Flash News

6/recent/ticker-posts

ഭൂമിയുണ്ടോ, എന്താണു തണ്ടപ്പേർ.? ആധാറുമായി ബന്ധിപ്പിച്ചാൽ കുഴപ്പമുണ്ടോ. ?

Views ഭൂമിയുണ്ടോ, എന്താണു തണ്ടപ്പേർ.? ആധാറുമായി ബന്ധിപ്പിച്ചാൽ കുഴപ്പമുണ്ടോ. ?



തിരുവനന്തപുരം ഒരു പേരിൽ എന്തിരിക്കുന്നുവെന്നു ചോദിക്കരുത്. നിങ്ങൾക്കു ഭൂമിയുണ്ടോ? എങ്കിൽ ഭൂമി സംബന്ധിച്ച എല്ലാം ഈ പേരിലാണ്. അതാണു തണ്ടപ്പേർ. ആ തണ്ടപ്പേരും ആധാർ നമ്പരും റവന്യൂ വകുപ്പ് ബന്ധിപ്പിക്കുകയാണ്. ആധാറും തണ്ടപ്പേരും ബന്ധിപ്പിച്ചാൽ എന്താണു ഗുണം, എന്താണു പ്രശ്നം?. ഭൂവുടമയുടെ വിവരങ്ങളും ആധാർ നമ്പറും ബന്ധിപ്പിക്കുന്ന ഈ സംവിധാനം വഴി സംസ്ഥാനത്ത് എവിടെയും അയാൾക്കു ഭൂമി ഉണ്ടെങ്കിൽ വ്യക്തമായി മനസിലാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്നതിൽ അധികം ഭൂമി ഉണ്ടെങ്കിൽ സർക്കാരിനു കണ്ടെത്താനും സാധിക്കും. തന്റെ എല്ലാ ഭൂമിക്കും ഒന്നിച്ചു നികുതി ഒടുക്കാൻ കംപ്യൂട്ടർ സ്വയം തയാറാക്കി നൽകുന്ന ഒരു തണ്ടപ്പേർ നമ്പർ ലഭിക്കും എന്നതാണു ഭൂവുടമകൾക്ക് ഉള്ള മെച്ചം. തണ്ടപ്പേർ എന്നു കേട്ടിട്ടുണ്ടെങ്കിലും ഇത് എന്താണെന്നു പലർക്കും അറിയില്ല. തണ്ടപ്പേർ എന്താണെന്നു മനസ്സിലാക്കാനുള്ള 10 കാര്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.


എന്താണു തണ്ടപ്പേർ ?



ഒരു വില്ലേജ് ഓഫിസിന്റെ പരിധിയിൽ പോക്കുവരവു ചെയ്യുന്ന ആധാരങ്ങൾക്ക് ഒന്നു മുതലുള്ള നമ്പരാണു നൽകുന്നത്. ഇതാണു ‘തണ്ടപ്പേർ’. ബാങ്ക് അക്കൗണ്ട് നമ്പർ പോലെ ഭൂമി ഉടമസ്ഥത സംബന്ധിച്ച അക്കൗണ്ട് നമ്പർ സംവിധാനമാണ് ഇത് എന്നു പറയാം. ടി എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ തുടങ്ങി പിന്നീട് അക്കങ്ങൾ വരുന്നതാണ് നമ്പർ.


തണ്ടപ്പേർ എവിടെയാണു രേഖപ്പെടുത്തിയിരിക്കുന്നത്.?



വില്ലേജ് ഓഫിസുകളിലെ തണ്ടപ്പേർ റജിസ്റ്ററിലാണു തണ്ടപ്പേർ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നത്. നികുതി അടയ്ക്കുന്ന ഭൂവുടമകളുടെ പേരും മേൽവിലാസവും, വസ്തുവിന്റെ സർവേ നമ്പരും ഇനവും അളവും രേഖപ്പെടുത്തി വയ്ക്കുന്ന പുസ്തകമാണ് തണ്ടപ്പേർ റജിസ്റ്റർ.


ഇതു പല വാള്യങ്ങൾ ഉണ്ടാവും. അതിലെ ഒരു പേജ് ഒരു വസ്തു ഉടമയ്ക്ക് നമ്പർ ഇട്ടു നൽകും. ആ പേജാണ് തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേർ കണക്ക്. ആ പേജിനു നൽകിയിരിക്കുന്ന ക്രമനമ്പർ ആണ് തണ്ടപ്പേർ നമ്പർ. ഭൂമിയുടെ കരം ഒടുക്കിയ രസീത് പരിശോധിച്ചാൽ ഈ നമ്പർ കാണാനാകും.


എങ്ങനെയാണു തണ്ടപ്പേർ
നമ്പർ ലഭിക്കുന്നത്..?


നികുതി അടയ്ക്കാവുന്ന ഭൂമി ഒരാൾക്കു രേഖാമൂലം സ്വന്തമായി ലഭിച്ചാൽ ആ രേഖയെ അടിസ്ഥാനപ്പെടുത്തി വില്ലേജ് ഓഫിസർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശുപാർശയെ അടിസ്ഥാനമാക്കി തഹസിൽദാർ അനുവദിക്കുന്നതാണു തണ്ടപ്പേർ അക്കൗണ്ട്.


ഏതൊക്കെ മാർഗത്തിൽ തണ്ടപ്പേർ നമ്പർ ലഭിക്കും?


പിന്തുടർച്ചാവകാശം വഴി ലഭിക്കുന്ന ഭൂമിക്കു പുതിയ തണ്ടപ്പേർ ലഭിക്കും. കൂടാതെ ഭൂമി വിലയ്ക്കു വാങ്ങുമ്പോൾ, ഭാഗംവയ്പ്, ഇഷ്ടദാനം തുടങ്ങിയവ വഴി സ്വമനസാലെ കൈമാറുമ്പോൾ, വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിക്കു ഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിക്കുമ്പോൾ, വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചാൽ എന്നീ സാഹചര്യങ്ങളിൽ പോക്കുവരവ് നടത്തി പുതിയ തണ്ടപ്പേർ നമ്പർ നൽകും.


എന്താണു പോക്കുവരവ്?


ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിന് അനുസരിച്ച്, ഭൂവുടമകളുടെ പേരിൽ നികുതി പിരിക്കുന്നതിനായി വില്ലേജ് രേഖകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണു പോക്കുവരവ് അഥവാ ജമമാറ്റം എന്നു പറയുന്നത്. ഒരാളുടെ കൈയിൽ നിന്നു ഭൂമി പോയി മറ്റൊരാൾക്കു വരവു വച്ചു എന്നു ലളിതമായി വേണമെങ്കിൽ പറയാം.


എന്താണ് സബ്ഡിവിഷൻ പോക്കുവരവ്?

പോക്കുവരവ് രണ്ടു തരം ഉണ്ട്. സബ്ഡിവിഷൻ പോക്കുവരവും സബ്ഡിവിഷൻ ഇല്ലാത്ത പോക്കുവരവും ഉണ്ട്. ഇത് ഒരു ചെറിയ ഉദാഹരണ സഹിതം മനസിലാക്കാം. 50 സെന്റ് ഭൂമിയുടെ ഉടമയായ രാജൻ എന്ന വ്യക്തിക്കു ബാലൻ എന്നൊരു മകൻ. രാജൻ 25 സെന്റ് മകൻ ബാലനു ധനനിശ്ചയ ആധാരപ്രകാരം നൽകുന്നു. ഈ ആധാരം പരിശോധിച്ച് വില്ലേജ് ഓഫിസർ രാജന്റെ തണ്ടപ്പേർ അക്കൗണ്ടിൽ നിന്ന് 25 സെന്റ് കുറവു ചെയ്തു ബാലന്റെ പേർക്കു ചേർക്കാൻ ഭൂരേഖ തഹസിൽദാർക്കു പ്രത്യേക ഫോമിൽ ശുപാർശ ചെയ്യുന്നു. തഹസിൽദാരുടെ ഉത്തരവ് ലഭിക്കുന്നതോടെ വില്ലേജ് ഓഫിസർ ബാലന്റെ പേരിൽ പുതിയ ഒരു തണ്ടപ്പേർ കണക്ക് അഥവാ തണ്ടപ്പേർ നമ്പർ ആരംഭിക്കുന്നു. തുടർന്നു ബാലന്റെ പേരിൽ 25 സെന്റ് സ്ഥലത്തിനു കരം ഒടുക്കി രസീതും നൽകും. രാജന്റെ പേരിലെ 50 സെന്റിലെ 25 സെന്റ് ഇപ്പോഴും ബാക്കി ഉള്ളതിനാൽ രാജന്റെ പേരിൽ ഉള്ള തണ്ടപ്പേർ അക്കൗണ്ട് നിലനിർത്തിയാണു ബാലന്റെ പേരിൽ പുതിയ തണ്ടപ്പേർ അക്കൗണ്ട് അനുവദിക്കുന്നത്. ഇതിനെ സബ്ഡിവിഷൻ പോക്കുവരവ് എന്നു പറയുന്നു. ഇത് തഹസിൽദാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ചെയ്യാനാകൂ.


എന്താണ് സബ്ഡിവിഷൻ ഇല്ലാത്ത പോക്കുവരവ്.?



നേരത്തേ പറഞ്ഞ രാജൻ തന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് ഭൂമിയും മകൻ ബാലന്റെ പേരിൽ എഴുതി നൽകിയാൽ രാജന്റെ തണ്ടപ്പേർ അക്കൗണ്ട് ശൂന്യമായി. അതായത് അദ്ദേഹത്തിന്റെ അക്കൗണ്ട് ബാലൻസ് സീറോ ആയി. അങ്ങനെ വരുമ്പോൾ ബാലന്റെ പേരിൽ പുതിയ തണ്ടപ്പേർ അക്കൗണ്ട് തുറന്ന് 50 സെന്റും ചേർത്തു നൽകും. ഇതിനെ ആണ് സബ്ഡിവിഷൻ ഇല്ലാത്ത പോക്കുവരവ് എന്നു പറയുന്നത്. ഇതു വില്ലേജ് ഓഫിസർക്കു തന്നെ ചെയ്യാൻ കഴിയും.



ശൂന്യ തണ്ടപ്പേർ അക്കൗണ്ടിന്
 എന്തു സംഭവിക്കും ?



നേരത്തേ പറഞ്ഞ ഉദാഹരണത്തിൽ രാജന്റെ തണ്ടപ്പേർ അക്കൗണ്ട് ഭൂമി ഇല്ലാതെ ശൂന്യമായാലും ഇല്ലാതാകില്ല. അത് അങ്ങനെ നിലനിൽക്കും. രാജൻ അതേ വില്ലേജിൽ മറ്റൊരു ഭൂമി വാങ്ങുകയോ ആരെങ്കിലും രാജനു ഭൂമി കൈമാറുകയോ ചെയ്താൽ അതു ശൂന്യമല്ലാതായി മാറുകയും ചെയ്യും.



ഒരാൾക്ക് ഒന്നിലധികം
തണ്ടപ്പേർ ഉണ്ടാകുമോ ?


ഒരാൾക്കു സംസ്ഥാനത്ത് പല വില്ലേജുകളിലായി ഭൂമി ഉണ്ടെങ്കിൽ ഒന്നിൽ അധികം തണ്ടപ്പേർ നമ്പർ ഉണ്ടാകും. വില്ലേജുകളിലെ ഭൂമിയെ വിവിധ ബ്ലോക്കുകളായും സർവേ നമ്പരുകളായും തിരിച്ചിരിക്കുന്നു. ഓരോ വില്ലേജിലും ബ്ലോക്കിലും വ്യത്യസ്ത തണ്ടപ്പേർ നമ്പരുകൾ ഉണ്ടാകാനും സാധ്യത ഉണ്ട്.



എന്താണ് ആധാർ അധിഷ്ഠിത
തണ്ടപ്പേർ?


റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന റെലിസ് പോർട്ടൽ കംപ്യൂട്ടർ സംവിധാനം വഴി സ്വയം രൂപപ്പെടുത്തുന്ന 12 അക്ക നമ്പരാണ് ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ. പോർട്ടലിലെ പുതിയ മെനുവിൽ ഭൂമി വിവരങ്ങളും ആധാർ നമ്പരും മൊബൈൽ നമ്പരും നൽകി ഇവ ലിങ്ക് ചെയ്യാനുള്ള സംവിധാനം ഉണ്ട്. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി അപ്‌ലോഡ് ചെയ്താൽ റജിസ്‌ട്രേഷൻ പൂർത്തിയാകും. ഇതിനു കഴിയാത്തവർക്കു വില്ലേജ് ഓഫിസുകളിൽ ബയോമെട്രിക് സങ്കേതത്തിലൂടെ വിരലടയാളം പതിച്ചോ കൃഷ്ണമണി പരിശോധിച്ചോ ലിങ്ക് ചെയ്യാം. ഒരു വ്യക്തി തന്റെ പേരിൽ മാത്രം എവിടെ എല്ലാം ഭൂമി ഇടപാട് നടത്തിയാലും ഈ നമ്പരിലാകും റജിസ്റ്റർ ചെയ്യുക. ഭൂമി വിവരങ്ങളും നികുതി രസീതും ഡിജിലോക്കറിൽ സൂക്ഷിക്കാനുള്ള സംവിധാനവും ഭാവിയിൽ ലഭിക്കും.




Post a Comment

0 Comments