Flash News

6/recent/ticker-posts

ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്‌യാൻക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരി: സാദിഖലി ശിഹാബ് തങ്ങൾ

Views

മലപ്പുറം: വിടവാങ്ങിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്‌യാൻ ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരിയായിരുന്നു എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേർത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമയും സന്തോഷവും മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷോപലക്ഷം ജനങ്ങൾ ശൈഖ് ഖലീഫയുടെ കാരുണ്യം അനുഭവിച്ചിട്ടുണ്ട്. ഒരു ക്ഷേമരാഷ്ട്രത്തിന്റെ എല്ലാ ചേരുവകളോടും കൂടി യു.എ.ഇ ആധുനിക ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്നത് ശൈഖ് ഖലീഫയെ പോലുള്ള ഭരണാധികാരികളുടെ മികവ് കൊണ്ടുകൂടിയാണ്.- സാദിഖലി തങ്ങൾ പറഞ്ഞു. 

സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനും ശൈഖ് ഖലീഫ ബദ്ധശ്രദ്ധനായിരുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും രാജ്യത്തിന്റെ ഉന്നതി അദ്ദേഹം ലക്ഷ്യം വെച്ചു. യു.എ.ഇ എന്ന രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമായ പ്രവാസികളുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് സാദിഖലി തങ്ങൾ അനുസ്മരിച്ചു. മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിക്ക് യു.എ.ഇയിൽനിന്ന് ലഭിച്ച അംഗീകാരങ്ങൾ അവിസ്മരണീയമാണ്. പ്രവാസികളെ ചചേർത്തുനിർത്തുന്ന യു.എ.ഇയുടെ നയമാണ് ഇതിന് സഹായകമായത്. ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്‌യാന്റെ വിയോഗം മലയാളികൾക്കും വേദന ഉളവാക്കുന്നതാണ്.- അദ്ദേഹം പറഞ്ഞു. ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഒരു ദിവസത്തെ പരിപാടികൾ മാറ്റിവെച്ചതായും സാദിഖലി തങ്ങൾ അറിയിച്ചു.


Post a Comment

0 Comments