Flash News

6/recent/ticker-posts

മദ്രസകൾ നിർത്തലാക്കണം: മദ്രസ എന്ന വാക്കിനോട് പോലും അമർഷം അറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

Views
ഡല്‍ഹി‍: മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഔപചാരിക വിദ്യാഭ്യാസത്തേക്കാൾ മതപരമായ പ്രബോധനത്തിനാണ് മദ്രസകള്‍ മുന്‍ഗണന നല്‍കുന്നത്. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മദ്രസ എന്ന വാക്ക് ഇല്ലാതാവണം. മദ്രസയില്‍ പോയാൽ ഡോക്ടറും എഞ്ചിനീയറും ആകില്ലെന്ന് നിങ്ങൾ കുട്ടികളോട് പറഞ്ഞു നോക്കൂ. അവര്‍ സ്വയം പോകുന്നത് നിർത്തും. ഖുർആൻ പഠിപ്പിക്കരുതെന്ന് ആരും പറയുന്നില്ല. നിങ്ങള്‍ മക്കളെ ഖുർആൻ പഠിപ്പിച്ചോളൂ, പക്ഷേ അത് വീട്ടിൽ മാത്രമായിരിക്കണം. കുട്ടികളെ നിർബന്ധിച്ച് മദ്രസകളിൽ അയക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാ കുട്ടികളെയും സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവ പഠിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണം. രണ്ടോ മൂന്നോ മണിക്കൂർ മതപരമായ പഠനം നടത്തുക. എന്നാൽ സ്കൂളുകളിൽ വിദ്യാർഥിയെ എഞ്ചിനീയറോ ഡോക്ടറോ ആകാൻ കഴിയുന്ന രീതിയിൽ പഠിപ്പിക്കണം”- എന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

മദ്രസകളിൽ പോകുന്ന വിദ്യാർഥികൾ ഖുര്‍ആന്‍ പഠിക്കുന്നതുകൊണ്ട് കഴിവുള്ളവരാണെന്ന വാദം ഹിമന്ത ബിശ്വ ശര്‍മ നിരസിച്ചു. ഇന്ത്യയിൽ എല്ലാ മുസ്‍ലിംകളും ഹിന്ദുക്കളായിട്ടാണ് ജനിച്ചത്. മുസ്‍ലിം കുട്ടിക്ക് യോഗ്യതയുണ്ടെങ്കിൽ അതിന്‍റെ ക്രെഡിറ്റ് ഹിന്ദു ഭൂതകാലത്തിന് നൽകുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

അസമില്‍ സർക്കാരിന്‍റെ കീഴിലുള്ള മദ്രസകൾ ഒന്നുകിൽ സാധാരണ സ്കൂളുകളാക്കി മാറ്റുമെന്നും അല്ലെങ്കിൽ അവ അടച്ചുപൂട്ടുമെന്നും 2020ൽ അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1955ലെ മദ്രസ വിദ്യാഭ്യാസ പ്രൊവിൻഷ്യലൈസേഷൻ നിയമവും 2018ലെ അസം മദ്രസ വിദ്യാഭ്യാസ നിയമവും റദ്ദാക്കിക്കൊണ്ട് 2021ല്‍ അസം നിയമസഭ നിയമം പാസാക്കുകയും ചെയ്തു.


Post a Comment

0 Comments