Flash News

6/recent/ticker-posts

താജ്മഹലിനും ബാബ്‌രി മസ്ജിദിന്റെ ഗതിയാകുമോ...? പഴയ 'തേജോ മഹാലയ ശിവ ക്ഷേത്ര'മാണ് താജ് മഹലെന്ന്... അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില

Views


താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വഴിവച്ച് അലഹബാദ് ഹൈക്കോടതില്‍ ഹര്‍ജി. തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണ് താജ്മഹല്‍ ആയതെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്. താജ്മഹലില്‍ അടച്ചിട്ടിരിക്കുന്ന 22 ഓളം മുറികളുടെ വാതിലുകള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ലഖ്നൗ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ബി.ജെ.പി അയോധ്യ യൂണിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്നു ഡോ. രജനീഷ് സിങാണ് ഹരജി സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളില്‍ ഒളിപ്പിച്ചുവച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത് ചരിത്ര സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ വസ്തുതാന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ അടച്ചിട്ടിരിക്കുന്നിടങ്ങളില്‍ ഉണ്ടെന്നാണ് വാദം.

അഭിഭാഷകനായ രുദ്ര വിക്രം സിംഗ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, താജ്മഹല്‍ തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണെന്ന് പല ഹിന്ദു ഗ്രൂപ്പുകളും അവകാശപ്പെടുന്നുണ്ടെന്നും ഇത് നിരവധി ചരിത്രകാരന്മാരും പിന്തുണയ്ക്കുന്നുവെന്നും വാദിച്ചു. ഈ അവകാശവാദങ്ങള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചുവെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

‘ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ പേരിലാണ് താജ്മഹലിന് പേര് നല്‍കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാജ് മഹല്‍ എന്നല്ല മുംതാസ്-ഉല്‍-സമാനി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ശവകുടീരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 22 വര്‍ഷമെടുക്കുന്നു എന്നത് യാഥാര്‍ത്ഥ്യത്തിന് അതീതവും തികച്ചും അസംബന്ധവുമാണ്,” ഹര്‍ജിയില്‍ പറയുന്നു.

എ.ഡി 1212ല്‍ ക്ഷേത്രം രാജാ പരമര്‍ദി ദേവ് നിര്‍മ്മിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. ക്ഷേത്രം പിന്നീട് ജയ്പൂര്‍ മഹാരാജാവായിരുന്ന രാജ മാന്‍ സിങ്ങിന് അവകാശമായി ലഭിച്ചു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ല്‍ ഷാജഹാന്‍ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായാണ് ഹരജിയില്‍ പറയുന്നത്.

താജ്മഹലിന്റെ നാല് നില കെട്ടിടത്തിന്റെ മുകളിലും താഴെയുമായി 22 മുറികള്‍ പൂട്ടിയിരിക്കുകയാണെന്നും പിഎന്‍ ഓക്കിനെപ്പോലുള്ള ചരിത്രകാരന്മാരും നിരവധി ഹിന്ദു ആരാധകരും ആ മുറികളില്‍ ശിവക്ഷേത്രമുണ്ടെന്ന് വിശ്വസിക്കുന്നതായും സിങ് പറഞ്ഞു.

താജ്മഹല്‍ പുരാതന സ്മാരകമായതിനാലും സ്മാരകത്തിന്റെ സംരക്ഷണത്തിനായി കോടിക്കണക്കിന് പണം മുടക്കുന്നതിനാലും, ശരിയായതും സമ്പൂര്‍ണ്ണവുമായ ചരിത്ര വസ്തുതകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments