Flash News

6/recent/ticker-posts

വിക്‌സ് ഡപ്പി തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിലായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Views


ചെന്നൈ: കളിക്കുന്നതിനിടെ വിക്സ് ഡപ്പി തൊണ്ടയില് കുരുങ്ങിയതിനെ തുടര്ന്ന് അബോധാവസ്ഥയിലായ രണ്ടുവയസ്സുകാരിക്ക് ഡോക്ടര്മാരുടെ സമയോചിത ഇടപെടലില് പുനര്ജന്മം. തമിഴ്നാട്ടിലെ തിരുവണ്ണാമല മെഡിക്കല് കോളേജിലെ ഡോക്ടര്മാരാണ് ജീവന് അപകടത്തിലായ കുഞ്ഞിനെ രക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ മേടവകം സ്വദേശി സോബന് ബാബുവിന്റെ മകള് ഹര്ഷിണി കളിക്കുന്നതിനിടെ വിക്സിന്റെ ഡപ്പി വിഴുങ്ങിയത്. തൊണ്ടയില് കുരുങ്ങി ശ്വാസതടസ്സത്തിന് കാരണമായ ഡപ്പി പുറത്തെടുക്കാന് ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്ന്ന് ഞായറാഴ്ച താണിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര് ശ്രമിച്ചെങ്കിലും ഡപ്പി പുറത്തെടുക്കാന് കഴിഞ്ഞില്ല.

കുട്ടിയുടെ ശ്വാസോച്ഛ്വാസം മന്ദഗതിയിലാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തതിനെ തുടർന്ന് തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളേജിലെത്തിച്ചു. മെഡിക്കൽ കോളേജിലെത്തുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയുടെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ ഇ.എൻ.ടി വിദഗ്ധൻ ഡോ. കമലക്കണ്ണന്റെ നേതൃത്വത്തിലുള്ള ചികിത്സാസംഘം ശസ്ത്രക്രിയാ യൂണിറ്റിലെത്തിച്ച് ചികിത്സ ആരംഭിച്ചു.കുട്ടിക്ക് അനസ്‌തേഷ്യ നൽകാൻ സമയമില്ലാത്തതിനാൽ ലാരിൻഗോസ്‌കോപ്പി രീതിയിൽ ചികിത്സ ആരംഭിക്കുകയും ശ്വസനനാളത്തിൽ നിന്ന് വിക്‌സ് ഡപ്പി വിജയകരമായി പുറത്തെടുക്കുകയും ചെയ്തു. മണിക്കൂറുകളോളം നിരീക്ഷണത്തിലിരുന്ന കുട്ടിയുടെ ആരോഗ്യനില പതുക്കെ സാധാരണനിലയിലായി. നേരിയ തോതിൽ ശ്വാസതടസ്സവും പനിയും ബാധിച്ച കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വിഴുങ്ങാനിടയുള്ള വസ്തുക്കളുമായി ചെറിയ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്ന് ഹർഷിണിയെ രക്ഷിച്ച സംഘത്തിലെ ഡോക്ടർമാർ പറഞ്ഞു. നാണയങ്ങൾ പോലുള്ള ചെറിയ വസ്തുക്കൾ കുട്ടികൾക്ക് കളിക്കാനായി നൽകരുത്. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടതെന്നും സമയം വൈകുംതോറും ജീവൻ അപകടത്തിലാകുമെന്നും ഡോക്ടർമാർ പറഞ്ഞു.



Post a Comment

0 Comments