Flash News

6/recent/ticker-posts

ചരിത്രത്തിലാദ്യമായി പൂരം വെടിക്കെട്ടിന് തിരി ഏറ്റുവാങ്ങുന്നത് വനിത; തീപ്പൊരി, പെൺതരി

Views

ചരിത്രത്തിലാദ്യമായി പൂരം വെടിക്കെട്ടിന് തിരി ഏറ്റുവാങ്ങുന്നത് വനിത; തീപ്പൊരി, പെൺതരി

 ചരിത്രത്തിലാദ്യമായി തൃശൂർ പൂരം വെടിക്കെട്ടിന് തിരി ഏറ്റുവാങ്ങുന്നത് ഒരു സ്ത്രീയാണ്. അതിജീവനത്തിന്റെയും മനക്കരുത്തിന്റെയും തിരിതെളിച്ച് വെടിക്കെട്ട് പുരയെ ഇത്തവണ വനിത നയിക്കും




തൃശൂർ പൂരത്തിൽ വെടിക്കെട്ടിനു മുന്നോടിയായി ‘പൊരുത്ത്’ കൊളുത്തുന്ന ആചാരമുണ്ട്. തുണിയും ചാക്കുനൂലും ചകിരിയും ചേർത്തുകെട്ടിയ നീണ്ട തിരിയായ പൊരുത്ത് വടക്കുന്നാഥന്റെ നടയ്ക്കു മുന്നിൽ വഴിമരുന്നിട്ടു കൊളുത്തും. വെടിക്കെട്ടിനു തീ കൊളുത്താനുള്ള ഈ തിരി കരാറുകാർക്കു കൈമാറുന്നതാണു ചടങ്ങ്.


തൃശൂർ പൂരത്തിന്റെ ചരിത്രത്തിലെവിടെയും ഒരു സ്ത്രീ ഇതേറ്റുവാങ്ങിയതായി കേട്ടുകേൾവിയില്ല. എന്നാൽ ഇത്തവണ ഷീന സുരേഷ് എന്ന നാൽപ്പത്തിയൊന്നുകാരി തിരി ഏറ്റുവാങ്ങും. ഈ തൃശൂർ പൂരത്തിനു തിരുവമ്പാടിയുടെ വെടിക്കെട്ട് കരാർ ഏറ്റെടുത്തിരിക്കുന്നതു ഷീനയാണ്. വർഷങ്ങൾക്കു മുൻപു പൂരം വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ ആദ്യഭർത്താവിനെ നഷ്ടപ്പെട്ടയാളാണു ഷീന. ജീവിതത്തിൽ ഒരിക്കൽപ്പോലും തൃശൂർ പൂരം കണ്ടിട്ടില്ല. ആ ഷീനയാണു ചുണയോടെ വെടിക്കെട്ട് കരാറെടുത്തു മുന്നിൽ നിൽക്കുന്നത്. രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞെത്തുന്ന തൃശൂർ പൂരത്തിൽ പെൺകരുത്തിന്റെ പുതിയൊരു ചരിത്രനിമിഷം പിറക്കുകയാണ്.


ഇത്തണ ‌തിരി ഏറ്റുവാങ്ങുമ്പോൾ ഷീനയുടെ ഉള്ളിൽ പഴയൊരു പൊള്ളലുണ്ട്. 18 വർഷം മുൻപ്, പൂരപ്പറമ്പിൽ കുഴിയമിട്ടു പൊട്ടിയുണ്ടായ അപകടത്തിൽ മരിച്ച പന്തലങ്ങാട്ട് വീട്ടിൽ സുന്ദരന്റെ ഓർമകൾ. ഷീനയുടെ ആദ്യഭർത്താവ്. സുന്ദരന്റെ മരണസമയത്ത് ഷീന ഇളയ മകനെ പ്രസവിച്ചിട്ട് 28 ദിവസം പോലും തികഞ്ഞിരുന്നില്ല. കൈക്കുഞ്ഞുമായി വിറങ്ങലിച്ചു നിന്ന ഷീനയുടെ കാതുകളിൽ ഭീതിയുടെ ഭീകര ശബ്ദമായിരുന്നു അന്നു വെടിക്കെട്ട്. എന്നാൽ കാലം പിന്നെയും ഒഴുകി. ജീവിത സ്ഫോടനത്തിൽ തകർന്നു പോകാതെ ഷീന പിടിച്ചു നിന്നു. ജീവിതത്തിൽ പകച്ചു പോയ വർഷങ്ങളായിരുന്നു പിന്നെ. കുഞ്ഞുങ്ങളുമാ‌യി ഷീന ഒറ്റയ്ക്കു പൊരുതി.


പത്തു വർഷം മുൻപ് സുന്ദരന്റെ സഹോദരനായ പി.കെ സുരേഷിനെ ഷീന വിവാഹം ചെയ്തു. ഷീനയുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കുമൊപ്പം ഇന്ന് സുരേഷ് കൂടെയുണ്ട്. ലൈസൻസ് എടുത്തതും വെടിക്കെട്ട് നടത്തുന്നതുമെല്ലാം ആ പിന്തുണയുടെ കൂടെ ബലത്തിലാണെന്നു ഷീന പറയുന്നു. സോന, ശ്യാംസുന്ദർ എന്നിവരാണ് ഷീനയുടെ മക്കൾ.


കൂലിപ്പണിക്കാരായ മുള്ളൂർക്കര ശ്രീധരന്റെയും സുഭദ്രയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തയാളാണു ഷീന. വടക്കാഞ്ചേരി കുണ്ടന്നൂരിലെ പന്തലങ്ങാട്ട് കുടുംബത്തിലേക്കു വിവാഹം ചെയ്തെത്തിയതാണ്. ആ വീട്ടിലെ ആളുകൾ പരമ്പരാഗതമായി പടക്കനിർമാണ രംഗത്താണു ജോലി ചെയ്തിരുന്നത്. പേടിയെല്ലാം പടിക്കു പുറത്തുവച്ച് ഷീനയും അതിലേക്ക് എത്തുകയായിരുന്നു. കണ്ടും കേട്ടും എല്ലാം പഠിച്ചു. ഓലപ്പടക്കമുണ്ടാക്കിയായിരുന്നു തുടക്കം. കുടപ്പൻ ഓല ചീന്തി ഈർക്കിൽ കളഞ്ഞ് ഉണക്കിയെടുക്കുന്നതും പിന്നെ കുമ്പിളു കുത്തി തിരിയും മരുന്നും നിറച്ചു പടക്കമുണ്ടാക്കുന്നതുമെല്ലാം പരിശീലിച്ചു. ഗുണ്ടിനു ചുറ്റും പനഞ്ചിപ്പശ തേച്ച് കടലാസ് ഒട്ടിക്കാൻ പഠിച്ചു. കുഴിമിന്നലും കുട അമിട്ടും എല്ലാം ഉണ്ടാക്കാൻ ക്രമേണ പഠിച്ചു. മരുന്നു നിറയ്ക്കുന്ന പണി പിന്നീടാണു പഠിച്ചത്.


വെടിക്കെട്ടു കത്തിക്കാനുള്ള തിരി ക്ഷേത്രത്തിൽ നിന്ന് ഏറ്റുവാങ്ങുന്നതു മുതൽ എല്ലാറ്റിനും മുൻപന്തിയിൽ ലൈസൻസ് ഉള്ള ആളുണ്ടാകണം. വെടിക്കെട്ടിന്റെ മുഴുവൻ ഉത്തരവാദിത്തവും ലൈസൻസിക്കാകും. വർഷങ്ങളായി പൂരങ്ങൾക്കു വെടിക്കെട്ട് നടത്തി തഴക്കമുള്ളയാളാണു ഭർത്താവ് സുരേഷ്. അദ്ദേഹമടക്കം 10 പേരടങ്ങുന്നതാണു സംഘം. ഷീനയ്ക്കു പുറമേ രണ്ടു സ്ത്രീകളാണു നിർമാണ മേഖലയിലുള്ളത്. ടി.കെ.കമലവും വി.എം.ഉഷയും. പക്ഷേ പൂരപ്പറമ്പിലെ വെടിപ്പുരയിലേക്കെത്തുന്ന ഒരേയൊരു സ്ത്രീ ഷീന മാത്രമാകും.


 *പൂരം കാണാൻ ഞാനും പോവും* 


വെടിക്കെട്ട് ഒരുക്കാനുള്ള പിന്നാമ്പുറ ജോലികൾക്കെല്ലാം മികവോടെ മുൻപിലുണ്ടായിട്ടും പൂരത്തിന്റെ നേർക്കാഴ്ച ഇത്തവണ ഷീനയ്ക്ക് ആദ്യമാകും. പണിക്കാർക്ക് ഭക്ഷണമൊരുക്കിയും പണിപ്പുരയിൽ വെടിമരുന്നു നിറച്ചും ഒതുങ്ങിയവൾ എന്തായാലും ഇത്തവണ നായികയാണ്. വർഷങ്ങളായി കുടുംബത്തിലെ പുരുഷന്മാർ മാത്രം ലൈസൻസികൾ ആയിരുന്നിടത്തു നിന്നാണു പെണ്ണൊരുത്തി എത്തുന്നത്.


ഇന്നാണു സാംപിൾ വെടിക്കെട്ട്. ആകാംക്ഷയോടെ ആകാശത്തേക്കു നോക്കുന്ന കാണികൾക്കു മുന്നിൽ വർണം വിതറാൻ ഇത്തവണ ഒട്ടേറെ സ്പെഷൽ വിഭവങ്ങളുമായാകും ഷീനയും സംഘവും എത്തുക. എന്തൊക്കെയാണ് പുതുമകൾ എന്നെടുത്തു ചോദിച്ചാൽ, ‘കാണാൻ പോണ പൂരം പറഞ്ഞറിയിക്കണോ’ എന്നാണ് മറുചോദ്യം. വെടിക്കെട്ടു നടക്കുന്ന ദിവസം വരെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഈ വിവരങ്ങളൊന്നും പൊതുവേ പുറത്തുവിടാറില്ല. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്.


 *സേഫ് വെടിക്കെട്ട്* 


‘ഗർഭം കലക്കി, നിലം പരത്തി’ പോലുള്ള പല ഭീകരൻ ഇനങ്ങളും പണ്ടു രംഗത്തുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പൂരം അൽപം കൂടി സുരക്ഷിതമാണ്. കൊടിയ സ്ഫോടക വസ്തുക്കളൊന്നും ഇപ്പോൾ ഉപയോഗത്തിലില്ല. കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ച പറ്റിയാൽ പോലും അപകടമുണ്ടാക്കുന്ന വസ്തുക്കളായിരുന്നു അവയൊക്കെ. ഇപ്പോൾ തികച്ചും സുരക്ഷിതമായ വസ്തുക്കൾ മാത്രമാണ് വെടിക്കെട്ട് നിർമാണത്തിനായി ഉപയോഗിക്കുന്നത്. മൂന്നര ഇഞ്ചുള്ള കുഴിമിന്നലും ആറിഞ്ചുള്ള കളർ അമിട്ടുമെല്ലാം തികച്ചും സുരക്ഷിതമാണ്.


മഴയെപ്പറ്റി ഓർക്കുമ്പോൾ മാത്രമാണു ചെറിയൊരു കുലുക്കമുള്ളത്. അപകടത്തെക്കുറിച്ച് ഭയമേയില്ലെന്നും നൂറു ശതമാനം സുരക്ഷിതമായാണു വെടിക്കെട്ടൊരുക്കുന്നതെന്നും ഇവർ പറയുന്നു.


പൂരം വെടിക്കെട്ടിനുള്ള കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയുടെ പ്രത്യേക ലൈസൻസാണു ഷീന നേടിയിരിക്കുന്നത്.



വെടിക്കെട്ട് കരാർ നേടിയതിലെ ഏറ്റവും വലിയ സന്തോഷം ഒന്നു പിടിച്ചുനിൽക്കാനും കൂടെയുള്ള തൊഴിലാളികളെ കൂടെ ചേർത്തു നിർത്താനായതുമാണെന്നു ഷീനയും ഭർത്താവും പറയുന്നു. പൂരത്തിനൊപ്പം തിരിതെളിയുന്നതു ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ഇവരുടെയെല്ലാം പ്രതീക്ഷകൾക്കു കൂടിയാണ്. കോവി‍ഡ് കാരണം ഏറെ നാളായി തൊഴിലും കൂലിയുമില്ലാതെയാണ് ഇവരുടെയെല്ലാം ജീവിതം. കോവിഡിൽ വെടിക്കെട്ടുകാരുടെ അടുക്കളയിലെ തീ അ​ണഞ്ഞു പോയിരുന്നു. പൂരവും പെരുന്നാളും മറ്റ് ആഘോഷങ്ങളൊന്നും ഇല്ലാതെ രണ്ടു കൊല്ലമാണു തള്ളിനീക്കിയത്. ഗുണ്ടിനു വേണ്ടിയുള്ള തൊണ്ടിൽ കടലാസ് ഒട്ടിക്കുന്നതിനൊക്കെ രണ്ടും മൂന്നും രൂപയ്ക്കു പണിയെടുത്തിരുന്ന കുടുംബങ്ങളുണ്ടായിരുന്നു. അവർക്കെല്ലാം കോവിഡ് കാലം മുഴുപ്പട്ടിണിയാണു സമ്മാനിച്ചത്. ചെറുപ്പം മുതൽ ശീലിച്ച തൊഴിൽ ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടിപ്പോയവരുണ്ട്. പരിചയമില്ലാത്ത പണികൾക്കു പോയി കൈ പൊട്ടിയവരുണ്ട്. വെടിമരുന്ന് കുഴയ്ക്കുമ്പോൾ ആ നീറ്റലൊന്നും അവരറിയുന്നില്ല. ജീവനും ജീവിതവും ഈ തൊഴിലാണല്ലോ. ഇവർക്ക് ഇതൊരു തിരിച്ചുവരവിന്റെ കൂടി പൂരമാണ്




Post a Comment

0 Comments