Flash News

6/recent/ticker-posts

ഓട്ടോ ഓടിച്ച് ഉപജീവനം: ഇന്ന് 300 കോടി ആസ്തി, കെട്ടിപ്പൊക്കുന്നത് 20000 സ്‌ക്വയര്‍ഫീറ്റ് വീട്; ദുരൂഹത

Views

സുൽത്താൻ ബത്തേരി: ഒറ്റമൂലിക്കായി നാട്ടുവൈദ്യനെ അരുംകൊല ചെയ്ത ഷൈബിൻ അഷ്റഫിന്റെ സാമ്പത്തിക വളർച്ച കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. തനിക്ക് 300 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നാണ് ചോദ്യംചെയ്യലിൽ ഷൈബിൻ തന്നെ വെളിപ്പെടുത്തിയത്. ബത്തേരിയിൽ ഓട്ടോറിക്ഷ ഓടിച്ചും ലോറി ക്ലീനറായും അല്ലറച്ചില്ലറ അടിപിടിയുമൊക്കെയായി നടന്നിരുന്ന ഷൈബിൻ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് കോടീശ്വരനും പ്രവാസി വ്യവസായിയുമൊക്കെയായി മാറിയത്. അതിനാൽ ഷൈബിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയിലാണ്.

ഷൈബിന്റെ പൊടുന്നനെയുള്ള സാമ്പത്തികവളർച്ചയും കച്ചവടവുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞതാണ്. നാട്ടിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫിലേക്ക് വണ്ടികയറിയ ഷൈബിന്റെ വളർച്ച അത്ഭുതകരമായ രീതിയിലായിരുന്നു. ഒരു പതിറ്റാണ്ടുമുമ്പ് സാധാരണ തൊഴിലാളിയായി ഗൾഫിലേക്കുപോയ ഷൈബിനിപ്പോൾ കോടികളുടെ ആസ്തിയുണ്ട്.

ഓട്ടോ ഓടിച്ചും ക്ലീനറായും ഉപജീവനം

സുൽത്താൻ ബത്തേരിക്കടുത്ത് പുത്തൻക്കുന്നിൽ ഷൈബിൻ പണിതുകൊണ്ടിരിക്കുന്നത് കൊട്ടാര സദൃശ്യമായ മാളികയാണ്. വയനാട് ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്നാണ് കോടിപതിയിലേക്കുള്ള യാത്ര ഷൈബിൻ അഷ്റഫ് തുടങ്ങുന്നത്. കുറച്ചുകാലം ബത്തേരിയിലെ ലോറിയിൽ ക്ലീനറായും പിന്നീട് ഓട്ടോറിക്ഷ ഓടിച്ചും ഉപജീവനം കണ്ടെത്തി. ഇതിനിടെ മാതാവ് ജോലി തേടി ഗൾഫിലേക്ക് പോയി. ആ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഷൈബിനും പ്രവാസ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീടുള്ള വളർച്ച അതിവേഗമായിരുന്നു. മൈതാനിക്കുന്നിലെ കുടിലിൽനിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലേയും മാന്തുണ്ടിക്കുന്നിലേയും വലിയ വാടക വീടുകളിലേക്ക് കുടുംബം താമസം മാറി.

20,000 ചരുരശ്രയടിയുള്ള വീട്

ഗൾഫിൽനിന്നും പണമൊഴുകിത്തുടങ്ങിയതോടെ ഏഴ് വർഷം മുമ്പ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡിൽ ആഡംബര വസതിയുടെ നിർമാണം ആരംഭിച്ചു. 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീർണമുള്ള ഈ വീടിന്റെ നിർമാണം പത്തുവർഷമാകാറായിട്ടും പൂർത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികൾ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങൾ ഗൾഫിലുണ്ടെന്നാണ് ഷൈബിൻ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

യുവാക്കളെ ഗൾഫിലെത്തിച്ചു, അംഗരക്ഷകരാക്കി

പണക്കൊഴുപ്പിൽ നാട്ടിലെ യുവാക്കളെ ഒപ്പംകൂട്ടി ഒരുസംഘം തന്നെ ഷൈബിൻ രൂപീകരിച്ചിരുന്നു. ഇതിൽ ചിലരെ ഷൈബിൻ ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു. ഗൾഫിൽനിന്നും ഇടയ്ക്കിടെ നാട്ടിലെത്തുന്ന ഷൈബിൻ, ആഡംബരവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ അകമ്പടിവാഹനങ്ങളിൽ ഈ ചെറുപ്പക്കാർ അംഗരക്ഷകരെന്നപോലെ കൂടെയുണ്ടാകുമായിരുന്നു. 2014-15 കാലങ്ങളിൽ ബത്തേരി മേഖലയിൽനിന്ന് ഒട്ടേറെ ചെറുപ്പക്കാരെ ഷൈബിൻ ഗൾഫിലേക്ക് ജോലിക്കായി കൊണ്ടുപോയിരുന്നു. കൈപ്പഞ്ചേരി, റഹ്മത്ത് നഗർ എന്നിവിടങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു ഇതിലധികവും. 2018-19 വർഷത്തോടെ ഇതിൽ പലരും നാട്ടിലേക്ക് തിരിച്ചെത്തി.

ബത്തേരി പോലീസിന്റെ ഗുണ്ടാപട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായി അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. സംഘത്തിലുള്ളവരെ പല ബിസിനസുകളും ഏൽപ്പിച്ചു. അക്കാലത്തുതന്നെ സംഘാഗങ്ങളിൽ പലരും ഷൈബിനെതിരേ തിരിഞ്ഞുതുടങ്ങി. എതിർ ശബ്ദങ്ങളെ അനായാസം അടിച്ചമർത്താൻ ഷൈബിനിലെ കുശാഗ്രബുദ്ധിക്കാരന് കഴിഞ്ഞു. അതിനിടെ ഷൈബിന് വൃക്കരോഗം അലട്ടിതുടങ്ങി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രികയയ്ക്ക് ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപ്പെടുന്നത്. രണ്ടു വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെയാണ് വയനാട്ടിലെ വീടുപണി നിലച്ചത്. പിന്നീട് ജയിൽവിട്ട് കേരളത്തിലെത്തിയ ഷൈബിൻ ഏഴുവഷം മുമ്പ് നിലമ്പൂരിൽ രണ്ട് കോടിയുടെ വീട് വാങ്ങി താമസം തുടങ്ങി. ഇക്കാലയളവിൽ ഷൈബിന് വേണ്ടി നടത്തിയ കുറ്റകൃത്യങ്ങളെല്ലാം സംഘാംഗങ്ങൾ വെളിപ്പെടുത്തിയതോടെയാണ് ഒടുവിൽ കുടുങ്ങിയത്.


സ്റ്റാർ വൺ ഗ്രൂപ്പ് പ്രവർത്തിച്ചത് ക്വട്ടേഷൻ സംഘമായി

ഷൈബിന്റെ സ്റ്റാർ വൺ ഗ്രൂപ്പ് എന്ന പേരിലുള്ള വ്യാപാരശൃംഖല ഒരു ക്വട്ടേഷൻ സംഘത്തെപ്പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എതിർക്കുന്നവരെയും ശത്രുതയുള്ളവരെയും ഷൈബിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.

ആക്രമണത്തിനിരയായവർ പോലീസിൽ പരാതിനൽകുകയും മാധ്യമങ്ങൾക്കുമുമ്പിൽ വെളിപ്പെടുത്തൽ നടത്തുകയും ചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതെല്ലാം സ്വാധീനവും പണവുമുപയോഗിച്ച് തേച്ചുമാച്ചുകളയുകയാണുണ്ടായത്. ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പണം നൽകുന്നതിനാൽ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമെല്ലാമായി ഷൈബിന് അടുത്തബന്ധമുണ്ട്. ഇതെല്ലാം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഏതാനും വർഷംമുമ്പാണ് നിലമ്പൂർ മുക്കട്ടയിൽ ഷൈബിൻ വീടുവാങ്ങി താമസം മാറിയത്.

ഷൈബിന് മുൻ പോലീസ് ഓഫീസറുടെ ഉപദേശമെന്നു സൂചന

ഷൈബിൻ അഷ്റഫിന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ മുൻ പോലീസ് ഓഫീസറുടെ ഉപദേശങ്ങൾ ലഭിച്ചിരുന്നുവെന്നു സൂചന. കുറ്റകൃത്യങ്ങളുടെ പഴുതടയ്ക്കാൻ ഷൈബിന് കഴിഞ്ഞത് ഈ ബന്ധം മൂലമാണ്. വയനാട് സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ ഷൈബിന്റെ വീടുകയറി അക്രമമുണ്ടായശേഷം നിലമ്പൂരിലെത്തിയതായും സൂചനയുണ്ട്.

ദരിദ്ര കുടുംബത്തിൽ ജനിച്ച ഷൈബിനെ പിതാവ് ചെറുപ്പത്തിൽ നിലമ്പൂരിൽനിന്ന് വയനാട്ടിലേക്കു കൊണ്ടുപോയി. തിരികെയെത്തിയ ഷൈബിൻ 2005-ൽ വിദേശത്തു ജോലിക്കുപോകുമ്പോഴും സാമ്പത്തികനില മെച്ചമായിരുന്നില്ല.

ആറേഴുവർഷം കഴിഞ്ഞപ്പോഴാണ് സ്ഥിതിയാകെ മാറിയത്. 2013-ൽ മടങ്ങിയെത്തി നിലമ്പൂർ മുക്കട്ടയിൽ വീട് വാങ്ങി. നാട്ടുകാരുമായി വലിയ ചങ്ങാത്തത്തിന് ഷൈബിൻ പോയിരുന്നില്ല. ഏതാനും സുഹൃത്തുക്കൾ മാത്രമേ നിലമ്പൂരിലുണ്ടായിരുന്നുള്ളൂ.

അടുത്തകാലത്ത് വിദേശത്തെ ബിസിനസ് തകർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഷൈബിനെന്ന് അടുപ്പക്കാർ പറയുന്നു. നിലമ്പൂരിലുണ്ടായിരുന്ന സ്ഥലത്തിന്റെ പകുതിയോളം വിറ്റു. കബഡികളി തർക്കത്തെത്തുടർന്ന് വയനാട്ടിലുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നിലമ്പൂരിൽ ഏറെനാൾ ഒളിവിൽ കഴിയുകയും ചെയ്തിരുന്നു.

രണ്ടു പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നു

അതേസമയം കേസിൽ ഇനി കിട്ടാനുള്ള അഞ്ചു പ്രതികളിൽ രണ്ടുപേർ തമിഴ്നാട്ടിലേക്കു കടന്നതായി സൂചനയുണ്ട്. എല്ലാവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചുവെന്നും തമഴിനാട്ടിലേക്ക് പ്രത്യേക സംഘത്തെ അയച്ചതായും അന്വേഷണസംഘം പറഞ്ഞു. മൈസൂരുവിൽനിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവരാൻ സഹായിച്ചവരാണ് ഇനി കിട്ടാനുള്ളവർ. എല്ലാവരും മലയാളികളാണ്. ഷൈബിന് പുറമെ അറസ്റ്റിലായ നിഷാദ്, ഷിഹാബുദ്ദീൻ എന്നിവരാണ് മഞ്ചേരി സബ്ജയിലിൽ കഴിയുന്നത്.





Post a Comment

0 Comments