Flash News

6/recent/ticker-posts

റയലോ ലിവര്‍പൂളോ? യൂറോപ്പിന്‍റെ രാജാക്കന്‍മാരെ ഇന്നറിയാം; ഫുട്ബോള്‍ യുദ്ധം പാരീസിൽ

Views
പാരീസ്: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ ചാമ്പ്യൻമാരെ ഇന്നറിയാം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് രാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂളിനെ നേരിടും. പോരാട്ടങ്ങളുടെ പോരാട്ടത്തിന് പാരീസ് ഒരുങ്ങിക്കഴിഞ്ഞു. പതിമൂന്ന് കിരീടങ്ങളുടെ ഗരിമയുമായി റയൽ മാഡ്രിഡ് എത്തുമ്പോള്‍ ആറ് കിരീടങ്ങളുടെ തിളക്കവുമായാണ് ലിവർപൂൾ മൈതാനത്തിറങ്ങുക. 

യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് കളിസംഘങ്ങൾ നേർക്കുനേർ പോരിനിറങ്ങുമ്പോൾ പ്രവചനം അസാധ്യം. സ്‌പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയേയും ക്വാർട്ടറിൽ ചെൽസിയേയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും അവിശ്വസനീയമായി തോൽപിച്ചാണ് കലാശപ്പോരിനിറങ്ങുന്നത്. അതേസമയം ഒറ്റപോയിന്‍റിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും ലിവർപൂളും അതുല്യഫോമിൽ. ഇന്‍ർമിലാനെയും ബെൻഫിക്കയെയും വിയ്യാറയലിനെയും മറികടന്നാണ് ചെമ്പട ഫൈനലിനിറങ്ങുന്നത്.

ഇരുനിരയിലും താരങ്ങളെല്ലാം പരിക്കിൽനിന്ന് മുക്തരായിക്കഴിഞ്ഞു. റയൽ ഉറ്റുനോക്കുന്നത് കരീം ബെൻസേമയുടെ ബൂട്ടുകളിലേക്കുതന്നെ. ഒപ്പം വിനീഷ്യസ് ജൂനിയറും ഫെഡേ വെൽവെർദേയുമുണ്ടാവും. പകരക്കാരനായി ഇറങ്ങുന്ന റോഡ്രിഗോയും അപകടകാരി. മുഹമ്മദ് സലാ, സാദിയോ മാനേ, ലൂയിസ് ഡിയാസ് എന്നിവരിലാണ് ലിവർപൂളിന്‍റെ പ്രതീക്ഷ. മധ്യനിരയില്‍ കാസിമിറോ, ക്രൂസ്, മോഡ്രിച്ച് റയൽ ത്രയത്തിന് തിയാഗോ, ഫാബീഞ്ഞോ, ഹെൻഡേഴ്സൺ എന്നിവരാണ് ചെമ്പടയുടെ ബദൽ. റയലിന്‍റെയും ലിവർപൂളിന്‍റേയും പ്രതിരോധവും സുശക്തം. അവസാന സെക്കൻഡുവരെ പ്രതീക്ഷ കൈവിടാത്ത ആ‍ഞ്ചലോട്ടിയുടെയും ക്ലോപ്പിന്‍റേയും തന്ത്രങ്ങൾ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് സ്വപ്നപോരാട്ടമാണ്.


Post a Comment

0 Comments