Flash News

6/recent/ticker-posts

പൊലീസിന്‍റെ രാത്രികാല പരിശോധന: 30 പിടികിട്ടാപ്പുള്ളികൾ പിടിയിൽ

Views
മലപ്പുറം: വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാനായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും കീഴിൽ ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച രാവിലെ ആറുവരെ പ്രത്യേക പരിശോധന നടത്തി. 207 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ നിരവധി കേസുകളിൽ പ്രതിയായി കോടതിയിൽനിന്ന് ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന പിടികിട്ടാപ്പുള്ളികളായ 30ഓളം പേരെ പിടികൂടി. ജാമ്യമില്ലാ വാറന്‍റുള്ള 87 പേരെയും മറ്റു വിവിധ ക്രൈം കേസുകളുമായി ബന്ധപ്പെട്ട് 51 പേരെയും പിടികൂടി.

*ലഹരി വിൽപനയിൽ 38 കേസുകൾ*

മയക്കുമരുന്ന്, കഞ്ചാവ്, നിരോധിത പുകയില ചില്ലറ വിൽപന നടത്തുന്നവരെയും വിവിധ ഇടങ്ങളിൽനിന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 38 കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി ആക്ട് പ്രകാരം വരുന്ന 48 കേസുകളും ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും മറ്റും വിവിധ വകുപ്പുകളിലായി 121 കേസുകളും രാത്രികാല പ്രത്യേക പരിശോധനയുടെ ഭാഗമായി രജിസ്റ്റർ ചെയ്തതായി ജില്ല പൊലീസ് മേധാവി സുജിത് ദാസ് അറിയിച്ചു. ഇതോടൊപ്പം ജില്ലയിലൂടെ ദീർഘദൂര സർവിസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള 4002 വാഹനങ്ങൾ പരിശോധിച്ചു. 165 ലോഡ്ജുകളും പരിശോധിച്ചു. വരുംദിവസങ്ങളിലും കർശന രാത്രികാല പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.


Post a Comment

0 Comments