിരിച്ചെത്തിയെങ്കിലും അജ്മീര്‍ ഷ ബോട്ട് മാത്രം എത്തിയില്ല അന്വേഷണത്തില്‍ മംഗുളുരു മല്‍പെ ഭാഗത്ത് വെച്ച് മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് അവസാനമായി ബോട്ടിനെ കണ്ടത്.പിന്നീട് ബോട്ടിനെ കുറിച്ച് യാതൊരു വിവരവും ഇത് വരെയും കിട്ടിയിട്ടില്ല.

കോസ്റ്റ് ഗാര്‍ഡ്, കേരളം ,കര്‍ണാടക, ഗോവ, സംസ്ഥാനങ്ങളിലെ കടലുകളില്‍ മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇത് വരെയും ഒരു വിവരവും കിട്ടിയിട്ടില്ല. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കടന്ന് മറ്റ് ഇതര രാജ്യങ്ങളുടെ കസ്റ്റഡിയില്‍ ബോട്ട് കുടുങ്ങിയിട്ടുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടാതെ ദുരൂഹത തുടരുകയാണ്.ഇപ്പോള്‍ ബോട്ടിന്റെ തിരോധനത്തെ കുറിച്ചുള്ള അന്വേഷണം എല്ലാം ഏജന്‍സികളും അവസാനിപ്പിച്ച മട്ടിലാണ്.ഇത് സംബന്ധിച്ച് ബേപ്പൂര്‍ തീരദേശ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

ബോട്ടിന്റെ തിരോധനത്തോടെ പതിനാറ് മത്സ്യതൊഴിലാളി കുടുംബവും ബോട്ട് ഉടമകളും കടുത്ത മാനസികവും സാമ്പത്തികവുമായ പ്രയാസത്തിലൂടെയാണ് ഒരു വര്‍ഷം കടന്ന് പോയത്.മാനുഷിക പരിഗണന വെച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്കും ബോട്ടിന്റെ ഉടമകള്‍ക്കും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ ഒരു സഹായവും ഇത് വരെയായിട്ട് ലഭിച്ചിട്ടില്ല. ഇതിന്റെ വരുമാനം നിലച്ചതോടെ തങ്ങളുടെ ഉപജീവനം വഴിമുട്ടി കടുത്ത സാമ്പത്തിക മാനസിക പ്രയാസത്തിലൂടെയാണ് ബോട്ടിന്റെ ഉടമകളുടെ കുടുംബം ഒരു വര്‍ഷംകടന്ന് പോയത്.

അത് പോലെ തന്നെയാണ് ബോട്ടിലെ പതിനാറ് ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന്റെ സ്ഥിതിയും അങ്ങേയറ്റം ദയനീയമാണ്. ഇടയ്ക്കിടെ കുടുംബങ്ങള്‍ ബേപ്പൂരില്‍ എത്തുകയും കുടുംബത്തിന്റെ ദുരിതങ്ങള്‍ പറഞ്ഞ് പോകാറാണ് പതിവ്. ബന്ധപ്പെട്ട വകുപ്പുകള്‍ക്കും, ഫിഷറീസ് മന്ത്രിക്കും, സ്ഥലം എം.എല്‍എ യും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനും നഷ്ട്ടപരിഹാരത്തിനായി അപേക്ഷ നല്‍കി സര്‍ക്കാറിന്റെ കനിവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ബോട്ട് ഉടമകളും പതിനാറ് മത്സ്യത്തൊഴിലാളികളുടെ കുടുംബവും തങ്ങളുടെ ദുരിതവും പ്രയാസവും മനസ്സിലാക്കി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം ഉണ്ടായി നഷ്ട്ട പരിഹാരം കിട്ടുമെന്ന് തന്നെയാണ് തൊഴിലാളി കുടുംബവും ബോട്ട് ഉടമകളുടെയും പ്രതീക്ഷ.



Post a Comment

0 Comments