Flash News

6/recent/ticker-posts

ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ പരിശോധന; വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ്

Views
വളാഞ്ചേരി : നഗരസഭയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് റസ്റ്റോറന്റ് പൂട്ടി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ മറ്റുള്ള ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുകയാണ്. പരിശോധനകളുടെ ഭാഗമായി വളാഞ്ചേരി നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി.

വളാഞ്ചേരി നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് നടത്തിയത്. നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. ഈ കടകള്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വളാഞ്ചേരി ക്രൗണ്‍ റസ്റ്റോറന്റ് നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. ശുചിത്വമില്ലാത്ത ഹോട്ടലുകളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കിയത്.

സംസ്ഥാനത്തെ മത്സ്യ വില്‍പ്പനയില്‍ വന്‍തോതില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് കിലോ കേടായ മത്സ്യമാണ് ഇതുവരെ നശിപ്പിച്ചത്. പഴകിയ ഇറച്ചിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യത്തെ ബാധിക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തയ്യാറാക്കുന്നതുമായ ഭക്ഷണത്തിന് സംസ്ഥാനത്ത് കര്‍ശനമായി പൂട്ടിടുന്നതിന് ലക്ഷ്യം വച്ചാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്കും കര്‍ശനമായ നടപടി ഉണ്ടാകും.

 പൊന്നാനിയില്‍  40 കിലോയോളം പഴകിയ മത്സ്യം പിടികൂടി;

പൊന്നാനിയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യം പിടികൂടി. സംസ്ഥാനത്തുടനീളം നടക്കുന്ന ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമായാണ് നഗരത്തിലെ ഇറച്ചി കടകളിലും മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്.

12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യങ്ങള്‍ പിടികൂടി. പൊന്നാനി ബസ് സ്റ്റാന്‍ഡ് മുതല്‍ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളിലാണ് പരിശോധന നടന്നത്. പഴകിയ മത്സ്യം വില്‍പ്പന നടത്തിയവര്‍ക്കെതിരെ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കടകള്‍ക്കെതിരെയും നോട്ടീസ് നല്‍കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ഏഴ് ദിവസത്തിനകം ലൈസന്‍സ് എടുക്കാന്‍ നിര്‍ദേശം നല്‍കി.




Post a Comment

0 Comments